കാസര്‍കോട്: ചെറിയാക്കര അരക്കച്ചാല് സ്വദേശിനി സ്വപ്നയെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ഒന്നാം പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ഇക്കാര്യം മാനുഷിക പരിഗണനയോടെ ജില്ലാ കളക്ടര്‍ വിലയിരുത്തി ആവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് കമ്മീഷന് ഉത്തരവില്‍ പറഞ്ഞു.
ലഭിച്ചു കൊണ്ടിരിക്കുന്ന മറ്റ് ആനുകൂല്യങ്ങള്‍ക്ക് ഭംഗം വരാതെ അര്‍ഹതയുള്ള എല്ലാ ആനുകൂല്യങ്ങളും സ്വപ്നക്ക് ലഭ്യമാക്കാന്‍ കളക്ടര്‍ നടപടി സ്വീകരിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. സ്വപ്നയുടെ വേദനാജനകമായ ജീവിതത്തെ കുറിച്ച് പ്രസിദ്ധീകരിച്ച മാധ്യമവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
ഇരുപത്തിമൂന്നുകാരിയായ സ്വപ്നക്ക് നടക്കാന്‍ കഴിയില്ല. മുടി കൊഴിഞ്ഞു. കുഞ്ഞിന്റെ മനസ്സോടെ സഹോദരിയുടെ മടിയിലിരുന്ന് വേദന തിന്നു തീര്‍ക്കുകയാണ് സ്വപ്ന. അരക്കച്ചാലിലെ കല്യാണിയുടെ മകളായ സ്വപ്നയുടെ കുടുംബം സഹോദരിമാര്‍ കൂലിപ്പണിയെടുത്ത് കൊണ്ടുവരുന്ന വരുമാനത്തിലാണ് മുന്നോട്ടു നീങ്ങുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ഒന്നാംപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകുമായിരുന്നെന്നും വാര്‍ത്തയില്‍ പറയുന്നു.
കമ്മീഷന് ജില്ലാ കളക്ടറില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിരുന്നു. വികലാംഗ പെന്ഷന് വാങ്ങുന്നത് കൊണ്ടാണ് ഒന്നാം കാറ്റഗറിക്ക് അര്‍ഹമായ 2200 രൂപയ്ക്ക് പകരം 1700 രൂപ സ്വപ്നക്ക് പ്രതിമാസം പെന്ഷന് നല്‍കുന്നതെന്ന് വിശദീകരണത്തില്‍ പറയുന്നു. കര്‍ണാടകത്തിലും കേരളത്തിലുമായി 18 ആശുപത്രികളില്‍ എന്‍ഡോസള്‍ഫാര്‍ ദുരിതബാധിതര്‍ക്ക് സൗജന്യചികിത്സ ലഭിക്കുന്നുണ്ട്. സ്വപ്നയെ ആശുപത്രിയിലെത്തിക്കണമെങ്കില്‍ ആബുലന്‍സ് നല്കാന് തയ്യാറാണ്. വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്.
ദേശീയ മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ട പ്രതേ്യക ധനസഹായമായ 5 ലക്ഷത്തില്‍ രണ്ട് ഗഡുക്കളായി 3 ലക്ഷം അനുവദിച്ചു. സ്വപ്നക്ക് വിദ്യാഭ്യാസത്തിനായി പഞ്ചായത്തിന്റെ ബഡ്സ് സ്കൂളില്‍ ചേര്‍ക്കാവുന്നതാണെന്ന് കയ്യൂര്‍-ചീമേനി പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സുപ്രീകോടതിയുടെ നിര്‍ദ്ദേശ പ്രകാരം എന്‍ഡോസള്‍ഫാന്‍ രോഗബാധിതര്‍ക്കായി ശുപാര്‍ശ ചെയ്ത തുകയിലുള്ള കുടിശിക കാലവിളംബമില്ലാതെ വിതരണം ചെയ്യണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: