സമാജത്തിന്റെ നേര്‍ക്ക് ആഭിമുഖ്യവും പ്രതിബദ്ധതയും പ്രകടമാക്കാന്‍ വ്യക്തികള്‍ക്ക് പ്രചോദനം തന്നിരുന്ന സമഷ്ടിധര്‍മവും സംഘബോധവും വാസ്തവത്തില്‍ നമ്മുടെ സമാജത്തിന് അജ്ഞാതമായിരുന്നോ? കുരുക്ഷേത്രത്തിലെ ഗീതോപദേശംപോലെ അത് ഇംഗ്ലീഷുകാര്‍ക്ക് മാത്രം പാനിപ്പത്തിലെ യുദ്ധക്കളത്തില്‍വച്ച് ഭഗവാന്‍ ഉപദേശിച്ചുകൊടുത്ത ‘സംഘയോഗ’മാണോ? അല്ലെന്നാണ് ചരിത്രം പറയുന്നത്. നമ്മുടെ നാടും ജനതയും ഈ സംഘവിദ്യയില്‍ ഒട്ടും പിന്നിലായിരുന്നില്ല. ഹിന്ദുസ്ഥാനിലെ വേദകാലസമാജത്തെക്കുറിച്ച് ഇന്ന് ധാരാളം പഠനം നടത്തിയിട്ടുണ്ട്. ആ രേഖകളെല്ലാം സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് ഇവിടെ നിലവിലുണ്ടായിരുന്ന അതിസുന്ദരമായ സാംഘിക ജീവിതത്തിന്റെ ഉദാഹരണങ്ങള്‍ സംശയത്തിനിടനല്‍കാത്തവിധം നിരത്തിവെയ്‌ക്കുന്നുണ്ട്.
അപവാദങ്ങളാണെന്ന് തര്‍ക്കിക്കാനോ സമര്‍ത്ഥിക്കാനോ കഴിയാത്തത്ര എണ്ണത്തില്‍ വേദങ്ങളില്‍ സാംഘികപ്രാര്‍ത്ഥനകളുണ്ട്. അവയില്‍ ഏറ്റവും പ്രസിദ്ധം ഋഗ്വേദത്തിലെ 10-ാം മണ്ഡലത്തിലുള്ള വരികളാണ്.
”സംഗച്ഛദ്ധ്വം സംവദദ്ധ്വം സം വോ മനാംസി ജാനതാം
ദേവാഭാഗം യഥാപൂര്‍വേ സംജാനാനമുപാസതേ
സമാനോ മന്ത്രഃ സമിതിഃ സമാനി
സമാനം മനഃ സഹചിത്തമേഷാം
സമാനം മന്ത്രമഭിമന്ത്രയേ വഃ സമാനേന വോ
ഹവിഷാജ്ജൂഹോമി (10-191-3)
അര്‍ത്ഥം: നിങ്ങള്‍ ഒരുമിച്ചു ഒരേ ലക്ഷ്യത്തില്‍ മുന്നോട്ടുപോവുക. ഒരു സ്വരത്തില്‍ സംസാരിക്കുക. ഒന്നായി ചിന്തിക്കുക. ഒറ്റ മനസ്സുള്ളവരായിത്തീരുക. ദേവന്മാര്‍ അങ്ങനെയായതുകൊണ്ടാണ് എല്ലാവരും അവരെ ഉപാസിക്കുന്നത്. നിങ്ങളുടെ സങ്കല്‍പം ഒരേവിധമാകട്ടെ. നിങ്ങളുടെ അന്തക്കരണം ഏതുവിധമായാല്‍ ശോഭനമായ ചേര്‍ച്ച വരുമോ അതുവിധം ഒരേ രൂപമാകട്ടെ.
അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്തവിധം ഈ മന്ത്രം സമഷ്ടിധര്‍മം ഉപദേശിക്കുന്നു. ഇതിനെ സംഘമന്ത്രം എന്നു വിളിക്കുന്നതായിരിക്കും ഏറ്റവും ഉചിതം എന്ന് തോന്നുന്നു. വൈദിക പ്രാര്‍ത്ഥനകളില്‍ ഒട്ടുമുക്കാലും കൂട്ടായ പ്രാര്‍ത്ഥനകളാണ്, മിക്കതിന്റെയും ആഖ്യ ബഹുവചനമാണ്. ഒരുമിച്ചു പ്രാര്‍ത്ഥിക്കുന്നത് അന്നത്തെ സമാജത്തിന്റെ സഹജമായ സ്വഭാവമായിരുന്നിരിക്കണം. മന്ത്രങ്ങളില്‍ ഉദ്കൃഷ്ടതരമെന്ന് കരുതപ്പെടുന്ന ഗായത്രിമന്ത്രം തന്നെ എടുക്കാം. അതില്‍ പ്രാര്‍ത്ഥിക്കുന്നത് ‘ഞാന്‍’ അല്ല ‘ഞങ്ങള്‍’ ആണ്. പ്രചോദനം ലഭിക്കേണ്ടത് ‘എനിക്ക’ല്ല, ‘ഞങ്ങള്‍’ക്കാണ്.
വേദകാലസമൂഹത്തില്‍ പ്രകടമായിരുന്ന ഈ സംഘധര്‍മം ആരാധനാമേഖലയില്‍ മാത്രം സീമിതമായിരുന്നില്ല. ‘സംഗച്ഛദ്ധ്വം…’ എന്ന ഋക്കിനെക്കുറിച്ച് സ്വല്‍പമെന്ന് വിശദമായി ശ്രദ്ധിക്കുക. അത് ഒരു ദൃഷ്ടികോണും ദിശാബോധവും നിര്‍ദ്ദേശിക്കുന്ന ഒന്നാണ് എന്നു മനസ്സിലാക്കുക. സമഗ്രസമാജത്തിന്റെ സമഗ്രജീവിതം നോക്കിക്കണ്ട് അതനുസരിച്ച് വൈയ്യക്തിക ജീവിതം കരുപ്പിടിപ്പിക്കേണ്ടുന്ന ഉദ്‌ബോധനമാണത്. ആ സംഘബോധം ആരാധനയിലെന്നപോലെ യുദ്ധത്തിലും പ്രകടമായിരുന്നു. ദസ്യുക്കള്‍ക്കും മറ്റു ശത്രുക്കള്‍ക്കുമെതിരെ പടനീക്കം നയിക്കുന്ന ഗണങ്ങളുടെ പതിയായിരുന്നു ഗണപതി. വേദത്തിലെ ഗണപതി നാം ഇന്നു ചിത്രീകരിക്കുന്ന ‘വക്രതുണ്ഡമഹാകായ’നല്ല. പിന്നെയോ, ദേവഗണങ്ങളുടെ പതിയാണ്. പടനീക്കത്തില്‍ എല്ലാവരും അദ്ദേഹത്തെ അനുഗമിക്കണം, അനുസരിക്കണം. ഇന്നത്തെ ശൈലിയില്‍ ‘അണ്ടര്‍ വണ്‍ സിംഗിള്‍ കമാന്‍ഡ്’ അണിയിട്ടു പൊരുതണം.
ഒരാള്‍പോലും കൂട്ടംവിട്ടുപോകരുത്. മാറിനില്‍ക്കരുത്. കൂറുമാറരുത്. അങ്ങനെ ആരെങ്കിലും ചെയ്തതായും വര്‍ണനയില്ല. ഈ പെരുമാറ്റം നമ്മുടെ സമാജം മതാന്ധരായ മുസ്ലിങ്ങകളോടും സൂത്രശാലികളായ ഇംഗ്ലീഷുകാരോടും പൊരുതുമ്പോള്‍ ഓര്‍ക്കുകയും നടത്തുകയും ചെയ്തിരുന്നെങ്കില്‍ കൂറുമാറ്റത്തിന്റെയും ദേശദ്രോഹത്തിന്റെയും അതിനീചമായ സംഭവപരമ്പരകള്‍ നമുക്ക് ഒഴിവാക്കാമായിരുന്നു. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു നിര്‍വിഘ്‌നം ശ്വസിക്കാന്‍ കഴിയുമായിരുന്നു. ഇവിടെ സംഘവിദ്യ ഇല്ലാതിരുന്നതിന്റെ കുറവായിരുന്നില്ല, മറന്നതിന്റെ തകരാറായിരുന്നു അടിമത്തത്തിനു കാരണം.
(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍ നിന്ന് (തുടരും)
















