ബഗോട്ട: കൊളംബിയൻ തലസ്ഥാനമായ ബഗോട്ടയിലെ ഷോപ്പിംഗ് മാളിൽ ഉഗ്രസ്ഫോടനം. സ്ഫോടനത്തിൽ ഫ്രഞ്ച് യുവതി ഉൾപ്പെടെ മൂന്നു സ്ത്രീകൾ മരിച്ചതായി റിപ്പോർട്ട്. 11 പേർക്ക് പരിക്കേറ്റു. ഭീകരാക്രമണമാണ് നടന്നതെന്ന് അധികൃതർ പറഞ്ഞു.
പ്രദേശിക സമയം ഞായറാഴ്ച ഉച്ചകഴിഞ്ഞുള്ള തിരക്കേറിയ നേരത്താണ് സെൻട്രോ അൻഡിനോ മാളിൽ സ്ഫോടനം ഉണ്ടായത്. ഷോപ്പിംഗ് സെന്ററിലുള്ള സ്ത്രീകളുടെ ശുചിമുറിയിൽ ഒളിപ്പിച്ച് വച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് സംശയിക്കുന്നു. ഫാദേഴ്സ് ഡേയോട് അനുബന്ധിച്ച് നിരവധി ആളുകൾ സാധനങ്ങൾ വാങ്ങാൻ ഷോപ്പിംഗ് സെന്ററിൽ എത്തിയിരുന്നു.
കൊല്ലപ്പെട്ട ഫ്രഞ്ച് യുവതി നഗരത്തിലെ സ്കൂളിലെ ജീവനക്കാരിയാണെന്ന് ബഗോട്ട മേയർ എൻറിക് പെനലോസ പറഞ്ഞു. കൊല്ലപ്പെട്ട മറ്റു രണ്ടു പേരെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
















