കൊച്ചു സാഹസികതയുടെ വീരസ്യം നിറഞ്ഞ രസച്ചരടുള്ള മാര്‍ക് ട്വയിനിന്റെ ആഗോള നോവല്‍ അഡ്വെഞ്ചേഴ്സ് ഓഫ് ഹക്കിള്‍ബറി ഫിന് ആദ്യ പ്രകാശനം ഇന്നായിരുന്നു,1885 ഫെബ്രുവരി18.അതിശയത്തോടെയാണ് അമേരിക്കന്‍ വായന ഈ നോവലിനെ വരവേറ്റത്.
നോവലിലെ കഥയും കുട്ടി കഥാപാത്രങ്ങളുടെ ധീര വീര സാഹസികതകളും അതിനു പിന്നിലെ സൂത്രങ്ങളും മറ്റും അമേരിക്കന്‍ ജനത കണ്ടത് തങ്ങളുടേതും കൂടിയായിട്ടാണ്.കുട്ടികളും വലിയവരും ഒരുപോലെ വായിച്ചാസ്വദിക്കുന്നതാണ് ഹക്കിള്‍ബറി ഫിന്.പല രാജ്യങ്ങളിലും അത് പാഠപുസ്തകമാക്കിയിട്ടുണ്ട്.അതി സൂക്ഷ്മമായി എഴുതപ്പെട്ടതാണ് ഇതിലെ കുട്ടികളുടെ ലോകം.നോവല്‍ പിന്നീട് സിനിമയായി.
ബോട്ട് ഡ്രൈവറും പത്രപ്രവര്‍ത്തകനും ലക്ചററുമൊക്ക ആയിരുന്ന മാര്‍ക് ട്വയ്ന്‍ നോവലിസ്റ്റായാണ് ലോക പ്രശസ്തി നേടിയത്. അഡ്വെഞ്ചേഴ്സ് ഓഫ് ടോംസ്വോയര്,അഡ്വെഞ്ചേഴ്സ് ഓഫ് ഹക്കിള്‍ബറി ഫിന് എന്നീ ക്ളാസിക്കുകള്‍ മാര്‍ക്കിനെ വാനോളമുയര്‍ത്തി.സത്യത്തെ മുനകൂര്പ്പിച്ചെഴുതി് അമേരിക്കക്കാരുടെ ഹൃദയത്തിലിരുന്ന് മാര്‍ക് അവരുടെ ദേശ നിധിയായി.പുതിയ അമേരിക്കന്‍ സാഹിത്യം വന്നത് മാര്‍ക് ട്വയ്ന്റെ ഹക്കിള്‍ബറി ഫിന്നില്‍ നിന്നാണെന്ന് ഏണസ്റ്റ് ഹെമിംഗ്വേ എഴുതി.ട്വയിനിലൂടെ ആദ്യമായി അമേരിക്കന്‍ സാഹിത്യത്തില്‍ പ്രത്യക്ഷപ്പെട്ട പ്രാദേശിക ഭാഷയാണ് പ്രത്യേകിച്ചും ഹെമിംഗ്വേയെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്.നാടോടി ഭാഷയുടെ പ്രയോഗം മഹത്തായ സാഹിത്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാമുവല്‍ എല്‍.ക്ളമന്സാണ് മാര്‍ക് ട്വയ്ന്‍ എന്ന തൂലികാ നാമത്തില്‍ എഴുതിയത്.അമേരിക്കയിലെ ഫ്ളോറിഡയില്‍ 1835 നവംബര്‍ 30ന് ജനിച്ചു.കുട്ടിക്കാലത്തു തന്നെ കടുത്ത ദുരിതങ്ങള്‍ നീന്തിക്കേറേണ്ടി വന്നു.മാര്‍ക്കിന് നാലു വയസുള്ളപ്പോള്‍ കുടുംബം ഹനിബാള്‍ പട്ടണത്തിലേക്കു പോന്നു.17വയസുവരെ മിസിസിപ്പി നദിക്കരികെയുള്ള ആ പട്ടണത്തില്‍ താമസിച്ചു.മിസിസിപ്പി ട്വയിനിന്റെ മനസിലും അതു വഴി ഹക്കിള്‍ബറി ഫിന്നിലും ഒഴുകി.അവിടത്തെ പട്ടിണിയും ക്രൂരതയും ഇരുള്‍ച്ചയും ഏകാന്തതയുമൊക്കെ തീവ്രാനുഭവത്തിന്റെ കനല്ച്ചൂടുണ്ടാക്കി ട്വയ്നില്.
അച്ഛന് മരിച്ചതോടെ 12-ാം വയസില്‍ ജോലിക്കുപോയി.തുടര്‍ന്ന് ഒരു പത്രത്തില്‍ ഇടക്കാല എഴുത്തുകാരനും എഡിറ്ററുമായി.പിന്നീടങ്ങാട്ട് വളര്‍ച്ചയുടെ കുതിപ്പായിരുന്നു.74-ാം വയസില്‍ ന്യായോര്‍ക്കില്‍ വെച്ചു മരിച്ചു. ചരിത്രത്തെക്കാള്‍ പഴക്കം പഴമയെക്കാള് പ്രാചീനം എന്നൊക്കെയാണ് മാര്‍ക് ട്വയ്ന്‍ നമ്മുടെ വാരാണസിയെക്കുറിച്ചു പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: