കോഴക്കേസില്‍ അറസ്റ്റിലായ ജേ വൈ ലീയെ സിയോള്‍ ഡിറ്റന്‍ഷന്‍ സെന്ററിലെ സെല്ലിലാണ് അടച്ചത്. വെറും 6.56 ചതുരശ്ര മീറ്റര്‍ (71 ചതുരശ്ര അടി) വലിപ്പമുള്ളതാണ് സെല്‍. മൂലയ്‌ക്ക് ഷീറ്റിട്ട് മറച്ച് കക്കൂസും കുളിമുറിയും. ഇവിടെ ഷവറില്ല. കിടക്കാന്‍ തറയില്‍ കയറ്റുപായ് മാത്രം. ഒറ്റസെല്ലാണിത്.
മറ്റാരുമായും സംസാരിക്കാന്‍ അനുവാദമില്ല. സമ്മതിച്ചാല്‍ തെളിവു നശിപ്പിക്കുമെന്ന ഭയവും അധികൃതര്‍ക്കുണ്ട്. ഒന്നേകാല്‍ ഡോളറിന്റെ ഭക്ഷണം പ്ലാസ്റ്റിക് തളികയില്‍ വിളമ്പും. പാത്രം കഴുകിവയ്‌ക്കണം. രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു വരെ ടിവി കാണാം. പക്ഷെ, ഒരു ചാനലേ കാണാന്‍ കഴിയൂ. വിവാഹമോചനം നേടിയ, രണ്ടു കുട്ടികളുടെ പിതാവു കൂടിയായ ലീക്ക് 41,571 കോടിയുടെ സ്വത്തുണ്ട്.
തത്ക്കാലം കുഴപ്പമില്ല
സിയോള്‍: മേധാവിയുടെ അറസ്റ്റ് കമ്പനിയുടെ പ്രവര്‍ത്തനത്തെ തത്ക്കാലം ബാധിച്ചില്ല. ഇന്നലെയും എല്ലാം പതിവു പോലെ നടന്നു. 2014ല്‍ പിതാവിന് ഹൃദ്രോഗം ബാധിച്ചതോടെയാണ് ചുമതല ലീക്ക് ലഭിച്ചത്. അധികാരക്കൈമാറ്റവുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ നടക്കുന്നതിനിടെയുണ്ടായ അറസ്റ്റ് കമ്പനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കും.
രണ്ടര ലക്ഷം ജീവനക്കാരാണ് കൊറിയന്‍ കമ്പനിയിലുള്ളത്. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഗാലക്‌സി 7 ഫോണുകള്‍ ചൂടായി തീപിടിക്കുന്നു എന്ന പരാതി വ്യാപകമായിരുന്നു. ഈ പ്രശ്‌നം പരിഹരിച്ച് ഗാലക്‌സി 8 പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മേധാവി ജയിലിലായത്.
പ്രസിഡന്റ് പാര്‍ക്ക്, അവരുടെ സുഹൃത്ത് ചോയ് സൂണ്‍ സില്‍ എന്നിവര്‍ക്കെതിരായ കേസിന്റെ ബലം കൂട്ടുന്നതാണ് ലീയുടെ അറസ്റ്റ്. അധികാര ദുര്‍വിനിയോഗം, തട്ടിപ്പിന് ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഇവരെ അറസ്റ്റു ചെയ്തത്.
















