വളരെ വിശദമായി കൈകാര്യം ചെയ്യേണ്ട ഈ വിഷയത്തില്‍ ചില ചില സൂചനകള്‍ നല്‍കാം.പരമേശ്വരന്‍ ഏകനാണ്. അദ്ദേഹത്തെ വേദം വിശേഷിപ്പിക്കുന്നത് അജൈകപാത്ത് (ഒരിക്കലും ജനിക്കാത്ത ഏകരക്ഷകന്‍) എന്നാണ്. ഏകം സദ് വിപ്രാഃ ബഹുധാ വദന്തി, ശിവഃ കേവലം, സച്ചിദേകം ബ്രഹ്മ തുടങ്ങിയ ശ്രുതിവചനങ്ങള്‍ ഇതിന് സാക്ഷ്യം വഹിക്കുന്നു. ഈശ്വരന്‍ ഏകനും അദ്വിതീയനുമാണ്. ഏകമേവാദ്വിതീയം ബ്രഹ്മ-ഏകന്‍ ആണ് (ഒരേ ഒരാള്‍). അദ്വിതീയന്‍-രണ്ടാമതൊരുവന്‍ ഇല്ലാത്തവന്‍.
ഈശ്വരശക്തികൊണ്ട് പ്രകാശിക്കുന്ന ഭഗവാന്മാര്‍, ദേവന്മാര്‍, ഉപദേവന്മാര്‍ തുടങ്ങിയവര്‍ അനേകമുണ്ടെങ്കിലും പരമേശ്വരന്‍ ഏകനാണെന്ന് വേദോപനിഷത്തുക്കളും ആഗമങ്ങളും ഋഷി ഗുരുപരമ്പരകളും ഒരുപോലെ സൂചിപ്പിക്കുന്നു.
പ്രമാണങ്ങള്‍
1. അജൈകപാത്ത് = അജന്‍ + ഏകന്‍ + പാത്ത് = ജനിമൃതികളില്ലാത്ത ഏക സംരക്ഷകന്‍ (പരിപാലകന്‍).
2. സത്-ചിത്-ഏകം-ബ്രഹ്മ-(സച്ചിദേകം ബ്രഹ്മ)
സത് = പരമമായ അസ്തിത്വം (അടിസ്ഥാന യാഥാര്‍ത്ഥ്യം, ആത്യന്തിക ഉണ്മ) ഒന്നുമാത്രം. ചിത് = വിശേഷ ജ്ഞാനത്തോടുകൂടിയ പരമ (പൂര്‍ണ) ബോധം.
3. ശിവഃ കേവലം-പരമ യാഥാര്‍ത്ഥ്യം പൂര്‍ണ സ്വതന്ത്രനായ പരമശിവന്‍ മാത്രം.
4. ഏകോഹി രുദ്ര ന ദ്വിതീയായ തസ്ഥുര്യ ഇമാന്‍ ലോകാനിശത ഈശനീബി: (ശ്വേതാശ്വതരോപനിഷത്ത് 3-2)ഈ ലോകങ്ങളെ മുഴുവന്‍ സ്വശക്തികൊണ്ട് ഭരിക്കുന്ന പരമേശ്വരനായ മഹാരുദ്രന്‍ ഏകനാകുന്നു. അദ്ദേഹം രണ്ടാമതൊന്നിനെ ആശ്രയിച്ച് സ്ഥിതി ചെയ്യുന്നില്ല.
5. ഏകം സത്- ഈശ്വരന്‍ (സത്യം)ഒന്ന്.
6. ഏകം സത് വിപ്രാ: ബഹുധാ വദന്തി- ഈശ്വരന്‍ ഒന്നേയുള്ളൂ, വിജ്ഞന്മാര്‍ പല പേരുകളില്‍ വിശേഷിപ്പിക്കുന്നു.
7. ഏകം സന്തഃ ബഹുധാ കല്‍പയന്തി- അന്തിമ തത്വം ഒന്നേയുള്ളൂ. വിവിധ രീതിയില്‍ വര്‍ണിക്കുന്നു.
8. ഏകം ദീപം ബഹുധാ ഭാസയന്തി-എല്ലാത്തിനേയും പ്രകാശിപ്പിക്കുന്ന ജ്യോതിസ്വരൂപന്‍ ഏകന്‍. പല രീതിയില്‍ പ്രകാശിക്കുന്നു.
9. ഏകോ ദേവ നഹേ നാനാസ്തി കിഞ്ചന- പരമേശ്വരന്‍ ഏകന്‍ മാത്രം, അനേക ഈശ്വരന്മാര്‍ ഇല്ല.
10. ഏകമേവാദ്വിതീയം ബ്രഹ്മ- ഈശ്വരന്‍ ഏകന്‍ (ഒരേ ഒരാള്‍) ആണ്. അദ്വിതീയന്‍-രണ്ടാമതൊരുവന്‍ ഇല്ല.
11. ഏകസ്യാത്മനോന്യേ ദേവം പ്രത്യംഗാനി ഭവതി- ഏകനായ ഈശ്വരന്റെ പ്രത്യംഗങ്ങളാണ് (അവയവങ്ങള്‍) മറ്റു ദേവന്മാരൊക്കെ (യാസ്‌ക നിരുക്തം).
12. മൃത്യോഃ സഃ ഗച്ഛതി യഃ ഇഹ നാനേവ പശ്യതി- യാതൊരുവന്‍ ഒന്നിനെ പലതായി കാണുന്നുവോ, അയാള്‍ മൃത്യുവില്‍നിന്ന് മൃത്യുവിലേക്ക് പതിക്കുന്നു (കഠോപനിഷത്, ദ്വിതീയാധ്യായം- പ്രഥമവല്ലി 11-ാം ശ്ലോകം).
13. ഏകദൈവ സിദ്ധാന്തം അവതരിപ്പിച്ച് ശ്രീനാരായണഗുരു വേദാന്ത സൂത്രത്തില്‍ ‘രുദ്രത്വം ആസീത്’ എന്ന് സൂചിപ്പിക്കുന്നു. ‘ഏകമേവാദ്വിതീയം ബ്രഹ്മാസ്തി നാന്യന്ന സംശയ’ ബ്രഹ്മം ഒന്നുമാത്രം രണ്ടില്ലാതെ നിലനില്‍ക്കുന്നു. മറ്റൊന്നുമില്ല, സംശയം വേണ്ട (ദര്‍ശനമാല 10: 10). ഒരു ദൈവമേ മനുഷ്യനുള്ളൂ എന്ന് അദ്ദേഹം തന്റെ പ്രസിദ്ധമായ സന്ദേശത്തിലൂടെയും അറിയിച്ചു.
പരമേശ്വരന്റെ തത്ത്വനാമം പരമശിവന്‍ ആ ഏകന്‍ ആരാണ്?
പരമേശ്വരന്റെ തത്ത്വനാമങ്ങള്‍ (ശരിയായ പേര്) ആണ് ശിവന്‍, ശിവം, പരമശിവം, പരമശിവന്‍ എന്നിവ. മറ്റുള്ളതെല്ലാം അവ്യയ (ഗുണ-വിശേഷ) നാമങ്ങളോ, അനന്യ (ലക്ഷണ/ exclusive qualities))െ നാമങ്ങളോ, വിഭൂതി (മഹിമ) നാമങ്ങളോ ആണ്. തനിക്ക് താനല്ലാതെ മറ്റാരുടെയും ആശ്രയമില്ലാതെ വിശ്വോത്പത്തിക്കു മുന്‍പും അതിനുശേഷവും സദാ ശിവം (മംഗളം, ശുഭം, പരമനന്മ) ചൊരിഞ്ഞ് പ്രകാശിക്കുന്ന പരംജ്യോതി സച്ചിദാനന്ദ സ്വരൂപിയായ ഏക പരബ്രഹ്മതത്വമാണ് പരമശിവന്‍.
വിവിധ ഈശ്വരനാമങ്ങള്‍, പരമേശ്വര ഗുണനാമങ്ങള്‍
സര്‍വത്ര വ്യാപിച്ചവന്‍ ആയതിനാല്‍ പരമേശ്വരനെ വിഷ്ണു, വിഭു, സാര്‍വ്വത്രികന്‍, അനന്തന്‍, ബഹുരൂപന്‍, അനേകാത്മന്‍, ജഗത് വ്യാപി, സര്‍വഗതന്‍, അന്തരാത്മ, സര്‍വവ്യാപി എന്നെല്ലാം വേദം വിശേഷിപ്പിക്കുന്നു. എല്ലാവര്‍ക്കും ജ്ഞാനം നല്‍കി സമസ്ത ദുഃഖങ്ങളെയും നീക്കുന്നവനാകയാല്‍ രുദ്രന്‍, മഹാരുദ്രന്‍ എന്നും വിളിക്കുന്നു. സര്‍വ്വദുഃഖ-പാപ-താപത്രയ സംഹാരകനായതിനാല്‍ ഹരന്‍, എല്ലാത്തിന്റെയും സൃഷ്ടികര്‍ത്താവും നിയാമകനും ശാസകനും ആയതിനാല്‍ പ്രഭു, നാനാരൂപത്തില്‍ പ്രകടമാകുന്നവനാകയാല്‍ വിഭു, സര്‍വ്വദേവതാസ്വരൂപന്‍ ആയതിനാല്‍ പരമശിവന്‍ ബഭ്രുവായി. ഉപാസിക്കപ്പെടേണ്ടവനായതുകൊണ്ട് ഉപാസ്യന്‍ എന്നും, ശരണം പ്രാപിക്കപ്പെടേണ്ടവനാകയാല്‍ ശരണ്യന്‍ എന്നും, യജ്ഞമൂര്‍ത്തിയും യജ്ഞേശ്വരനും ആകയാല്‍ ശിപിവിഷ്ടന്‍ എന്നും, പ്രകൃതിയെ (ചന്ദ്രന്‍) ധരിച്ചവനാകയാല്‍ ചന്ദ്രശേഖരന്‍ എന്നും വിളിക്കുന്നു. ഒരു നിയമങ്ങളും സ്വയം ബാധിക്കാതെ പൂര്‍ണസ്വതന്ത്രനായി നില്‍ക്കുന്നവനാകയാല്‍ കേവലന്‍ എന്നും, എല്ലാ നിയമങ്ങളെയും മാറ്റിമറിക്കുവാന്‍ കഴിയുന്നവനാകയാല്‍ ഉഗ്രന്‍ എന്നും, എല്ലാവരും പൂജിക്കുകയും അധര്‍മ്മികള്‍ ഭയപ്പെടുകയും ചെയ്യുന്നതുകൊണ്ട് ഭീമന്‍ എന്നും, ആരാലും പരാജയപ്പെടുത്താന്‍ കഴിയാത്തതിനാല്‍ ദുര്‍ധര്‍ഷന്‍ എന്നും, ആര്‍ക്കും തടുക്കാനാവാത്തവനാകയാല്‍ കഠോരന്‍ എന്നും പേര്‍ വന്നു. സ്ഥിരന്‍, സ്ഥാണു, മയോഭവന്‍, പ്രമഥാധിപന്‍, പിതാമഹന്‍, വാമദേവന്‍, തത്പുരുഷന്‍, അഘോരന്‍, സദ്യോജാതന്‍, ഈശാനന്‍ എന്നിങ്ങനെ വിവിധ ഈശ്വര നാമങ്ങള്‍ പരമേശ്വരന്റെ ഗുണനാമങ്ങളായുണ്ട്. (ഭാരത പ്രഭാവം എന്ന പുസ്തകത്തില്‍നിന്ന്: 9496028251)
















