ഗ്രാമീണ ജീവിതത്തിന്റെ നീറുന്ന നെരിപ്പോടുള്ളഒറ്റയടിപ്പാതകളും നിലാവിന്റെ സൗന്ദര്യമുള്ള പ്രണയവും ആത്മാര്‍ഥതയുടെ അഗ്നിച്ചുരികയുള്ള പ്രതിഷേധവും തന്റെതായ നിലയില്‍ അവതരിപ്പിച്ച് മലയാള നേവലില്‍ ഒറ്റപ്പെട്ട ഒരിടം കണ്ടെത്തിയ എഴുത്തുകാരനാണ് പെരുമ്പടവം ശ്രീധരന്. എം.ടിയുടെ കൃതികളില്‍ കാണുംപോലെ കഥാപാത്രങ്ങള്‍ വായിക്കുന്നവരായിത്തീരും പോലുള്ള ഒരു കൊടുക്കുവാങ്ങലാണ് പെരുമ്പടവത്തിന്റെ രചനകള്‍ വായിക്കുമ്പോഴും അനുഭവപ്പെടുക. അനുഭവങ്ങള്‍ക്കോ വസ്തുതകള്‍ക്കു മേലെയോ തന്റെതായ ഭാവനയുടെ മറ്റൊരു യാഥാര്‍ഥ്യവും കൂടി ചേര്‍ത്തുകൊണ്ട് ആത്മാവിന്റെ സ്വകാര്യ വ്യക്തിത്വം അടയിരിക്കുന്നവയാണ് പെരുമ്പടവത്തിന്റെ കഥാപാത്രങ്ങള്‍.
ഡെസ്റ്റോവ്സ്ക്കിയുടെ ജീവിതത്തിന്റെ ചില ഏടുകളെ അവലംബിച്ച് പെരുമ്പടവം ശ്രീധരന് എഴുതിയ ഒരു സങ്കീര്‍ത്തനംപോലെ എന്ന നോവലിനു മുന്‍പും എഴുത്തുകാരനെന്ന നിലയില്‍ സ്വന്തം കൈ മുദ്ര നേടിയിട്ടുണ്ട് പെരുമ്പടവം. അല്ലെങ്കില്‍ ഒരു സങ്കീര്ത്തനംപോലെയിലൂടെ മാത്രം അറിയപ്പെടേണ്ട ആളല്ല പെരുമ്പടവം. കുങ്കുമം അവാര്‍ഡു നേടിയ അദ്ദേഹത്തിന്റെ ആദ്യ നോവല്‍ അഭയം തന്നെ കൈത്തഴക്കം വന്ന ഒരു എഴുത്തുകാരന്റെ സാന്നിധ്യം അടയാളപ്പെടുത്തുന്നുണ്ട്. തുടര്‍ന്നങ്ങോട്ട് മലയാളം പരിഗണിക്കേണ്ട എഴുത്തുകാരനായി അദ്ദേഹം. ആയില്യം, അഷ്ടപദി, ജലഹോമം, അന്തിവെയിലിലെ പൊന്ന്, പിന്നെയും പൂക്കുന്ന കാട്, സൂര്യദാഹം, കാല്‍വരിയിലേക്കു വീണ്ടും, നാരായണം, ഒറ്റച്ചിലങ്ക, പ്രദക്ഷിണ വഴി, കടല്‍ പോലെ കടല്‍, ഇരുട്ടില്‍ പറക്കുന്ന പക്ഷി, വേനലില്‍ പൂക്കുന്ന മരം, നിന്റെ കൂടാരത്തിനരികെ, വാള്‍മുനയില്‍ വെച്ച മനസ് എന്നിങ്ങനെ നിരവധി നോവലുകള്‍ രചിച്ചിട്ടുണ്ട്.
നോവലിന്റെ പേരിനു പോലുമുണ്ട് എഴുത്തുകാരന്റെ ഉള്ളിലുള്ള കാഴ്ചപ്പാട്. തനതു വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന പെരുമ്പടവത്തിന്റെ കഥാപാത്രങ്ങള്‍ ജീവിതത്തിന്റെ ദുരന്തങ്ങളെല്ലാം ജീവിക്കാനുള്ള തീവ്രതയില്‍ അനുഭവിക്കുമ്പോള്‍ സര്‍ഗാത്മക പ്രതിഷേധത്തില്‍ ജീവിതത്തെ തങ്ങളുടേതായ നിലയില്‍ പ്രതിരോധിക്കുന്നവരുമുണ്ട്. പന്ത്രണ്ടോളം സിനിമകള്‍ക്ക് പെരുമ്പടവം രചന നിര്‍വഹിച്ചിട്ടുണ്ട്. അഭയം, സര്യദാഹം, നിറംമാറുന്ന നിമിഷങ്ങള്‍, പിന്നേയും പൂക്കുന്ന കാട്, എന്റെ ഹൃദയത്തിന്റെ ഉടമ, അഷ്ടപദി എന്നിവ വ്യത്യസ്തത കൊണ്ട് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചവയാണ്. സൂര്യദാഹത്തിന് മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
വില്‍പ്പനയില്‍ വന്‍ കുതിപ്പുണ്ടായതാണ് ഒരു സങ്കീര്‍ത്തനം പോലെ. 12 വര്‍ഷംകൊണ്ട് ഒരു ലക്ഷത്തിലധികം കോപ്പിയാണ് വിറ്റഴിക്കപ്പെട്ടത്. ഇത് മലയാളത്തില്‍ പുതുമയായിരുന്നു. ഇന്നും ഈ നോവലിനു വലിയ വായനക്കാരുണ്ട്. ഡെസ്റ്റോവ്സ്ക്കിയുടെ ജീവിതത്തിലെ ചില നിര്‍ണ്ണായക സാഹചര്യങ്ങളാണ് നോവലിലെ ഇതിവൃത്തം. ഡെസ്റ്റോവ്സ്ക്കിയുടെ ചൂതാട്ടം, അന്നയുമായുള്ള ബന്ധം തുടങ്ങിയവ അതിന്റെ തീവ്രതയിലും സത്യസന്ധതയിലും ഈ നോവലില്‍ അവതരിപ്പിച്ചിട്ടുണ്ട്. 1993 ലാണ് ഒരു സങ്കീര്‍ത്തനംപോലെ ആദ്യമായി പ്രസിദ്ധീകരിച്ചത്. വയലാര്‍ അവാര്‍ഡ് ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ ഈ നോവലിനു കിട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: