കാഞ്ഞങ്ങാട്: ദേശീയപാതാ വികസനത്തിനായി സ്ഥലവും വീടും നഷ്ടപ്പെടുന്ന ചാലിങ്കാല്‍, മൂലക്കണ്ടം, കൂളിയങ്കാല്‍ പ്രദേശവാസികള്‍ പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്ന സ്പെഷ്യല്‍ തഹസില്‍ദാരെ ഉപരോധിച്ചു. നേരത്തെ പാതാ വികസനത്തിനായി തയാറാക്കിയ അലൈന്മെന്റ് മാറ്റിയെന്നും ചില വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും താല്‍പര്യമനുസരിച്ചാണു ഇപ്പോഴത്തെ അലൈന്മെന്റ് എന്നും ആരോപിച്ചായിരുന്നു സ്പെഷല്‍ തഹസില്‍ദാര്‍ വില്യംസ് ജോര്‍ജിനെ ഉപരോധിച്ചത്.
നിലവില്‍ പെരിയ മുതല്‍ ചാലിങ്കാല്‍ ജംങ്ഷന് വരെ നിലവിലുള്ള റോഡിനു ഇരുവശവും 55 മീറ്റര്‍ വീതിയുണ്ടെന്നിരിക്കെ അതൊഴിവാക്കിയാണു പുതിയ അലൈന്മെന്റ് തയാറാക്കിയതെന്നും ഇതു പ്രകാരം അഞ്ചു വീടുകളും സ്ഥലങ്ങളുമാണു നഷ്ടപ്പെടുന്നതെന്നും സമരക്കാര്‍ കുറ്റപ്പെടുത്തി. പെരിയ കേന്ദ്രസര്‍വകലാശാലയ്ക്കു സമീപത്തെ വളവ് അതേപടി നിലനിര്‍ത്തിക്കൊണ്ടാണു അലൈന്മെന്റ് തയാറാക്കിയതെന്നും മൂലക്കണ്ടത്തു നിന്നു പുല്ലൂര്‍ പാലത്തിനു സമീപം എത്തുന്ന വിധത്തിലുള്ള നേരത്തെയുള്ള അലൈന്മെന്റ് മാറ്റത്തിനും ചിലരുടെ സമ്മര്‍ദമാണെന്നു സമരക്കാര്‍ പറഞ്ഞു.
ഇതു സംബന്ധിച്ചു നിരവധി തവണ അധികൃതര്‍ക്കു പരാതി നല്‍കിയിട്ടും അനുകൂല നടപടിയുണ്ടായില്ലെന്നും ഏറ്റെടുക്കലുമായി സഹകരിച്ചില്ലെങ്കില്‍ വീടുകള്‍ പൊളിച്ചു നീക്കുമെന്നും നഷ്ടപരിഹാരം ലഭിക്കില്ലെന്നുമുള്ള നോട്ടീസ് ലഭിച്ചതിനു പിന്നാലെയാണു വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ സ്പെഷല്‍ തഹസില്‍ദാരുടെ ഓഫിസിലെത്തിയത്. പരാതിയുണ്ടെങ്കില്‍ എഴുതി നല്‍കണമെന്ന സ്പെഷ്യല്‍ തഹസില്‍ദാരുടെ ആവശ്യം സമരക്കാര്‍ അംഗീകരിച്ചില്ല. ആവശ്യം അംഗീകരിക്കുന്നതുവരെ ഓഫിസില്‍ കുത്തിയിരിക്കാനും തയാറാണെന്നു വനിതകളുള്‍പ്പെടെയുള്ള സമരക്കാര്‍ അറിയിച്ചു. ഒടുവില്‍ ജില്ലാ കലക്ടറുടെ സാനിധ്യത്തില്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ അവസരമൊരുക്കുമെന്ന് സ്പെഷല്‍ തഹസില്‍ദാര്‍ വില്യംസ് ജോര്‍ജ് അറിയിച്ചതോടെയാണു സമരക്കാര്‍ പിന്മാറിയത്. വിവരമറിഞ്ഞു ഹൊസ്ദുര്‍ഗ് പൊലീസും സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: