ശിശുവായിരിക്കുമ്പോള്‍ മുതലേ തീര്‍ത്ഥരാമനില്‍ ഈശ്വരഭക്തി തെളിഞ്ഞുകാണാമായിരുന്നു. ക്ഷേത്രദര്‍ശനമെന്ന് കേട്ടാല്‍ അവന്‍ മറ്റെല്ലാം മറക്കും. ഈശ്വരീയമായ കാര്യങ്ങള്‍ക്കുവേണ്ടി അതായത് ഭജന, പൂജ, ദാനം, സത്സംഗം, ക്ഷേത്രദര്‍ശനം എന്നിവയ്‌ക്കായി അവന്‍ നീക്കുപോക്കില്ലാത്ത ശാഠ്യം പിടിക്കും. ഒരു വയസ്സ് തികയുന്നതിന് മുന്‍പുതന്നെ ക്ഷേത്രത്തിലെത്തിയാല്‍ മുഖമണ്ഡലം വികസിക്കുകയും കൈകൊട്ടി അവന്റേതായ ഭാഷയില്‍ ഭജന പാടുകയും ചെയ്യും.
ശംഖനാദം വളരെയേറെ ഇഷ്ടപ്പെട്ടിരുന്നു. ആരതിയുടെ സന്ദര്‍ഭം വന്നാല്‍ നിര്‍ന്നിമേഷനായി എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്തുകൊണ്ട് നില്‍ക്കും. വീട്ടിലെന്തെങ്കിലും കുസൃതി കാണിക്കുകയോ ശാഠ്യം പിടിച്ച് കരയുകയോ ചെയ്താല്‍ ശാന്തനാക്കാന്‍ ചിറ്റയായ ധര്‍മ്മകൗര്‍ (അമ്മയുടെ അകാലാന്ത്യത്തെ തുടര്‍ന്ന് തീര്‍ത്ഥരാമനെ വളര്‍ത്തിയത് അവരാണ്) അവനെ തൊട്ടടുത്ത അമ്പലത്തില്‍ കൊണ്ടുപോകും. അവിടെ എത്തിയാല്‍ പിന്നെ കുഞ്ഞ് ആവേശഭരിതനായി തീരും.
കുറച്ചുകൂടി വളര്‍ന്നതോടെ അന്തനമുരാലിവായിലെ പ്രാഥമിക വിദ്യാലയത്തില്‍ ചേര്‍ത്തു. തീക്ഷ്ണമായ ബുദ്ധിശക്തിയുടെ ഉടമയായ തീര്‍ത്ഥരാമന്‍ എല്ലാ അദ്ധ്യാപകരുടെയും കണ്ണിലുണ്ണിയായിത്തീര്‍ന്നു.
ഒരിക്കല്‍ അവിടത്തെ ധര്‍മ്മശാലയില്‍ കുറച്ചു സന്യാസികള്‍ വന്നുചേര്‍ന്നു. ഉച്ചതിരിഞ്ഞപ്പോള്‍ അവര്‍ സുന്ദരമായ ഭജന ആരംഭിച്ചു. അന്ന് അവധി ദിനമായിരുന്നതുകൊണ്ട് തീര്‍ത്ഥരാമന്‍ അതില്‍ ആദ്യന്തം ലയിച്ച് പങ്കെടുത്തു. പിറ്റേന്ന് പതിവുപോലെ ക്ലാസുള്ള ദിവസമായിരുന്നു. എന്നാല്‍ ഭജനയുടെ സമയമായപ്പോള്‍ തീര്‍ത്ഥരാമന്‍ അതില്‍ പങ്കെടുക്കാനുള്ള അനുമതി ചോദിച്ചു. സ്വാഭാവികമായും അധ്യാപകന്‍ അനുവദിച്ചില്ല.
തന്റെ അപേക്ഷ നിരസിച്ച മാത്രയില്‍ രാമന്റെ ഭാവം മാറി, അവന്‍ പൊട്ടിക്കരയാന്‍ തുടങ്ങി. ഇതുകണ്ട് അധ്യാപകന്‍ അദ്ഭുതപ്പെട്ടു. നാളിതവുരെ മിഠായിക്കും പലഹാരത്തിനും വേണ്ടി വാശിപിടിച്ചു കരയുന്ന കുഞ്ഞുങ്ങളെ മാത്രമേ അദ്ദേഹം കണ്ടിട്ടുള്ളൂ. അമ്പലത്തിലെത്തിയ സന്യാസിമാരോടൊത്തു ചേര്‍ന്ന് ഭജന നടത്താന്‍ ശഠിച്ച് കരയുന്ന അഞ്ചുവയസ്സു തികയാത്ത ബാലന്റെ അപാരമായ ഭക്തിയില്‍ പ്രസന്നനായ അധ്യാപകന്‍ അവസാനം അവനെ ഭജനക്ക് പോകാന്‍ അനുവദിച്ചു. സ്വര്‍ഗം കയ്യില്‍ കിട്ടിയ സന്തോഷത്തോടെ അധ്യാപകനെ നമസ്‌കരിച്ച്, അവന്‍ ഭജനക്കായി ഓടി.
















