കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ മജല്‍ ഹൗസിലെ രാജേഷിനെ സ്കൂട്ടറില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. രാജേഷിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ എ എസ് ഐ മോഹനന്റെ പരാതിയില്‍ സുമോട്ടോയായി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.
വെട്ടേറ്റ് റോഡരികില്‍ കിട്ട രാജേഷിനെ നാട്ടുകാര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തിയാണ് രാജേഷിനെ ആദ്യം കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പിന്നീട് മംഗളൂരു എ.ജെ ആശുപത്രിയിലും പ്രവേശിപ്പിച്ചത്. യുവാവിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. അതിനിടെ രാജേഷിനെ ആളുമാറി വെട്ടിയതാണെന്ന രീതിയിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
ചൗക്കി പെരിയടുക്കയിലെ യുവാവിനെയാണ് അക്രമി സംഘം ലക്ഷ്യം വെച്ചതെന്നാണ് സൂചന. ഇയാളുടെ വിവാഹം ക്ഷണിക്കാന്‍ പോയി യുവാവിനെ വീട്ടില്‍ വിട്ട് തിരിച്ചുപോകുന്നതിനിടെയാണ് രാജേഷിനെ നാലംഗ സംഘം ആളുമാറി വെട്ടിയതെന്നാണ് വിവരം. ചൗക്കി പെരിയടുക്കയിലെ തകര്‍ന്നു വീഴാറായ ബസ് വെയ്റ്റിംഗ് ഷെഡിന് സമീപം വെച്ച് ഇന്നലെ രാത്രിയാണ് രാജേഷിനു നേരെ ആക്രമണമുണ്ടായത്.
ഇന്നോവ കാര്‍ സ്കൂട്ടറിന് പിറകിലിടിച്ച് വീഴ്ത്തിയ ശേഷം തുരുതുരെ വെട്ടുകയായിരുന്നു. തലയ്ക്കും വയറിനും കൈക്കും വെട്ടേറ്റ രാജേഷിന്റെ പുറത്ത് കുത്തേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിലവിളി കേട്ട് പരിസരവാസികള്‍ ഓടിയെത്തിയപ്പോഴേക്കും സംഘം കടന്നു കളഞ്ഞിരുന്നു.
ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയില്‍ നാലുപേരാണ് തന്നെ വെട്ടിയതെന്ന് രാജേഷ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് കാസര്‍കോട് ടൗണ്‍ എഎസ്ഐയുടെ പരാതിയില്‍ സുമോട്ടോയായി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കാസര്‍കോട് സിഐ അബ്ദുര്‍ റഹീമിനാണ് അന്വേഷണചുമതല. സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ് ഡിവൈ എസ്പി ഹരിശ്ചന്ദ്ര നായിക്ക് മേല്‍നോട്ടം വഹിക്കും. എസ്പിയുടെ സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളും അന്വേഷണ സംഘത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: