കാഞ്ഞങ്ങാട്: കല്ല്യോട്ട് ഭഗവതി ക്ഷേത്ര കഴകം കണ്ണോത്ത് താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാന തെയ്യംകെട്ട് മഹോത്സവം 28 മുതല്‍ മാര്‍ച്ച് രണ്ട് വരെ നടക്കുമെന്ന് പത്രസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു. മഹോത്സവത്തിന് തുടക്കം കുറിച്ച് 28ന് രാവിലെ കലവറ നിറക്കല്‍ ചടങ്ങ് നടക്കും, വൈകിട്ട് 6ന് സന്ധ്യാദീപം തുടര്‍ന്ന് കൈവീത് തെയ്യംകൂടല്‍. മാര്‍ച്ച് ഒന്നിന് ഉച്ചയ്ക്ക് 3 മുതല്‍ കാര്‍ന്നോന്‍ തെയ്യത്തിന്റെയും കോരച്ചന്‍ തെയ്യത്തിന്റെയും വെള്ളാട്ടം, രാത്രി 8ന് കണ്ടനാര്കേളന് തെയ്യത്തിന്റെവെള്ളാട്ടം തുടര്‍ന്ന് ബപ്പിടല്‍ ചടങ്ങ്, രാത്രി 11ന് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടം, വിഷ്ണുമൂര്ത്തിയുടെ തിടങ്ങല്‍ അന്നദാനം. മാര്‍ച്ച് 2ന് രാവിലെ 5.30മുതല്‍ കാര്‍ന്നോന്‍ തെയ്യം, കോരച്ചന്‍ തെയ്യം, കണ്ടനാര്കേളന് തെയ്യവും വൈകിട്ട് 3ന് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ പുറപ്പാടും ഭക്തിനിര്‍ഭരമായ ചൂട്ടൊപ്പിക്കല്‍ ചടങ്ങും നടക്കും. 5ന് വിഷ്ണുമൂര്ത്തിയുടെ പുറപ്പാട്. തുടര്‍ന്ന് കല്ല്യോട്ട് ഭഗവതി ക്ഷേത്ര കഴകത്തിലേക്കും കല്ല്യോടന്‍ വലിയവീട് തറവാട്ടിലേക്കും വയനാട്ടുകുലവന്റെയും വിഷ്ണുമൂര്‍ത്തിയുടെയും എഴുന്നള്ളത്തും തിരിച്ചെഴുന്നള്ളത്തും. രാത്രി 10ന് മറ പിളര്‍ക്കല്‍. തുടര്‍ന്ന് കൈവീതോട് കൂടി തെയ്യംകെട്ട് മഹോല്‍സവത്തിന് പരിസമാപ്തിയാകും. ആഘോഷ കമ്മിറ്റി ചെയര്മാന് കൃഷ്ണന് താന്നിക്കാല്‍, വര്‍ക്കിംഗ് ചെയര്മാന് സി.രാജന് പെരിയ, ജനറല്‍ കണ്‍വീനര്‍ എം.കെ.സുനന്ദന്‍, പുരുഷോത്തമന്, ശ്രീജിത്ത് കരിയ എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: