ഗുരുവായൂര്‍: ഗുരുവായൂരിലെ തൈക്കാട് ആരംഭിച്ച മദ്യശാല പൂട്ടണമെന്ന ആവശ്യവുമായി 14 ദിവസമായി നടന്നുവരുന്ന ജനകീയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലെ നടത്തിയ ജനകീയ ഹര്‍ത്താല്‍ സംഘര്‍ഷത്തില്‍ കലാശിച്ചു.
സി.പി.എം ഭരിക്കുന്ന ചൊവ്വല്ലൂര്‍പ്പടിയിലെ തൈക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് അടപ്പിക്കാനുള്ള സമരക്കാരുടെ ശ്രമമാണ് സംഘര്‍ഷത്തിലെത്തിയത്. ബാങ്കിനുമുന്നില്‍ കൊടി നാട്ടി കുത്തിയിരിപ്പുസമരം നടത്തിയവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. ഇതിനിടെ കെ.എസ്.യു ജില്ലാസെക്രട്ടറി ഗോകുലിന്റെ കൈമുറിഞ്ഞു. സാരമായ പരിക്കുകളോടെ ഗോകുലിനെ ചാവക്കാട് താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണന്, എ.സി.പി പി.വാഹിദ്, ഗുരുവായൂര്‍ സി.ഐ ഇ.ബാലകൃഷ്ണന്, ടെമ്പിള്‍ സി.ഐ സുനില്‍ദാസ് എന്നിവരുടെ നേതൃത്വത്തില്‍ രാമവര്‍മ്മപുരം പോലീസ് ക്യാമ്പിലെ കെ.എ.പി.കാരുള്‍പ്പടെ 300 ഓളം പോലീസ് സംഭവസ്ഥലത്തെത്തി.
ബാങ്കിനുമുന്നില്‍ സമരം നടത്തിയ ആന്റോ തോമസ്, കെ.പി.വിനോദ്, ബഷീര്‍ പണിക്കവീട്ടില്‍, ബഷീര്‍ പൂക്കോട്, ടി.കെ.വിനോദ് കുമാര്‍, കണ്ണത്ത് രാജേന്ദ്രന് തുടങ്ങി 15 ഓളം പേരെ പോലീസ് അറസ്റ്റുചെയ്തു നീക്കി.
മദ്യഷാപ്പിനെതിരെ ജനകീയ സമരസമിതിയുടെ അനിശ്ചിതകാല സമരത്തിന്റെ 17-ാമത്തെ ദിവസമായ ഇന്നലെ ഗുരുവായൂരില്‍ പ്രാദേശിക ഹര്‍ത്താലാണ് പ്രഖ്യാപിച്ചിരുന്നത്. ഇന്നലെ രാവിലെ തൈക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് പതിവുപോലെ തുറന്നതാണ് പ്രശ്നങ്ങള്‍ക്കു കാരണം. ബാങ്ക് അടക്കണമെന്നാവശ്യപ്പെട്ടിട്ടും സമ്മതിച്ചില്ലത്രേ. ബാങ്കിന്റെ ഷട്ടര്‍ അടക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് ബാങ്കിനുമുന്നില്‍ സമരക്കാര്‍ കുത്തിയിരിപ്പ് നടത്തി പ്രതിഷേധിക്കുകയായിരുന്നു. അപ്പോഴേക്കും സമരസമിതിയുടെ നേതൃത്വത്തില്‍ നൂറുകണക്കിനാളുകള്‍ അണിനിരന്ന് റോഡ് ഉപരോധവും നടത്തി.
കോണ്‍ഗ്രസ് ലീഗ്, ബി.ജെ.പി, സി.എം.പി, ജനതാദള്‍-യു, കേരള കോണ്‍ഗ്രസ്, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.യു.സി.ഐ തുടങ്ങിയ സംഘടനകള്‍ സംയുക്തമായി ചേര്‍ന്ന് തൈക്കാട് ആരംഭിച്ച ബീവറേജ് ഔട്ട്ലറ്റ് അടച്ചുപ്പൂട്ടണമെന്നാവശ്യപ്പെട്ട് ഇന്നലെ നടത്തിയ ഹര്‍ത്താലാണ് സംഘര്‍ഷാവസ്ഥയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: