മാര്‍ച്ച് ആറ്.. ലോക വനിതാ ദിനത്തിന് രണ്ടു ദിവസം കൂടി മാത്രം.. അന്നാണ് ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരി വാലന്റീന തെരഷ്കോവയ്ക്ക് 80 തികഞ്ഞത്. 26-ാം വയസിലാണ് അവര്‍ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചത്. ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ അയച്ചു, ബഹിരാകാശത്ത് സ്ഥിരം കേന്ദ്രം സ്ഥാപിച്ചു, ചൊവ്വയിലും മറ്റും നാസയുടെ ചെറുവാഹനങ്ങള്‍ ഇറങ്ങിക്കറങ്ങി, പാറ തുരന്നു, വെള്ളമുണ്ടോയെന്ന് നോക്കി, വല്ല ജീവനുകളേയും കാണാനുണ്ടോയെന്ന് പരിശോധിച്ചു. സൗരയൂഥത്തിലെ പല ഗ്രഹങ്ങളിലും നാസയുടെയടക്കം കണ്ണുകള്‍ പാറിപ്പറന്നു. അങ്ങനെ നേട്ടങ്ങള്‍ നാം കൊയ്തെടുത്തെങ്കിലും തെരഷ്കോവയുടെ റിക്കാര്‍ഡ് എന്നും അചുംബിതമായിരിക്കും.
വാലന്റീന തെരഷ്കോവയെന്ന റഷ്യന്‍ കോസ്മോനോട്ട് മധ്യ യുഎസ്എസ്ആറിലെ യാരോസ്ളാവില് ട്രാക്ടര്‍ ഡ്രൈവറുടേയും ഫാക്ടറി തൊഴിലാളിയുടേയും മകള്‍.
ഇരുപതു വയസായപ്പോള്‍ മുതല്‍ സ്കൈ ഡൈവര്‍. ആകാശത്ത് വിമാനങ്ങളില്‍ നിന്നും കോപ്ടറുകളില്‍ നിന്നും മറ്റും ചാടുക… അങ്ങനെ 90 ലേറെ ചാട്ടങ്ങളിലൂടെ പ്രശസ്തയായിക്കഴിഞ്ഞപ്പോഴാണ് ബഹിരാകാശ വാഹനം പറത്താനുള്ള ദൗത്യം അവരെതേടിയെത്തിയത്. ആദ്യ ബഹിരാകാശ സഞ്ചാരി യൂറി ഗഗാറിനെപ്പോലെയുള്ളവരായതിനാല് പാവാട ധരിച്ച ഗഗാറിന് എന്നാണ് തെരഷ്കോവയെ വിളിച്ചത്.
1963 ജൂണ്‍ 16 നാണ് അവര്‍ ചരിത്രം കുറിച്ച് ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നത്. കസാക്കിസ്ഥാനിലെ ബൈക്കനൂര്‍ കോസ്മോഡ്രോമില്‍ നിന്ന് വോസ്തോക്ക് ആറ് ശൂന്യാകാശ വാഹനം വിക്ഷേപിച്ചത് ലോക ചരിത്രത്തിലേക്ക്. 70 മണിക്കൂറും 50 മിനിറ്റും (ഏകദേശം മൂന്നു ദിവസം) ആണ് അവര്‍ ബഹിരാകാശത്ത് ചെലവഴിച്ചത്. അവരുടെ ശൂന്യാകാശ വാഹനം ഭൂമിയെ ചുറ്റിയത് 49 തവണയാണ്. ഒറ്റയ്ക്ക് ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കിയ ലോകത്തിലെ ഏക വനിതയും അവര്‍ തന്നെ.
ഒരു കഷണം ബ്രഡിന് അന്ന് കൊതിച്ചു. എണ്‍പതാം വയസില്‍ അവര്‍ പറഞ്ഞു. ഭൂമിയില്‍ നിന്ന് കൊണ്ടുപോയ ബ്രഡ് കഴിക്കാന്‍ പറ്റാത്ത വിധം മരവിച്ചിരുന്നു. അല്പം ഉരുളക്കിഴങ്ങോ ഉള്ളിയോ കിട്ടിയിരുന്നെങ്കില്‍ എന്ന് വല്ലാതെ ആഗ്രഹിച്ചു. വെള്ളം ഐസ് പോലെ തണുത്തത്. എങ്കിലും വെള്ളവും ജ്യൂസുകളും നല്ലതായിരുന്നു. ബഹിരാകാശത്തുവച്ച് ഒരു തവണ ഛര്‍ദ്ദിച്ചു. അവിടെയായതു കൊണ്ടല്ല, യാത്ര പുറപ്പെടും മുന്‍പ് കഴിച്ച ടിന്നിലടച്ച മീനും മറ്റുമായിരുന്നു ഛര്‍ദ്ദിക്ക് കാരണം.
കനമേറിയ ശൂന്യാകാശക്കുപ്പായവും ഹെല്‍മെറ്റും വലിയ ഭാരം തന്നെയായിരുന്നു. അന്നത്തെ യാത്രാ നിയന്ത്രണ സംവിധാനത്തില്‍ വലിയ കുഴപ്പമുണ്ടായിരുന്നത് കണ്ടെത്തിയതും തെരഷ്കോവ തന്നെ. ജൂണ്‍ 19നാണ് പേടകം ഭൂമിയില്‍ മടങ്ങിയെത്തിയത്.
തെക്കന്‍ സൈബീരിയയിലെ അള്‍ട്ടായ് മേഖലയില്‍ വോസ്തോക്ക് ആറ് സുരക്ഷിതമായി ഇറങ്ങി.പിന്നീട് മറ്റൊരു കോസ്മോനോട്ട് ആന്‍ഡ്രിയന്‍ നിക്കോളോയേവിനെയാണ് അവര്‍ വിവാഹം കഴിച്ചത്. 1964 ല്‍ മകളുണ്ടായി, എല്‍ന. ലോകത്തെ ആദ്യ ബഹിരാകാശ സഞ്ചാരികളായ ദമ്പതികളുടെ മകളെന്ന റിക്കോര്‍ഡ് എല്‍നയ്ക്ക് സ്വന്തം.
2013 ല്‍ റഷ്യ ഏറ്റവും വലിയ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് അലക്സാണ്ടര്‍ നെവ്സ്കി നല്കി ആദരിച്ചു. പ്രസിഡന്റ് വ്ളാദിമീര്‍ പുടിനാണ് ഇത് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: