ന്യൂയോര്‍ക്ക്: അമേരിക്കയുടെ വിസാ നിരോധനത്തില്‍ കുടുങ്ങി പാക്കിസ്ഥാന്റെ സെനറ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍. പാക്കിസ്ഥാന്റെ ഡെപ്യൂട്ടി ചെയര്‍മാനും ജാമിയത്ത് ഉലെമാ ഇസ്ലാമിന്റെ ജെനറല്‍ സെക്രട്ടറിയുമായ മൗലാന അബ്ദുള്‍ ഗഫൂര്‍ ഹൈദരിയുടെ യുഎന്‍ സന്ദര്‍ശനത്തിനുള്ള വിസയാണ് അമേരിക്ക തടഞ്ഞ് വച്ചത്. ഇദ്ദേഹത്തിനു പുറമെ മറ്റൊരു സെനറ്റ് അംഗത്തിന്റെയും വിസാ തടഞ്ഞിട്ടുണ്ട്.
ഫെബ്രുവരി 13,14 തിയതികളില്‍ യുഎന്‍ ആസ്ഥാനത്ത് നടക്കുന്ന മീറ്റിംഗില്‍ പങ്കെടുക്കാനാണ് ഇരുവരും വിസയ്‌ക്ക് അപേക്ഷിച്ചത്. എന്നാല്‍ ഇവര്‍ക്ക് വിസ അനുവദിച്ചില്ല. ഡോണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിനു ശേഷം ഏഴ് ഇസ്ലാമിക രാഷ്‌ട്രത്തില്‍ നിന്നുമുള്ളവര്‍ക്ക് വിസ നല്‍കുന്നത് നിരോധിച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാനെ ഇതില്‍ ഉള്‍പ്പെടുത്തിയിയിരുന്നില്ല. ഇപ്പോള്‍ ഇരുവര്‍ക്കും വിസാ നിരോധിച്ചത് ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധങ്ങളില്‍ വിള്ളല്‍ വീഴുമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.
















