കാസര്‍കോട്: റീസര്‍വ്വെ നടപടി മൂലം തങ്ങളുടെ കൈവശഭൂമി നഷ്ടപ്പെടുമെനന ആശങ്ക ആര്‍ക്കും വേണ്ടെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന് പറഞ്ഞു. റീസര്‍വ്വെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചും ജനപ്രതിനിധികള്‍ സന്നദ്ധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ക്കായി കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഉദുമ, പളളിക്കര-1, പളളിക്കര-2, കീക്കാന്‍, ചിത്താരി, അജാനൂര്‍, ഹൊസ്ദുര്‍ഗ്, ചെറുവത്തൂര്‍, പിലിക്കോട്, മാണിയാട്ട് എന്നീ 10 വില്ലേജുകളിലാണ് റീസര്‍വ്വെ പ്രവര്‍ത്തനം ആദ്യമായി നടക്കുന്നത്. ജില്ലയിലെ സര്‍വ്വെ ജീവനക്കാരെ കൂടാതെ മറ്റു ജില്ലകളില്‍ നിന്നായി മുന്നൂറോളം ജീവനക്കാരെ ഉള്‍പ്പെടുത്തിയാണ് റീസര്‍വ്വെ പ്രവര്‍ത്തനം നടക്കുന്നത്. റീസര്‍വ്വെ പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമികള്‍ അളന്നു തിട്ടപ്പെടുത്തി സംരക്ഷിക്കാനും കയ്യേറ്റം തടയാനും സാധിക്കും. ഓരോ കൈവശക്കാരന്റെയും സ്ഥലം സര്‍വ്വെ ചെയ്ത് റിക്കാര്‍ഡുകള്‍ തയ്യാറാക്കുന്നതിനാല്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. വിവിധ ഭൂപ്രശ്നങ്ങള്‍ക്ക് ഇതിലൂടെ പരിഹാരം കാണാന്‍ സാധിക്കുമെന്നും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങളുടെ അകമഴിഞ്ഞ സഹകരണം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. റീസര്‍വ്വെ സംബന്ധിച്ച് പൊതുവായി ഉയര്‍ന്ന ജനപ്രതിനിധികളുടെയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെയും സംശയങ്ങള്‍ക്ക് സര്‍വ്വെ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന് മറുപടി നല്കി.
യോഗത്തില്‍ സര്‍വ്വെ അഡീഷണല്‍ ഡയറക്ടര്‍ ഇ.കെ.ശോഭന, ആര്‍ഡിഒ ഡോ. പി.കെ.ജയശ്രീ, ജോയിന്റ് ഡയറക്ടര്‍മാരായ ബാബു തെക്കന്‍, കെ.സുരേന്ദ്രന്, ഇ-സര്‍വ്വെ ചുമതലയുളള ഡെപ്യൂട്ടി ഡയറക്ടകര്‍ പി.മധുലിമായ, നീലേശ്വരം നഗരസഭ ചെയര്മാന് പ്രൊഫ. കെ.പി.ജയരാജന് എന്നിവര്‍ സംസാരിച്ചു.
റീസര്‍വ്വെ പ്രവര്‍ത്തനങ്ങളുടെ പ്രചരണത്തിനായുളള സിഡി കാഞ്ഞങ്ങാട് നഗരസഭാ ചെയര്മാന് നല്കി മന്ത്രി ഇ.ചന്ദ്രശേഖരന് പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: