പാലക്കാട്: പെന്‍ഷന്‍കുടിശ്ശിക, ശമ്പളപരിഷ്ക്കരണം ഉള്‍പ്പെടെ വിവിധയിനത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും പാലക്കാട് നഗരസഭക്ക് 16 കോടിരൂപ ലഭിക്കാത്തതിനാല്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് വൈസ്.ചെയര്മാന് സി.കൃഷ്ണകുമാര്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു.
നഗരസഭയ്ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കുന്നുണ്ടെങ്കിലും സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള തുക ഇപ്പോഴും കിട്ടാത്ത സ്ഥിതിയാണുള്ളത്. പെന്ഷന് ഇനത്തില്‍ നഗരസഭയുടെ തനത് ഫണ്ടില്‍ നിന്നും നല്കിയ 16 കോടിയോളം രൂപ സര്‍ക്കാരില്‍ നിന്നും ലഭ്യമാവില്ലെന്നും ജനറല്‍ പര്‍പ്പസ് ഗ്രാന്റില്‍ നിന്നും ഈ തുക ഈടാക്കാനാണ് നിര്‍ദ്ദേശം. ഇതിനെതിരെ കക്ഷിരാഷ്ട്രീയമില്ലാെത ഹൈക്കോടതിയെ സമീപിക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ ഐകകണ്ഠേന തീരുമാനിച്ചു.
നഗരസഭയിലെ താത്ക്കാലിക ശുചീകരണ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിനായി മുഖ്യമന്ത്രിയെ കാണാനും യോഗത്തില്‍ തീരുമാനിച്ചു. തൊഴിലാളികളുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കി ലിസ്റ്റ് പ്രകാരം തൊഴിലാളികളെ സ്ഥിരപ്പെടുത്താനുമാണ് തീരുമാനം. കൗണ്‍സില്‍ തീരുമാനങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ കൗണ്‍സിലര്‍മാര്‍ക്ക് മെയിലില്‍ ലഭ്യമാക്കുമെന്നും, നഗരസഭയുമായി ബന്ധപ്പെട്ട അജണ്ടകളും തീരുമാനങ്ങിലും പൊതുജനങ്ങള്‍ക്കും അഭിപ്രായം രേഖപ്പെടുത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും വൈസ് ചെയര്മാന് കൃഷ്ണകുമാര്‍ പറഞ്ഞു.
ഒന്നരവര്‍ഷം മുമ്പ് പൊളിച്ചിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ്ിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും എംഎല്‍എയുടെ പിടിപ്പുകേടാണ് കാരണമെന്ന് കൗണ്‍സിലര്‍ സി.മധു ആരോപിച്ചു. ഇതിനെതിരെ യോഗത്തില്‍ പ്രമേയം പാസാക്കി സര്‍ക്കാരിന് നല്‍കണമെന്നും ആവശ്യപ്പെട്ടു. നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന് ബന്ധപ്പെട്ട അധികൃതരുമായി സംസാരിച്ച് പരിഹാരം കാണണമെന്ന ആവശ്യം ഉയര്‍ന്നു. അമൃത്പദ്ധതിയില്‍ ഉള്‍പ്പെടുത്തി മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
നവീകരണത്തിന്റെ ഭാഗമായി പൊളിക്കുന്ന മതിലുകളുടെ അറുപത് ശതമാനവും വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്നതാണെന്നും ഇത് അവിടെ തന്നെ ഉപയോഗിച്ചിട്ടുണ്ടെന്നും കൃത്യമായ കണക്കുകള്‍ സൂക്ഷിക്കുന്നുണ്ടെന്നും നഗരസഭ എക്സി.എന്‍ജിനീയര്‍ അറിയിച്ചു.
പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ വാര്‍ഡുതലത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുവാന്‍ തയ്യാറാണെന്ന് ജില്ലാ ഹോമിയോ ആശുപത്രി എപിഡെമിക് സെല്‍ കണ്‍വീനര്‍ അറിയിച്ചു.
അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ബ്രഹ്മകുമാരീസ് ഈശ്വരവിദ്യാലയത്തിന്റെ നേതൃത്വത്തില്‍ വാര്‍ഡുകളില്‍ ബോധവത്ക്കരണ ക്യാമ്പുകള്‍ നടത്താന്‍ തയ്യാറാണെന്നും സംഘാടകര്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് അധ്യക്ഷതവഹിച്ചു.
ബിജെപി പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് എസ്.ആര്.ബാലസുബ്രഹ്മണ്യം, കൗണ്‍സിലര്‍മാരായ ഭവദാസ്,കുമാരി,രഞ്ജിത്ത്, പി.സ്മിതേഷ്,രാജേശ്വരി, എം.സുനില്‍, സയ്തലവി,മണി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: