പാലാ: രാമപുരം കെഎസ്ഇബി സെക്ഷനിലെ ഏഴാച്ചേരിയില്‍ വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറിലെ ഫ്യൂസുകള്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി.
ട്രാന്‍സ്‌ഫോര്‍മറിലേക്കുള്ള ഇലക്ട്രിക്ക് വയര്‍ മുറിക്കാന്‍ ശ്രമം നടന്നതിന്റെ സൂചനകളും ലഭിച്ചു. ഇതുസംബന്ധിച്ച് രാമപുരം കെഎസ്ഇബി അസി. എന്‍ജിനീയര്‍ വിവേക് രാമപുരം പോലീസില്‍ പരാതി നല്‍കി. വൈദ്യുതി ലൈനും ട്രാന്‍സ്‌ഫോര്‍മറും നശിപ്പിക്കാനായിരുന്നു സാമൂഹ്യവിരുദ്ധരുടെ ശ്രമമെന്ന് പോലീസ് പറയുന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെ ഏഴാച്ചേരി ജി.വി. യുപി സ്‌കൂളിന് സമീപത്തെ ട്രാന്‍സ്‌ഫോര്‍മറാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. ഏതാനും ബൈക്കുകളിലും ഓട്ടോറിക്ഷകളിലുമായി എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പറയപ്പെടുന്നു.ട്രാന്‍സ്‌ഫോര്‍മറിലെ ഫ്യൂസുകള്‍ ഊരി എറിഞ്ഞതോടെ ഏഴാച്ചേരി ഗ്രാമം ഇരുട്ടിലായി.
നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് അട്ടിമറി സൂചന ലഭിച്ചത്.
രാമപുരം പോലീസില്‍ വിവരമറിയിച്ച ശേഷം കെഎസ്ഇബി ജീവനക്കാര്‍ അര്‍ദ്ധരാത്രിയോടെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു. ആറ് ഫ്യൂസുകള്‍ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തി.
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കെഎസ്ഇബിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു.
















