സൈനികന്‍ റോയി മാത്യുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍
കൊട്ടാരക്കര: നാസിക്കിലെ ദേവലാലി ആര്‍മി ക്യാമ്പില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സൈനികന്‍ റോയി മാത്യുവിന്റെ മൃതദേഹം സംസ്‌കരിച്ചു. കാരുവേലില്‍ സെന്റ് പോള്‍സ് മലങ്കര സുറിയാനി പള്ളി സെമിത്തേരിയില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍.
മെഡിക്കല്‍ കോളേജില്‍ കൊല്ലം അസിസ്റ്റന്റ് കളക്ടര്‍ ഡോ. ചിത്രയുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം സൈനിക അകമ്പടിയോടെ ആംബുലന്‍സില്‍ വൈകിട്ട് 4.30ന് ജന്മനാട്ടില്‍ എത്തിച്ചു. റോയി പഠിച്ച പവിത്രേശ്വരം സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച ശേഷം വിലാപയാത്രയായി വീട്ടിലേക്ക് കൊണ്ടുവന്നു.
പത്ത് മിനിട്ടിനുശേഷം സമീപത്തുള്ള പള്ളിയിലെത്തിച്ച് അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം സൈനികര്‍ സഹപ്രവര്‍ത്തകന് ഔദ്യോഗിക യാത്രയയപ്പ് നല്‍കി. ഔദ്യോഗിക ബഹുമതികളോടെ 5.45ന് സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു. സൈനിക ഉദ്യോഗസ്ഥരായ പ്രവീണ്‍കുമാര്‍, പി. ശ്രീനിവാസറാവു, പി.ഗൗഡ, എ.എസ്. പാട്ടീല്‍ എന്നിവരാണ് അന്ത്യകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
















