കുടമാളൂര്‍: കെഎസ്ഇബിയുടെ കൃത്യനിര്‍വ്വഹണത്തിലെ കെടുകാര്യസ്ഥത മൂലം ട്രാന്‍സ്‌ഫോര്‍മര്‍ കാടുകയറിയ നിലയില്‍.
കുടമാളൂര്‍ പാലത്തിന് സമീപമുള്ള ട്രാന്‍സ്‌ഫോര്‍മറാണ് വള്ളിപ്പടര്‍പ്പുകളും കുറ്റിച്ചെടികളും വളര്‍ന്ന് കാടുമൂടിയ നിലയില്‍ കാണപ്പെട്ടത്.
മഴക്കാല പൂര്‍വ്വ സംരക്ഷണവുമായി ബന്ധപ്പെട്ട് ലോടെന്‍ഷന്‍, ഹൈടെന്‍ഷന്‍ ലൈനുകളില്‍ മുട്ടിക്കിടക്കുന്നതും മുട്ടാന്‍ സാദ്ധ്യതയുമുള്ള വൃക്ഷശിഖരങ്ങളും മറ്റും വെട്ടിമാറ്റുന്നതില്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാര്‍ ജാഗരൂകരായിരുന്നു. പലസ്ഥലത്തും സ്വകാര്യ വ്യക്തികളുടെ ഫലവൃക്ഷങ്ങളും വാഴ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ വെട്ടിമാറ്റിയിരുന്നു. എന്നാല്‍ ആര്‍ക്കും ഒന്നും നഷ്ടപ്പെടുവാനില്ലാത്തതും ട്രാന്‍സ്‌ഫോര്‍മറിന്റെ ചുറ്റുംവളര്‍ന്ന് നില്‍ക്കുന്നതുമായ കുറ്റിച്ചെടികളും വള്ളിപ്പടര്‍പ്പുകളും നീക്കം ചെയ്യാന്‍ ഇവര്‍ തയ്യാറായില്ല. മിക്ക സ്ഥലങ്ങളിലും ലൈനുകളിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുന്ന വള്ളിപ്പടര്‍പ്പുകള്‍ വ്യാപകമായി കാണുവാന്‍ കഴിയും. 11കെവി ലൈനുകളിലേക്ക് ഇവ കയറിയാല്‍ അപകടം ഉണ്ടാകുമെന്ന് ഇലക്ട്രിസിറ്റി ബോര്‍ഡിലെ എന്‍ജിനീയര്‍മാര്‍ക്ക് അറിയുകയും ചെയ്യാം. അപകടം സംഭവിച്ച് കഴിഞ്ഞിട്ട് പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയെന്ന പതിവ് ശൈലിക്ക് കാത്തിരിക്കുകയാണ് കെഎസ്ഇബി.
















