കാസര്‍കോട്: രണ്ട് ഡ്രൈവര്‍മാരില്ലാതെ ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന ട്രക്കുകള്‍ ചെക്ക് പോസ്റ്റുകളില്‍ തടഞ്ഞ് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ.ജീവന് ബാബു അറിയിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാവികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എംഎല്‍എ മാരായ പി ബി അബ്ദുള്‍ റസാഖ്, എന്‍എ നെല്ലിക്കുന്ന്, ജില്ലാതല നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാത്രികാലങ്ങളില്‍ ഡ്രൈവര്‍മാരുടെ അശ്രദ്ധമൂലം ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ ജില്ലയില്‍ കൂടിവരികയാണെന്നും വിശ്രമമില്ലാതെയുള്ള ഡ്രൈവര്‍മാരുടെ ഡ്രൈവിംഗാണ് അപകടത്തിലേക്ക് നയിക്കുന്നതെന്നും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍എ പറഞ്ഞു. ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന ട്രക്കുകളില്‍ രണ്ടു ഡ്രൈവര്‍മാര്‍ വേണമെന്നാണ് ചട്ടം. ഈ നിയമം ലംഘിക്കുന്ന ട്രക്കുകള്‍ പിടിച്ചെടുത്ത് നടപടി സ്വീകരിക്കും. ജില്ലാ പോലീസ് നടപ്പാക്കിയിരുന്ന രാത്രികാലങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് കാപ്പി നല്കുന്ന പദ്ധതി തുടരും. ഇതിനായി ക്ലബ്ബുകളുടെയും സന്നദ്ധസംഘടനകളുടെയും സഹായം തേടും. ട്രാഫിക് നിയമലംഘനത്തിനും രാത്രികാലങ്ങളില്‍ ലൈറ്റ് ഡിം ചെയ്ത് മറ്റുവാഹനങ്ങള്‍ക്ക് സൗകര്യം ഒരുക്കിക്കൊടുക്കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിക്കും.
മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവ: കോളേജിന്റെ പുതിയ കെട്ടിടത്തിന്റെ പ്രവര്‍ത്തികള്‍ അന്തിമഘട്ടത്തിലാണെന്നും ജൂണ്‍ അഞ്ചിനകം കെട്ടിടം പൂര്‍ത്തിയാകുമെന്നും എക്സിക്യുട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. ഉദയഗിരിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള വാടക വീടുകളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിനായി വാട്ടര്‍ അതോറിറ്റിയുടെ കണക്ഷന് എടുക്കാന്‍ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി അയച്ചതായി എക്സിക്കുട്ടീവ് എഞ്ചിനീയര്‍ കെ.ഡബ്ല്യു.എ റിപ്പോര്‍ട്ട് ചെയ്തു. മഞ്ചേശ്വരം ശാന്തിനഗറില്‍ സ്വയം പര്യാപ്ത പട്ടികജാതി ഗ്രാമത്തിന്റെ റിവൈസ് ചെയ്ത പ്രൊപ്പോസലിന് അംഗീകാരം ലഭിച്ച് പ്രാരംഭനടപടികള്‍ തുടങ്ങി. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ വെന്റിലേറ്റര്‍ പ്രവര്‍ത്തിക്കാത്തത് പരിശോധിച്ച് നടപടിയെടുക്കും. മധൂര്‍ കുടുംബക്ഷേമ ഉപകേന്ദ്രത്തിനായി പണിത പുതിയ കെട്ടിടം ഉടന്‍ ആരോഗ്യ വകുപ്പിന് കൈമാറും. മാര്‍ച്ച് 31നകം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പദ്ധതികള്‍ നടപ്പിലാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: