കാസര്‍കോട്: ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്ന കൃത്രിമനിറങ്ങളുടെ തുടര്‍ച്ചയായ ഉപയോഗം ക്യാന്‍സറിന് കാരണമാകുന്നു എന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാന വ്യാപകമായി തെരഞ്ഞെടുത്ത 50 ഗ്രാമ പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ്ണ ഭക്ഷ്യസുരക്ഷാ ഗ്രാമപഞ്ചായത്ത് പദ്ധതിയുടെ കാസര്‍കോട് ജില്ലയിലെ ചെങ്കള, കുമ്പള, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ വിപുലമായ പരിപാടികള്‍ക്കു ഭക്ഷ്യസുരക്ഷാ വകുപ്പ് തുടക്കംകുറിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിച്ചു. ചെങ്കളയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അംഗണവാടി ജീവനക്കാര്‍ക്കും സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാറിലാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഭക്ഷണത്തിലെ രാസവസ്തുക്കളുടെ ഉപയോഗത്തിന്റെ പരിണിതഫലം വിശദീകരിച്ചത്. ബേക്കറികളിലും ഹോട്ടലുകളിലും വിതരണം ചെയ്യുന്ന ഭക്ഷണസാധനങ്ങളില്‍ അനിയന്ത്രിതമായ രീതിയില്‍ കൃത്രിമ നിറങ്ങളും അജിനാമോട്ടോയും പ്രിസര്‍വേറ്റീവുകളും ചേര്‍ക്കുന്നതായി കണ്ടുപിടിച്ചിട്ടുണ്ട്. ഇത് ക്യാന്‍സര്‍, വൃക്കരോഗങ്ങള്‍, കരള്‍ രോഗങ്ങള്‍ എന്നിവ സര്‍വ്വ വ്യാപിയായി മാറുന്നതിനിടയായതായി ബോധവല്‍ക്കരണ സെമിനാറില്‍ ക്ലാസ്സുകള്‍ നയിച്ച ഫുഡ് സേഫ്റ്റി ഓഫീസര്‍ വി കെ പ്രദീപ് കുമാര്‍ പറഞ്ഞു. ബിരിയാണി, ചില്ലിചിക്കന്, ബീഫ് ഫ്രൈ, ചില്ലി ഗോപി, ഫിഷ് ഫ്രൈ, ബനാന ചിപ്സ്, വറുത്ത പട്ടാണിക്കടല എന്നിവയിലാണ് കൃത്രിമ നിറങ്ങള്‍ ചേര്‍ക്കുന്നതായി ശ്രദ്ധയില്‍പെട്ടത്. ഇത്തരം വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ കൃത്രിമനിറങ്ങളും അജിനോമോട്ടോയും രാസവസ്തുക്കളും ചേര്‍ക്കരുതെന്ന് പറയാനുളള ആര്‍ജ്ജവം ഉപഭോക്താക്കള്‍ കാണിക്കണമെന്ന് ഫുഡ് സേഫ്റ്റി ഓഫീസര്‍ നിര്‍ദ്ദേശിച്ചു. പച്ചക്കറികളിലും മീനിലും കാണപ്പെടുന്ന കീടനാശിനികളും രാസവസ്തുക്കളും വരും തലമുറയെ സാരമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. ഓപ്പറേഷന് സാഗരറാണി നടപ്പാക്കിയത് വഴി മത്സ്യങ്ങളിലെ രാസവസ്തു പ്രയോഗം കുറയ്ക്കാന്‍ കഴിഞ്ഞു. ഉപഭോക്താക്കള്‍ ഭക്ഷ്യവസ്തുക്കള്‍ തെരഞ്ഞെടുക്കുന്നതില്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. കാസര്‍കോട് ജില്ലാ ഫുഡ് സേഫ്റ്റി അസി. കമ്മീഷണര്‍ കെ എസ് ജനാര്ദ്ദനന്, ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ വി.കെ.പ്രദീപ് കുമാര്‍, ബിബി മാത്യു എന്നിവരുടെ മേല്‍നോട്ടത്തിലാണ് സമ്പൂര്‍ണ്ണ ഭക്ഷ്യസുരക്ഷാ ഗ്രാമപഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: