കോഴിക്കോട്: സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ കേരളത്തില്‍ ഇടമില്ലെന്ന് സിപിഎം പോഷക സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷനും. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ എംപിയുമായ അഡ്വ. പി. സതീദേവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് വലിയ രീതിയില്‍ സ്ത്രീകള്‍ക്കുനേരെ അതിക്രങ്ങള്‍ ഉണ്ടാകുന്നുണ്ട്. സമൂഹം ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. പൊലീസിന്റെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ പ്രവര്‍ത്തനം ഉണ്ടാകാന്‍ ഇടപെടലുകള്‍ അനിവാര്യമാണെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
അന്താരാഷ്‌ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി മാര്‍ച്ച് ഒമ്പത് മുതല്‍ 30 വരെ വിവിധ വനിതാ സംഘടനകളുമായി ചേര്‍ന്ന് ബോധവത്ക്കരണ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നുണ്ട്. തൊഴിലിടങ്ങളിലും പൊതു ഇടങ്ങളിലും സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 10 ന് ജില്ലാ കലക്ടര്‍മാര്‍ക്ക് നിവേദനം നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അസോസിയേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് കാനത്തില്‍ ജമീല, വിവിധ വനിതസംഘടനകളുടെ പ്രതിനിധികള്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















