മൊഗാദിഷു: കടുത്ത വരള്‍ച്ചയില്‍ പട്ടിണി കിടന്ന് സൊമാലിയയില്‍ ആയിരങ്ങള്‍ മരിച്ചുവീഴുന്നു. രണ്ടു ദിവസത്തിനിടെ ഒരു മേഖലയില്‍ മാത്രം നൂറിലേറെപ്പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 48 മണിക്കൂറിനിടെ ബെ മേഖലയില്‍ 110 പേര്‍ മരിച്ചതായി സൊമാലിയന്‍ പ്രധാനമന്ത്രി ഹസ്സന്‍ അലി ഘൈറെയാണ് അറിയിച്ചത്.
കുറച്ചു ദിവസമായി തുടരുന്ന കടുത്ത വരള്‍ച്ചയെ എങ്ങിനെ നേരിടണം എന്നറിയാതെ പകച്ചു നില്‍ക്കുകയാണ് സൊമാലിയന്‍ ഭരണകൂടം. പട്ടിണി രാജ്യം എന്ന് അറിയപ്പെടുന്ന ഇവിടെ സ്ത്രീകളും കുട്ടികളമടക്കം അമ്പതിനായിരത്തോളം പേര്‍ മരണത്തിന്റെ വക്കിലാണെന്ന് ഐക്യരാഷ്‌ട്ര സംഘടന മുന്നറിയിപ്പു നല്‍കിയിരുന്നു.
അടുത്തിടെ അധികാരത്തിലെത്തിയ പ്രസിഡന്റ് മുഹമ്മദ് അബ്ദുല്ലാഹി മുഹമ്മദിന്റെ ആദ്യത്തെ വെല്ലുവിളിയാണ് ഈ വരള്‍ച്ച. എല്ലാ രാജ്യങ്ങളില്‍ നിന്നും മുഹമ്മദ് സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.
ബ്രിട്ടനും അമേരിക്കയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സൊമാലിയയിലേക്ക് സഹായം എത്തിക്കുന്നുണ്ടെങ്കിലും ആഭ്യന്തര പ്രശ്‌നങ്ങളെത്തുടര്‍ന്ന് അതൊന്നും കൃത്യമായി വിതരണം ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. വരള്‍ച്ചയെത്തുടര്‍ന്ന് പട്ടിണി രൂക്ഷമായപ്പോള്‍ ഭക്ഷണം തേടി പതിനായിരങ്ങള്‍ തലസ്ഥാനമായ മൊഗാദിഷുവിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
2011ല്‍ സമാനമായ അവസ്ഥയില്‍ 2,06000 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിനേക്കാള്‍ രൂക്ഷമായ ദുരന്തത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളില്‍ വരള്‍ച്ച ദുരിതാശ്വാസ സമിതി നിരന്തരം യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തുന്നുണ്ട്. പ്രധാനമന്ത്രി നേരിട്ട് ഈ യോഗങ്ങളില്‍ പങ്കെടുക്കുന്നുമുണ്ട്.
എന്നാല്‍ സ്ഥിതിയില്‍ കാര്യമായ മാറ്റമൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശുദ്ധജലം എന്നൊരു വസ്തു ഈ രാജ്യത്തു കാണാനില്ല എന്നാണ് ഒരു സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകന്‍ പറഞ്ഞത്. കോളറ പടര്‍ന്നു പിടിക്കുന്നുമുണ്ട്. പല മരണങ്ങളും കോളറ ബാധിച്ചാണെന്നും റിപ്പോര്‍ട്ടുണ്ട്.
















