കാസര്‍കോട്: സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം സ്വകാര്യാശുപത്രിയില്‍ നടത്തിയ ചികിത്സയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ ഭര്‍ത്താവിന് നഷ്ടപരിഹാരം നല്കാന് സര്‍ക്കാറിനോട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ടു. കണ്ണുകള്‍ക്ക് കാഴ്ചയില്ലാത്ത ദളിതനായ ചെറുവത്തൂര്‍ മലയന്കടവ് സ്വദേശി എം.അജയകുമാറിന് നഷ്ടപരിഹാരം നല്‍കണമെന്നാണ് കമ്മീഷന് അംഗം കെ.മോഹന്‍കുമാറിന്റെ ഉത്തരവിട്ടത്. അജയകുമാറിന്റെ ഭാര്യയാണ് പ്രസവത്തെ തുടര്‍ന്ന് മരിച്ചത്.
സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സിക്കാന്‍ പോയതിനെകുറിച്ച് അനേ്വഷിക്കാത്ത കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നടപടി നീതിയല്ലെന്ന് കമ്മീഷന് ഉത്തരവില്‍ പറഞ്ഞു. സ്വകാര്യാശുപത്രിയില്‍ യൂറോ സര്ജന് പ്രസവമെടുത്തുവെന്ന ആരോപണവും അനേ്വഷിച്ചിട്ടില്ല. ഡി.എം.ഒയുടെ നടപടി നിയമാനുസരണമാണോയെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ വിലയിരുത്തി ഉചിത നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ ജോസഫ് വര്‍ക്കിയുടെ ചികിത്സയിലായിരുന്നു അജയകുമാറിന്റെ ഭാര്യ ഗീത (28). പ്രസവം അടുത്തപ്പോള്‍ ഡോക്ടര്‍ തന്റെ ഭാര്യാപിതാവായ ഡോ.ശശിധരന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്മി മേഘന് സ്വകാര്യാശുപത്രിയില്‍ ഗീതയെ പ്രവേശിപ്പിച്ചു.
2015 ഒക്ടോബര്‍ 20 നാണ് സിസേറിയന് നടന്നത്. ഗീതയുടെ വയര്‍ വീര്‍ത്തതിനെ തുടര്‍ന്ന് ഒക്ടോബര്‍ 24 ന് പ്രസവം നടന്ന സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി. രോഗം ഭേദമാകാത്തതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചപ്പോള്‍ മംഗലാപുരത്തേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചു. മംഗലാപുരത്തെ ഫാദര്‍ മുള്ളേര്‍സ് ആശുപത്രിയിലെത്തിച്ച് പത്തുമിനിറ്റിനുള്ളില്‍ ഗീത മരിച്ചു. ഗീതയുടെ ആറ് മാസം പ്രായമുളള കുഞ്ഞ് അജയകുമാറിന്റെ സംരക്ഷണയിലാണ്. അജയകുമാറിന് ജോലിയില്ല. ഭാര്യയ്ക്കൊപ്പം ഭാഗ്യക്കുറി വിറ്റാണ് കഴിഞ്ഞിരുന്നത്. യൂറോ സര്‍ജനാണ് പ്രസവമെടുത്തതെന്നും ചികിത്സാ പിഴവാണ് മരണകാരണമെന്നും മൊഴിയുള്ളതായി ഹോസ്ദുര്‍ഗ് ഡി.വൈ.എസ്.പി കമ്മീഷന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഗീത എന്ന പേരില്‍ ഒരു രോഗിയെ ചികിത്സിച്ചതായി രേഖയില്ലെന്ന് പറയുന്നു. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ജോസഫ് വര്‍ക്കി 2015 സെപ്റ്റംബര്‍ 25 മുതല്‍ നവംബര്‍ 6 വരെ അവധിയിലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണമാണ് സ്വകാര്യാശുപത്രിയില്‍ ചികിത്സിച്ചതെന്നും സ്വകാര്യാശുപത്രിയിലും സര്‍ക്കാര്‍ ഡോക്ടര്‍ ചികിത്സ നടത്തിയിരുന്നതായും അജയകുമാര്‍ മൊഴി നല്കി. സര്‍ക്കാര്‍ ഡോക്ടറുടെ സ്വകാര്യ ചികിത്സയെ കുറിച്ച് ജില്ലാ പോലീസ് മേധാവി തുടരനേ്വഷണം നടത്തി രണ്ടു മാസത്തിനകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു. അജയകുമാറിന് നഷ്ടപരിഹാരം നല്കാന് ജില്ലാ കളക്ടറും സാമൂഹ്യനീതി വകുപ്പ് ഡയറക്ടറും നടപടിയെടുക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: