ഏറ്റുമാനൂര്‍: ഭാവവൈവിദ്ധ്യം കൊണ്ട് അഘോരമൂര്‍ത്തിയായി പരിലസിക്കുന്ന ഏറ്റുമാനൂരപ്പന്റെ തിരുവുത്സവത്തിന് കൊടിയേറി. രാവിലെ 8.45ന് നടന്ന തൃക്കൊടിയേറ്റിന് തന്ത്രി താഴ്മണ്‍ മഠത്തില്‍ കണ്ഠരര് രാജീവര്, മേല്‍ശാന്തി രാമന്‍ സനല്‍കുമാര്‍ എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ആയിരക്കണക്കിന് ഭക്തരാണ് തൃക്കൊടിയേറ്റിനായെത്തിയത്. ക്ഷേത്രത്തിനുളളില്‍ സൂക്ഷിച്ചിരുന്ന കൊടിക്കൂറ രാവിലെ 8 മണിയോടെ ആചാരപ്രകാരമുളള ചടങ്ങുകള്‍ക്കായി കൊടിമരച്ചുവട്ടിലെത്തിച്ചു.
തടിച്ചുകൂടിയ ഭക്തസഹസ്രങ്ങള്‍ക്കൊപ്പം കേരള ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രന്‍, തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അജയ് തറയില്‍, രാഘവന്‍, ബോര്‍ഡ് കമ്മീഷണര്‍ സി.പി. രാമരാജപ്രേമപ്രസാദ്, ഉപദേശകസമിതി ചെയര്‍മാന്‍ അഡ്വ. എ.എസ്.പി. കുറുപ്പ്, സെക്രട്ടറി കെ.എന്‍. ശ്രീകുമാര്‍, ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ. ഗോപാലകൃഷ്ണന്‍ തുടങ്ങിയവരും ചടങ്ങിന് സാക്ഷികളായി.
സാംസ്‌കാരിക സമ്മേളനം ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രയാര്‍ ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷനായി. 10 മണിക്ക് കലാപരിപാടികളുടെ ഉദ്ഘാടനം സിനിമാതാരം മനോജ് .കെ. ജയന്‍ നിര്‍വ്വഹിച്ചു. ചരിത്ര പ്രസിദ്ധമായ ഏഴര പൊന്നാന ദര്‍ശനം മാര്‍ച്ച് 5ന് ആണ്. മാര്‍ച്ച് 7ന് ആറോട്ടോടുകൂടി ഉത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: