കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തമിഴ്‌നാട് നടത്തിയ ശ്രമത്തിന് കേരളം തടയിട്ടു. ഉദ്യോഗസ്ഥര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് എന്നപേരില്‍ 300 ചാക്ക് സിമന്റും അതിന് അനുബന്ധമായ നിര്‍മ്മാണ സാമഗ്രികളും അണക്കെട്ടിന്റെ പരിസരത്തേക്ക് കൊണ്ടുപോകാനാണ് തമിഴ്‌നാട് കേരളത്തിന്റെ അനുമതി തേടിയത്.
ക്വാര്‍ട്ടേഴ്‌സുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് ഇത്രയും സാമഗ്രികള്‍ ആവശ്യമില്ലെന്ന് ബോധ്യമായതോടെ ജലവിഭവ വകുപ്പ് അനുമതി നല്‍കാതെ നിര്‍മ്മാണ സാമഗ്രികളുടെ അളവില്‍ കുറവ് വരുത്താന്‍ ആവശ്യപ്പെട്ടു. കേരള വനംവകുപ്പിന്റെ അനുമതികൂടി ഉണ്ടെങ്കില്‍ മാത്രമേ തമിഴ്‌നാടിന് അണക്കെട്ടിലേക്ക് നിര്‍മ്മാണ സാമഗ്രികള്‍ എത്തിക്കാന്‍ കഴിയൂ.
തമിഴ്‌നാടിന്റെ ദുരൂഹ നീക്കത്തെത്തുടര്‍ന്ന് ഉടന്‍ ഉപസമിതി യോഗം വിളിക്കാന്‍ തമിഴ്‌നാട് നീക്കം ആരംഭിച്ചിട്ടുണ്ട്. മുന്‍പ് കേരളം നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഉപസമിതി ചേരുന്നതിനോട് തമിഴ്‌നാട് അനുകൂല മനോഭാവം കാട്ടിയില്ല. ആഴ്ചയില്‍ ഒരു തവണ ഉപസമിതി അംഗങ്ങള്‍ അണക്കെട്ട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നായിരുന്നു ഉന്നതാധികാര സമിതിക്കു മുന്‍പില്‍ ഇരുകൂട്ടരും ധാരണയില്‍ എത്തിയത്. എന്നാല്‍ ജല നിരപ്പ് കുറഞ്ഞതോടെ ഇത് നടപ്പായില്ല.
ജലനിരപ്പ് താഴ്ന്നതിനാല്‍ അണക്കെട്ടിന്റെ ബലക്ഷയം സംഭവിച്ച ഭാഗങ്ങള്‍ കൂടുതല്‍ വ്യക്തമാകും എന്നതിനാലാണ് ഈ സമയത്ത് അടിയന്തര അറ്റകുറ്റപ്പണികള്‍ക്ക് തമിഴ്‌നാട് ശ്രമിക്കുന്നത്. ഇതിനു കേരളം തടസ്സം നില്‍ക്കുന്നുവെന്ന ധാരണയാണ് ഉപസമിതി യോഗം എന്ന ആവശ്യത്തിലേക്ക് തമിഴ്‌നാടിനെ എത്തിച്ചത്.
















