തിരുവനന്തപുരം: ശ്രീഹരിയെ ആക്രമിച്ച കേസില്‍ പെണ്‍കുട്ടി വീണ്ടും മൊഴിമാറ്റി. ജനനേന്ദ്രിയം മുറിച്ചത് താന്‍ തന്നെയാണന്നാണ് പുതിയ വെളിപ്പെടുത്തല്‍. വേണമെന്ന് വച്ച് ചെയ്തതല്ല, കത്തി വീശിയപ്പോള്‍ കൊണ്ടതാണെന്നാണ് പെണ്‍കുട്ടി തന്റെ അഭിഭാഷകനോട് വെളിപ്പെടുത്തിയിരിക്കുന്നത്.
ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് രേഖപ്പെടുത്തി കൊണ്ടുള്ള കത്ത് കഴിഞ്ഞ ദിവസം പ്രതിഭാഗം അഭിഭാഷകര്‍ക്ക് നല്‍കിയിരുന്നു. ഈ കത്ത് കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്നും വിപരീതമായ മൊഴിയാണ് പെണ്‍കുട്ടി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
അയ്യപ്പദാസും രണ്ട് സുഹൃത്തുക്കളുമാണ് സ്വാമിയുടെ ലിംഗം മുറിക്കാന്‍ തന്നെ പ്രേരിപ്പിച്ചത്. ഇതു പ്രകാരം സ്വാമിയുടെ മുറിയില്‍ എത്തിയ താന്‍ ഇരുട്ടത്ത് കത്തി വീശിയപ്പോഴാണ് അപകടം സംഭവിച്ചത്. സ്വാമി തന്നെ ലൈംഗീമായി പീഡിപ്പിച്ചിട്ടില്ലെന്നും പെണ്‍കുട്ടി ആവര്‍ത്തിക്കുന്നു.
ആദ്യ പരാതി താന്‍ സ്വമേധയാ നല്‍കിയതല്ലെന്നും പോലീസ് നിര്‍ബന്ധിപ്പിച്ച് നല്‍കിയതാണെന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന കത്തില്‍ പെണ്‍കുട്ടി ആരോപിക്കുന്നുണ്ട്.
താന്‍ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായാണ് പൊലീസ് മൊഴി എഴുതിയത്. മൊഴി തന്നെ വായിച്ച് കേള്‍പ്പിച്ചില്ല. തന്നെക്കൊണ്ട് ഒപ്പിടുവിക്കുക മാത്രമാണ് ചെയ്തത്. 164 പ്രകാരം കോടതിയില്‍ മൊഴി നല്‍കിയപ്പോഴും ഇത് ആവര്‍ത്തിക്കാന്‍ പൊലീസ് നിര്‍ബന്ധിച്ചുവെന്നും പെണ്‍കുട്ടി പറയുന്നു.
















