ഇന്‍ഡോര്‍: പാക്കിസ്ഥാന്‍ അയല്‍ രാജ്യങ്ങളിലേയ്‌ക്ക് ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുകയാണെന്ന് അഫ്ഗാനിസ്ഥാന്‍ അസംബ്ലി സ്പീക്കര്‍ അബ്ദുള്‍ റൗഫ് ഇബ്രാഹിമി പറഞ്ഞു.
ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന നയം പാക്കിസ്ഥാന്‍ തിരുത്തിയില്ലെങ്കില്‍ മേഖലയില്‍ മാത്രമല്ല പാക്കിസ്ഥാനും അത് വലിയ ഭീഷണിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലെ സ്പീക്കര്‍മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാന്‍ സ്പീക്കര്‍ സമ്മേളനത്തില്‍ പങ്കെടുത്തില്ല. സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ അഫ്ഗാനിസ്ഥാനെ ക്ഷണിച്ചതിന് ഇന്ത്യന്‍ പാര്‍ലമെന്റിനും ഇന്റര്‍ പാര്‍ലമെന്ററി യൂണിയനും നന്ദി രേഖപ്പെടുത്തി. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുവാനും സുരക്ഷ ഉറപ്പ് വരുത്തുവാനും സാമ്പത്തിക വികസനം ഉറപ്പ് വരുത്തുവാനും അന്താരാഷ്‌ട്ര സമൂഹം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭീകരത വലിയ ഭീഷണിയാണെന്നും ഇക്കാര്യത്തില്‍ അംഗങ്ങള്‍ തമ്മില്‍ ധാരണ ഉണ്ടാകണമെന്നും ശ്രീലങ്ക പാര്‍ലമെന്റ് സ്പീക്കര്‍ കാരു ജയസൂര്യ പറഞ്ഞു. സമ്മേളനത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
















