കാഞ്ഞങ്ങാട്: നീലേശ്വരം ബ്ലോക്ക് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത പഞ്ചായത്തുകള്‍ മഞ്ഞള്‍ ഗ്രാമമാകുന്നു. മഞ്ഞള്‍ കൃഷി വികസന പദ്ധതിയുടെ ഭാഗമായി സംഘങ്ങള്‍ക്ക് മഞ്ഞള്‍ വിത്തും ചകിരിച്ചോറ് കമ്പോസ്റ്റും പരിശീലനവും നല്കി കൊണ്ടാണ് പരിപാടി നടപ്പാക്കുന്നത്. പച്ചക്കറിയിലെ രാസകീടനാശിനികളേക്കാള്‍ അപകടകാരികളായ ലെഡ് ക്രോമേറ്റ് അടക്കമുള്ള രാസവസ്തുക്കളാണ് ഇന്ന് വിപണിയില്‍ ലഭ്യമായ മഞ്ഞള്‍പ്പൊടിയില്‍ അടങ്ങിയിരിക്കുന്നത് എന്ന തിരിച്ചറിവില്‍ നിന്നാണ് ഈ പദ്ധതി തിരഞ്ഞെടുത്തതെന്ന് നീലേശ്വരം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വീണാറാണി അറിയിച്ചു.
പിലിക്കോട്, കയ്യൂര്‍-ചീമേനി, ചെറുവത്തൂര്‍, പടന്ന എന്നീ പഞ്ചായത്തുകളിലാണ് ആദ്യ ഘട്ടത്തില്‍ മഞ്ഞള്ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. 27ഗ്രൂപ്പുകളിലെ 2700 കര്‍ഷകര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പൈസസ് റിസര്‍ച്ച് പുറത്തിറക്കിയ പ്രതിഭ എന്ന അത്യുല്പാദന ശേഷിയുള്ള മഞ്ഞളിനമാണ് വിതരണത്തിന് എത്തിയിരിക്കുന്നത്. ഒരു കിലോഗ്രാം വിത്തില്‍ ഏറ്റവും കൂടുതല്‍ ഒളിയോറെസിനും കുര്‍ക്കുമിനും അടങ്ങിയ 18കിലോഗ്രാം മഞ്ഞള്‍ ഉല്പ്പാദിപ്പിക്കാമെന്നതാണ് പ്രതിഭയുടെ നേട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: