തല ചായ്ക്കാനൊരിടം. അല്ലെങ്കില്‍ കൂര. വീടിനെക്കുറിച്ചുള്ള സാധാരണ മനുഷ്യരുടെ സങ്കല്‍പ്പമാണത്. അല്ലെങ്കില്‍ നെഞ്ചിനുള്ളില്‍ നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുന്ന വികാരം. ഭക്ഷണം പോലെയും വസ്ത്രംപോലെയും തന്നെ പ്രധാനം. സ്വന്തമായൊരു കൂരയുണ്ടെങ്കില്‍ ഒന്നുമില്ലെങ്കിലും കേറിക്കിടക്കാമെന്ന് ആളുകള്‍ പറയും. പട്ടിണിയാണെങ്കിലും പരിവട്ടമാണെങ്കിലും ആരും അറിയില്ലെന്നുള്ള സുരക്ഷിതത്വം. അല്ലെങ്കില്‍ അഭിമാന ബോധം. ലോകം മുഴുവനുള്ളവര്‍ക്കും വീടിനെക്കുറിച്ചുള്ള സങ്കല്‍പ്പം ഇങ്ങനെയൊക്ക തന്നെയാകും.
വീടെന്നത് വെറും കെട്ടിടമല്ല. അതൊരു സ്വര്‍ഗമാണ്. ആളുകള്‍ താമസിക്കുമ്പോള്‍ അതൊരു വീടാകുന്നു. വീട്ടകം നൂറുകണക്കുള്ള സങ്കല്‍പ്പങ്ങളുടെ കൂടാരമാണ്. ഉണ്ണാനും ഉറങ്ങാനും വിശ്രമിക്കാനും പഠിക്കാനും പ്രണയിക്കാനും ചിരിക്കാനും കരയാനുമൊക്കയായി ഒരിടമാണ് വീട്. വീടിന്റെ തടവുപോലും ഒരു സ്വാതന്ത്ര്യമാണ്. എന്നാല്‍ വീടുള്ളവരെപ്പോലെ തന്നെ വീടില്ലാത്തവരും അനേകം. വീടുള്ള ചിലര്‍ക്കാകട്ടെ അതു വീടല്ലാത്തപോലെ. ഒരു മുറിയില്‍ എല്ലാമായി വലിയൊരു കുടുംബം താമസിക്കുന്നതും സാധാരണം. ചിലര്‍ ആയകാലം മുഴുവന്‍ വാടകയ്ക്കും പണയത്തിനും. ഇതൊന്നുമില്ലാടെ തെരുവില്‍ കിടക്കുന്നവരും അനവധി. പലവീടുകള്‍ കെട്ടി പണമുണ്ടാക്കുന്നവരും ധാരാളം.
ഒരു വീടുണ്ടാക്കാന്‍ എന്തും നഷ്ടപ്പെടുത്തുന്നവരുണ്ട്. ചിലര്‍ ലോണെടുത്തു വീടുണ്ടാക്കി ലോണടച്ചു തീര്‍ക്കാനായി മാത്രം ജീവിക്കുന്നു. എല്ലാം ചുട്ടുപെറുക്കി വീടുണ്ടാക്കുന്നവരും ഭൂമി മാത്രം കൈവശമുണ്ടായി വീടിനായി കാത്തിരിക്കുന്നവരും പല വീടുകളുണ്ടാക്കി പണം സമ്പാദിക്കുന്നവരും അനവധി.
വീടില്ലായ്മ ലോകത്തിലെ തന്നെ പ്രശ്നമാണ്. ഏതു സര്‍ക്കാരിനേയും അലട്ടുന്നതാണ് ഭവനരഹിതരുടെ വിഷയം. തെരഞ്ഞെടുപ്പില്‍പ്പോലും ഇതു മുഖ്യ അജണ്ടയാകാറുണ്ട്. എന്നാലും പരിഹാരം അകലെത്തന്നെ. വീടില്ലാത്തവരായി കേരളത്തില്‍ മാത്രമുള്ളത് 20 ലക്ഷം കുടുംബങ്ങളാണ്. അസൗകര്യങ്ങളുടേയും ദുരിതത്തിന്റെയും അനഭിലഷണിയതയുടേയും കോളനികള്‍ പെറ്റു പെരുകുന്നത് ഭവന രഹിതരുടെ പ്രതിഷേധത്തിന്റെ മാതൃകയും കൂടിയാണ്.
വീട് എല്ലാവരുടേയും സ്വപ്നമാണ്. സ്വകാര്യത കുടിയേറാനുള്ള ഇടം മാത്രമല്ല വീട്. പുറത്തേക്കിറങ്ങുമ്പോള്‍ കിട്ടുന്ന സ്വാതന്ത്ര്യം അകത്തുനിന്ന് ജാഗ്രതയോടെ സ്വരൂപിച്ചെടുക്കുന്ന അവകാശം കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: