കണ്ണൂര്‍: കഴിഞ്ഞ ദിവസം രാത്രി തളാപ്പില്‍ വച്ച് സിപിഎമ്മുകാരുടെ ആക്രമണത്തില്‍ വെട്ടേറ്റ ബിജെപി കണ്ണൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് ഇടച്ചേരി ശിവം ഹൗസില്‍ സുശീല്‍കുമാറിന്റെ (48) നില അതീവ ഗുരുതരം. വെട്ടേറ്റ് കുടല്മാലപുറത്തായ സുശീല്‍ കുമാറിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
സുശീല്‍കുമാറിന് അപകടനില തരണം ചെയ്യാന്‍ മണിക്കൂറുകള്‍ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ബുധനാഴ്ച രാത്രി 9 മണിയോടെ ബൈക്കിലെത്തിയ സംഘം തളാപ്പ് ഭജന്‍മുക്കില്‍ വച്ച് സുശീല്‍കുമാറിനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. കൊയിലി ആശുപത്രിയിലെ പ്രാഥമിക ചികിത്സ നല്കിയ ശേഷം കോഴിക്കോട് ബേബിമെമ്മോറിയല്‍ ആശുപത്രിയിലേക്ക്മാറ്റുകയായിരുന്നു.
മറ്റൊരു ബിജെപി പ്രവര്‍ത്തകനായ ശിവദാസനും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. സമാധാനം നിലനില്‍ക്കുന്ന തളാപ്പ് മേഖലയില്‍ കരുതിക്കൂട്ടി അക്രമം വ്യാപിപ്പിക്കാനുളള സിപിഎം നീക്കത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സിപിഎം അക്രമത്തില്‍ ബിജെപി കണ്ണൂര്‍ മണ്ഡലം കമ്മിറ്റിയും കോര്പ്പറേഷന് കമ്മിറ്റിയും പ്രതിഷേധിച്ചു.
കണ്ടാലറിയാവുന്ന ഒന്‍പത് സി.പി.എം പ്രവര്‍ത്തകരുടെ പേരില്‍ ടൗണ്‍പൊലീസ് കേസെടുത്തു. അക്രമി സംഘത്തില്‍പെട്ട ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും കണ്ണൂര്‍ ഡിവൈഎസ്പി പി.പി സദാനന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: