ധൂര്: മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ നടക്കുന്ന മഹാരുദ്രയാഗത്തോടനുബന്ധിച്ച് ഇന്നലെ രാവിലെ മുതല്‍ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നൂറിലധികം ഭക്തജന സംഘങ്ങള്‍ കുമ്പള സീമയിലെ പ്രധാന ക്ഷേത്രമായ കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ നിന്നും കാല്‍നടയായി ദേവസ്തുതികള്‍ പാടിക്കൊണ്ട് മധൂര്‍ ക്ഷേത്രത്തിലെത്തിലെത്തിച്ചേര്ന്നു. വൈകുന്നേരം മധൂര്‍ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ഉളിയത്തടുക്കയില്‍ നിന്നും എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി സ്വാമികള്‍ക്ക് പൂര്ണ്ണകുഭത്തോടെ വരവേല്‍പ്പ് നല്കി. തുടര്‍ന്ന് നടന്ന ധാര്‍മ്മിക സഭയില്‍ സ്വാമി കേശവാനന്ദ ഭാരതി അനുഗ്രഹ പ്രഭാഷണം നടത്തി. ജീര്‍ണ്ണോദ്ധാരണ സമിതി അധ്യക്ഷന്‍ യു.ടി.ആള്‍വ അധ്യക്ഷത വഹിച്ചു. ക്ഷേത്രം തന്ത്രി ദേരെബയല് ഹരികൃഷ്ണ, നളീന്‍കുമാര്‍ കട്ടീല്‍ എംപി, രത്നകുമാര്കാമഡ, പവിത്രപാണി, ശ്രീകൃഷ്ണ ഉപാധ്യായ, ശോഭ കരന്തലാജെ, കുഞ്ഞിരാമന് എംഎല്‍എ, മധൂര്‍ പഞ്ചായത്ത് അധ്യക്ഷ മാലതി സുരേഷ്, ജില്ലാ പഞ്ചായത്തംഗം അഡ്വ.കെ.ശ്രീകാന്ത്, എഡിഎം അംബുജാക്ഷന്, അഡ്വ.ചന്ദ്രശേഖരന്, ദിനേഷ് മടപ്പുര, ഡോ.വെങ്കിടഗിരി, ശ്രീകൃഷ്ണകൃപ, ദിനകരഭട്ട്, എം.ജി.രാമകൃഷ്ണന്, മനോഹരഷെട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.
ആയിരക്കണക്കിന് ഭക്തജനങ്ങള്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കുവാനുള്ള ഭോജനശാല പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
സാസ്കാരിക പൈതൃകത്തിന്റെ വിളനിലമായ മധൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഭക്തജന സാഗരമാകുകയാണ്. ദക്ഷിണേന്ത്യയിലെ അതിപ്രശസ്തമായ മധൂരിന്റെ പുണ്യമായി മാറുകയാണ് ഇനിയുള്ള ദിനങ്ങള്‍. മധുവാഹിനിപ്പുഴയുടെ തീരത്ത് നടക്കുന്ന യാഗം കാണാന്‍ നാടിന്റെ നാനാ ഭാഗത്തുനിന്നും ഭക്തജനങ്ങള്‍ കൂട്ടമായി ഒഴുകിയെത്തുകയാണ്. അണമുറിയാത്ത ഭജന സങ്കീര്‍ത്തനങ്ങള്‍ ക്ഷേത്രത്തില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഭക്തജന സമിതിയുടെ നേതൃത്വത്തില്‍ ദിനരാത്രങ്ങള്‍ അര്‍പ്പണ ബോധത്തോടെ രാപ്പകല്‍ ഭക്തജനങ്ങള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ഇത്രയും വലിയ യാഗം മധൂരില്‍ നടക്കുന്നത്.
ഇന്ന് രാവിലെ 8ന് മഹാരുദ്രയാഗം, 11ന് ലക്ഷാര്‍ച്ചന, മഹാപൂജ, 11.30ന് പൂര്‍ണ്ണാഹൂതി. 28ന് രാവിലെ 6 മുതല്‍ ചതുര്‍വിംശത്യുത്തര സഹസ്രനാളികേര അഷ്ടദ്രവ്യ മഹാഗണപതിഹോമം, വൈകുന്നേരം 5ന് സാമൂഹിക സത്യവിനായക പൂജ എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: