കാഞ്ഞങ്ങാട്: പാണത്തൂര്‍ മഞ്ഞടുക്കം തുളൂര്‍വനത്ത് ഭഗവതിക്ഷേത്രം കളിയാട്ട മഹോല്‍സവത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനം എളയിടത്ത് കുതിര് പൂക്കാര്‍ സംഘം ഇന്നലെ ദീപാരാധനയ്ക്ക് ശേഷം യാത്ര തിരിച്ചു. പ്രാചീനത വിളംബരം ചെയ്ത് പച്ച ഓല കൊണ്ട് മെടഞ്ഞുണ്ടാക്കിയ കൊട്ടയില്‍ ചെക്കിപ്പൂ നിറച്ച് പ്രത്യേകം നിയോഗിതനായി വാല്യക്കാരന്‍ തലയിലേന്തി ആചാര്യസ്ഥാനികരും അവകാശികളും കൂട്ടായ്ക്കാരും മറ്റു വാല്യക്കാരുമടങ്ങുന്ന പൂക്കാര്‍ സംഘം പരമ്പരാഗത പാതയില്‍ കൂടി കാല്‍നടയായി സഞ്ചരിച്ച് അമ്പത് കിലോമീറ്ററിനുമപ്പുറമുള്ള മഞ്ഞടുക്കം തുളൂര്‍വനത്ത് ഭഗവതി ക്ഷേത്രത്തിലെത്തുക. പരമ്പരാഗത ശൈലിയില്‍ ഗോത്രസ്മൃതികള്‍ ഉണര്‍ത്തിക്കൊണ്ട് പുരാതനകാവുകളും തറവാടുകളും താണ്ടി ഉപചാരവുമേറ്റു വാങ്ങിയ സംഘം രാത്രി വൈകി കള്ളാറിലെത്തി. ഇന്ന് കള്ളാറില്‍ നിന്ന് പ്രയാണം തുടരുന്ന സംഘം നാല് മണിയോട് കൂടി പാണത്തൂര്‍ കാട്ടൂര്‍ തറവാട്ടിലെത്തും. കാട്ടൂര്‍ തറവാട്ടമ്മ വിളക്കും തളികയുമായെതിരേല്ക്കുന്ന പ്രത്യേകത കൂടി കിഴക്കുംകര എളയിടത്ത് കുതിര് പൂക്കാര്‍ സംഘത്തിനുണ്ട്. മുന്നായരീശ്വരന്‍ ഈ പൂക്കുട്ടയില്‍ കുടി കൊള്ളുന്നുവെന്നാണ് ഇതിന്റെ ഐതിഹ്യം.
കാട്ടൂര്‍ തറവാട്ടിലെ ഉപചാരത്തിന് ശേഷം യാത്ര തുടരുന്ന സംഘം സന്ധ്യയോട് കൂടി തുളൂര്‍വനത്ത് ഭഗവതി ക്ഷേത്രത്തിലെത്തും. ആറാം കളിയാട്ട നാളിലെ കലശത്തിന് ഈ ചെക്കിപ്പൂവ് ഉപയോഗിച്ചാണ് കലശത്തട്ട് അലങ്കരിക്കുന്നത്. ഉത്സവം കഴിയുന്നത് വരെ സംഘം ക്ഷേത്രത്തില്‍ തങ്ങും. ഉത്സവം കഴിയുന്നതോട് കൂടി മടങ്ങുന്ന സംഘം വഴിയില്‍ മാവുങ്കാല്‍ പൂടങ്കല്ലില്‍ തങ്ങും. പിറ്റേദിവസം അവിടെ നിന്നും വെളിച്ചപ്പാടിന്റെ ദര്‍ശനത്തോട് കൂടി കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്ത് തിരിച്ചെത്തുന്നതോട് ഈ വര്‍ഷത്തെ ഉത്സവത്തിന് സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: