കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എക്സറേയൂണിറ്റും ലിഫ്റ്റും പണിമുടക്കിയിട്ടും അധികൃതര്‍ക്ക് അനക്കമില്ല. ആശുപത്രിയിലെത്തുന്ന രോഗികള്‍ ദുരിതത്തിലായി. ഫിലിം ഇല്ലാത്തതിനാല്‍ എക്സ്റേ സംവിധാനം തടസ്സപ്പെട്ടതെന്നാണ് അധികൃതര്‍ പറയുന്നത്. രണ്ട് ദിവസമായി ജനറല്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് പുറത്തുള്ള എക്സ്റേ യൂണിറ്റുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റും രണ്ടു ദിവസമായി തകരാറിലാണ്. ലിഫ്റ്റിന്റെ ബെല്‍റ്റ് പൊട്ടിയെന്നാണ് കാരണമായി പറയുന്നത്. ഏതാനും ദിവസം മുമ്പും ഒഴാഴ്ചയോളം ലിഫ്റ്റ് തകരാറിലായിരുന്നു. രോഗികളെ വീല്‍ചെയറിലിരുത്തി കൊണ്ടു പോകേണ്ട ഗ്രേഡ് ജീവനക്കാര്‍ ആവശ്യത്തിന് ഇല്ലാത്തതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. വെറും രണ്ട് ഗ്രേഡ് ജീവനക്കാര്‍ മാത്രമാണ് ഇപ്പോള്‍ ആശുപത്രിയില്‍ ഉള്ളത്.
ജനറല്‍ ആശുപത്രിയിലെ രണ്ടും മൂന്നും നിലകളിലെ ടൈല്‍സുകള്‍ പൊട്ടിപ്പൊളിഞ്ഞ് വികൃതമായി കിടക്കുകയാണ്. ആശുപത്രിയിലെത്തുന്നവര്‍ ചെരിപ്പിടാതെ നടന്നാല്‍ കാലുകള്‍ മുറിയാന്‍ സാധ്യതയേറെയാണ്. യഥാസമയം അറ്റകുറ്റപണികള്‍ നടത്താന്‍ പോലും അധികൃതര്‍ തയ്യാറാകുന്നില്ല. എക്സറേ സംവിധാനവും ലിഫ്റ്റും തകരാറിലാകുന്നത് പതിവാകുന്നതോടെ രോഗികള്‍ക്കും കൂട്ടിരിപ്പുകാരും ദുരിത്തിലാവുകയാണ്. മലയോരങ്ങളില്‍ നിന്നും മറ്റുമെത്തുന്ന സാധാരണക്കാര്‍ക്കാണ് ഏറ്റവും കൂടുതല്‍ ദുരിതമുണ്ടാക്കുന്നത്. പുറത്തു നിന്നും എക്സറേയെടുക്കാന്‍ പോലും പലരുടേയും കയ്യില്‍ പണമുണ്ടാകാറില്ല. യഥാസമയം എക്സറേ ഫിലിമെത്തിക്കാതെ സ്വകാര്യ എക്സറേ യൂണിറ്റുകള്‍ക്ക് പണം കൊയ്യാനുള്ള സാഹചര്യമാണ് അധികൃതരൊരുക്കുന്നതെന്ന് വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒ.പി.ടിക്കറ്റുകള്‍ തീര്‍ന്നത് വലിയ ബഹളങ്ങള്‍ക്ക് കാരണമായിരുന്നു. പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പാവപ്പെട്ട നിരവധി രോഗികള്‍ ദിനം പ്രതി സൗജന്യ ചികിത്സയ്ക്കായി കിലോമീറ്ററുകള്‍ താണ്ടി ജനറല്‍ ആശുപത്രിയിലെത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: