ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനില്‍ ഐഎസ് എന്ന ഭീകരസംഘടന കെട്ടിപ്പടുക്കാന്‍ മലയാളികളുടെ കഠിന ശ്രമം. കാസര്‍കോട് അടക്കം കേരളത്തിലെ പലസ്ഥലങ്ങളില്‍ നിന്ന് ഐഎസില്‍ ചേരാന്‍ പോയവരാണ് ഇതിനു പിന്നിലെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. ഇവര്‍ അഫ്ഗാനിലെ നഗര്‍ഹര്‍ പ്രവിശ്യയിലാണ് താവളമുറപ്പിച്ചിട്ടുള്ളത്.
ഇജാസ് കെട്ടിയപുരയില്‍, ഭാര്യ റഹീല, മകന്‍, ഷിയാസ് കെട്ടിയപുരയില്‍, ഭാര്യ അജ്മല തുടങ്ങിയവരും മറ്റ് 18 പേരും കഴിഞ്ഞ വര്‍ഷമാണ് അഫ്ഗാനിലേക്ക് പോയത്. റഹീല പോകുന്ന സമയത്ത് മൂന്നു മാസം ഗര്‍ഭിണിയായിരുന്നു. പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അബ്ദുള്‍ റഷീദായിരുന്നു ഇവരെ കൊണ്ടുപോയത്. റഷീദും ഇവര്‍ക്കൊപ്പമുണ്ട്. എട്ടുമാസമായി ഇവര്‍ കേരളം വിട്ടിട്ട്.
ശരിയായ വാര്‍ത്താ വിനിമയ സംവിധാനം പോലുമില്ലാത്ത സ്ഥലങ്ങളിലാണ് ഇവര്‍ താമസിക്കുന്നത്. ഇവര്‍ മതം പഠിപ്പിക്കാന്‍ തുടങ്ങിയെന്നും കടകള്‍ അടക്കം ആരംഭിച്ചെന്നും സംഘത്തിലെ പലരും വിവാഹിതരായെന്നും ഒരു പ്രമുഖ ഇംഗ്‌ളീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. അവര്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ച സന്ദേശങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ പരിശോധിച്ചാണ് ഇക്കാര്യം കണ്ടെത്തിയത്. ഇവര്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പോകുന്നില്ല. പക്ഷെ കേരളമടക്കം ഭാരതത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് വരുന്ന ജിഹാദികള്‍ക്ക് പരിശീലനവും മറ്റും നല്‍കാനുള്ള സംവിധാനങ്ങളാണ് ഇവര്‍ കെട്ടിപ്പൊക്കിവരുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ഇവരുടേത് ജിഹാദിന്റെ നഴ്‌സറിയാണ്. ഇജാസ് ഡോക്ടറാണ്, സഹോദരന്‍ എന്‍ജിനിയര്‍.
മൂന്നു വര്‍ഷം മുന്‍പാണ് പ്രവാചകനെപ്പോലെ ജീവിക്കണമെന്നു പറഞ്ഞ് ഇവര്‍ നാട്ടില്‍ ബാപ്പ അബ്ദുള്‍ റഹ്മാനുമായി തര്‍ക്കം തുടങ്ങിയത്.
നഗര്‍ഹറില്‍ അവരുടെ ജീവിതം കടുപ്പമേറിയതാണ്. ഗിരിനിരകളുള്ള ഉള്‍നാടന്‍ മേഖലയിലാണ് താമസം. യാതൊരു സൗകര്യവുമില്ലാത്ത സ്ഥലത്താണ് താമസം. പക്ഷെ ഇത് സ്വര്‍ഗമാണ്, മടങ്ങിവരില്ലെന്നാണ് അവര്‍ പറയുന്നത്. ഉമ്മ അഫ്‌സത്ത് റഹ്മാന്‍ പറയുന്നു. ഒന്നര മാസം മുന്‍പ് ഇജാസ് വിളിച്ചു. രണ്ടാണ്‍കുട്ടികളുണ്ടായതായി പറഞ്ഞു. ആഭ്യന്തരയുദ്ധം തകര്‍ത്ത അവിടെ ഒരു ക്‌ളിനിക്ക് നടത്തുകയാണ് ഇജാസ്. ഷിയാസ് ടീച്ചറാണ്.
മതംമാറി ഇസയായ ബെക്‌സിന്‍ വിന്‍സെന്‍ിന് ഒരു കുഞ്ഞുണ്ടായി. അവിടുത്തേതാണ് യഥാര്‍ഥ ഇസ്‌ളാമിക ജീവിതമെന്നാണ് മടങ്ങിവരാന്‍ പറയുമ്പോള്‍ അവര്‍ പറയുന്നത്. തങ്ങള്‍ യഥാര്‍ഥ മുസ്‌ളീങ്ങളായി ജീവിക്കുകയാണെന്നാണ് അവര്‍ കരുതുന്നത്. അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു. കാസര്‍കോട്ടു നിന്ന് കാണാതായ മറ്റുള്ളവരും അവിടെത്തന്നെയുണ്ട്. ദിവസങ്ങള്‍ക്കു മുന്‍പ് ഞങ്ങളുടെ കുടുംബാംഗത്തിന് അപകടമുണ്ടായി. വിവരം ഞാന്‍ അറിയും മുന്‍പ് ഇജാസ് അറിഞ്ഞു. റഹ്മാന്‍ പറഞ്ഞു.
കേരളത്തില്‍ ഐഎസ് അനുഭാവികളായവരുടെ രഹസ്യ ശൃംഖലയുണ്ട്. കാസര്‍കോട്ടു നിന്ന് കാണാതായവരെക്കുറിച്ച് അന്വേഷിക്കുന്ന ഐബി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇനി അവര്‍ കേരളത്തില്‍ നിന്ന് ജിഹാദിന് ആളെ റിക്രൂട്ട് ചെയ്യുകയായിരിക്കും അടുത്ത പണി. ഇനിയായിരിക്കും ശരിയായ ഭീകരപരിശീലനം നല്‍കുക. ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആറുമാസമായി അല്‍ഖ്വയ്ദ തമിഴിലും മലയാളത്തിലും ധാരാളം ലഘുലേഖകള്‍ പുറത്തിറക്കുന്നുണ്ട്. അബ്ദുള്ള അസം, ഒസാമ ബിന്‍ ലാദന്‍, എയ്‌മാന്‍ അല്‍ സവാഹിരി തുടങ്ങിയവരുടെ പ്രസംഗങ്ങളും മറ്റുമാണ് ഇവ.
അഫ്ഗാനില്‍ എത്തിയവരുടെ വാക്കുകളില്‍ വര്‍ഗീയത നിറയുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഭാര്യ ഷംസിയ, മകള്‍ ആയിഷ എന്നിവര്‍ക്കൊപ്പം നഗര്‍ഹറില്‍ എത്തിയ അഷ്ഫാഖ് മജീദ് അടുത്തിടെ നാട്ടിലുള്ള സഹോദരി ഷാജിറ മജീദിനെ വിളിച്ചിരുന്നു. അത് മുസ്‌ളീങ്ങളുടെ നാടാണെന്നാണ് അഷ്ഫാഖ് പറഞ്ഞത്. അവിടെ ഒരു ഹിന്ദുവിനെയും കാണേണ്ടിവരുന്നില്ലെന്നും പറഞ്ഞു. ഞങ്ങള്‍ എല്ലാവരും അവിടേക്ക് ചെല്ലാനാണ് അവന്റെ ആവശ്യം. മടങ്ങിവരില്ലെന്നും വ്യക്തമാക്കി.
അഷ്ഫാഖ് എങ്ങനെ ഇങ്ങനായി എന്ന് അറിയില്ല. ഷാജിറ അത്ദുതപ്പെടുന്നു. സക്കീര്‍ നായിക്കിന്റെ ഇസ്‌ളാമിക് റിസര്‍ച്ച് ഫൗണ്ടേഷനിലെ ആര്‍ഷി ഖുറേഷിയാണ് ഇവരുടെ മനംമാറ്റിയതെന്നാണ് എന്‍ഐഎ ചൂണ്ടിക്കാട്ടുന്നത്. ഇയാളാണ് ഇവരെ കാസര്‍കോട്ടെ ഇസ്‌ളാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമായി ബന്ധുള്ളവരുമായി അടുപ്പിച്ചത്.
മൊഹമ്മദ് മെഹ്മൂദിന്റെ മകന്‍ മൊഹമ്മദ് സലീല്‍ അഫ്ഗാനില്‍ പോയവരിലുണ്ട്. രണ്ട് കോളുകളാണ് ബാപ്പക്ക് ലഭിച്ചത്. ഖുറാന്‍ പ്രകാരമാണ് അവിടെ ജീവിക്കുന്നതെന്നാണ് സലീല്‍ പറഞ്ഞത്. ഫോണെടുത്താല്‍ പിന്നെ മതപ്രസംഗമാണ്, മെഹ്മൂദ് പറയുന്നു. ഒരിക്കല്‍ വിളിച്ചപ്പോള്‍, ഞാന്‍ കരഞ്ഞു. അപ്പോള്‍ അവന്‍ പറഞ്ഞു നമുക്ക് സ്വര്‍ഗത്തില്‍ കാണാമെന്ന്.. ഹഫീസുദ്ദീന്‍ എന്നയാളുടെ ഉമ്മ ഖദീജ തേങ്ങലോടെ പറഞ്ഞു.
















