കാസര്‍കോട്: ജില്ലയില്‍ മോട്ടോര്‍വാഹന നിയമം ലംഘിക്കുന്നവര്‍ക്ക് ഇനി മുതല്‍ ഏകദിന ക്ലാസ്സ് സംഘടിപ്പിക്കും. റോഡ് സേഫ്റ്റി ആക്ഷന്‍ പ്ലാനുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ കെ.ജീവന് ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. അനധികൃത പാര്‍ക്കിംഗ്, ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ഉപയോഗിക്കാതെയുളള ഡ്രൈവിംഗ്, അമിതവേഗത, മദ്യപിച്ചുളള വാഹനമോടിക്കല്‍ തുടങ്ങിയ ഗതാഗത നിയമലംഘനത്തിനാണ് പോലീസും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് ക്ലാസ് സംഘടിപ്പിക്കുക. മോട്ടോര്‍ വാഹന നിയമങ്ങളെക്കുറിച്ചുള ബോധവല്‍ക്കരണവും വിജ്ഞാനപ്രദമായ വീഡിയോകളുമാണ് ക്ലാസ്സില്‍ ഉണ്ടായിരിക്കുക. നിയമം ലംഘിക്കുന്നവരുടെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യുന്നതടക്കമുളള നടപടികള്‍ ആര്‍ടിഒ സ്വീകരിക്കും. റോഡിന്റെ വശങ്ങളില് പാര്‍ക്കിംഗിന് അനുവദിച്ചിട്ടുളള സ്ഥലം ഒഴികെയുളള മറ്റൊരിടത്തും പാര്‍ക്കിംഗ് അനുവദിക്കില്ല. നോ പാര്‍ക്കിംഗ് ഏരിയകളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്തും. ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ യാത്രക്കാര്‍ പ്രത്യേകിച്ച് കുട്ടികളെ ഇരുത്തി അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. സ്കൂള്‍ ബസ്സുകളുടെ ഓവര്‍ സ്പീഡും ഓവര്‍ ലോഡും തടയാന്‍ ഡ്രൈവര്‍മാരുടെ യോഗ്യതയും ബസ്സുകളിലുണ്ടാകേണ്ട സുരക്ഷാ ക്രമീകരണങ്ങളും പരിശോധിക്കും.
റോഡിലുളള അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും. ഇതിന്റെ ആദ്യപടിയായി നടപ്പാതയിലെ അനധികൃത കയ്യേറ്റങ്ങള്‍ക്ക് നോട്ടീസ് നല്കി ഒരാഴ്ചക്കകം നടപടി സ്വീകരിക്കും. റോഡിന്റെ വശങ്ങളില് കാഴ്ച മറയ്ക്കുന്ന രീതിയിലുളള പരസ്യ ബോര്‍ഡുകളും മരച്ചില്ലകളും നീക്കം ചെയ്യും. സൈന്‍ ബോര്‍ഡുകള്‍ ക്ലീന്‍ ചെയ്ത് ദര്ശനയോഗ്യമാക്കും. അനാവശ്യ സൈന്‍ ബോര്‍ഡുകള്‍ നീക്കം ചെയ്യും. കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങളെ ബ്ലാക്ക് സ്പോട്ടുകളായി പരിഗണിച്ച് അവിടെ ആവശ്യമായ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും.
റോഡ് സേഫ്റ്റി ആക്ഷന്‍ പ്ലാനിന്റെ ഒന്നാംഘട്ടമായി മാര്‍ച്ച് 15 വരെ വാഹന പരിശോധനകള്‍ കര്‍ശനമാക്കും. യോഗത്തില്‍ ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍, ആര്‍ടിഒ കെ ബാലകൃഷ്ണന്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എം വി രാജീവന്, വിദ്യാനഗര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബാബു പെരിങ്ങോത്ത്, ട്രാഫിക് എസ്ഐ ടി ദാമോദരന്‍, പൊതുമരാമത്ത് എക്സിക്യുട്ടീവ് എഞ്ചിനീയര്‍മാരായ പി പ്രകാശന്, പി കെ ആരതി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: