ആന്റ്വിഗ: തൊണ്ണൂറ്റി മൂന്നു ദിവസം, 4050 മൈല്‍, തിരമാലകള്‍ ആര്‍ത്തലയ്‌ക്കുന്ന പസഫിക് സമുദ്രം…ക്രിസ് ബെര്‍ട്ടിഷ് തുഴഞ്ഞെത്തിയത് ചരിത്രത്തിലേക്ക്…പാഡില്‍ബോര്‍ഡ് ബോട്ടില്‍ നിന്ന് തുഴഞ്ഞ് പസഫിക്കിനു കുറുകേ സഞ്ചരിക്കുന്ന ആദ്യ വ്യക്തി എന്ന ചരിത്രമാണ് ക്രിസ് കുറിച്ചിട്ടത്. 93 ദിവസങ്ങള്‍ക്കു മുമ്പ് മൊറോക്കോയിലെ അഗാദിറില്‍ നിന്നാണ് ക്രിസ് യാത്ര തുടങ്ങിയത്. വെസ്റ്റിന്‍ഡീസിലെ ലീവാര്‍ഡ് ദ്വീപിലുള്ള ആന്റിഗ്വയുടെ തീരമണയുമ്പോള്‍ ഈ തുഴച്ചില്‍ക്കാരന്‍ ആര്‍ത്തു വിളിക്കുകയായിരുന്നു. വീട്ടുകാരും സുഹൃത്തുക്കളും കാത്തു നില്‍ക്കുകയായിരുന്നു. അവരുടെ ആഹ്ലാദാരവങ്ങള്‍ക്കിടെ ക്രിസ് പറഞ്ഞു, ഞാനിപ്പോഴും നില്‍ക്കുകയാണ്.
തിരമാലകള്‍ക്കിടയിലൂടെ പാഡില്‍ബോര്‍ഡില്‍ നീന്തിക്കയറുന്ന സര്‍ഫിങ് എന്ന സാഹസികതയില്‍ മിടുക്കനായിരുന്ന ക്രിസ് ഏതാനും മാസങ്ങള്‍ക്കു മുമ്പേ പസഫിക് തുഴഞ്ഞു കടക്കാനുള്ള തീവ്രശ്രമങ്ങള്‍ക്കു തുടക്കമിട്ടിരുന്നു. അഞ്ചു വര്‍ഷത്തെ തയാറെടുപ്പുകള്‍ക്കു ശേഷമാണ് ഈ നാല്‍പ്പത്തിരണ്ടുകാരന്‍ ഈ സാഹസിതകയ്‌ക്ക് പസഫിക്കിലേക്ക് ഇറങ്ങിയത്. 2010ലെ മാവെറിക്‌സ് സര്‍ഫ് ചാംപ്യന്‍ഷിപ്പില്‍ ജേതാവായിരുന്നു ക്രിസ്.
ബ്രിട്ടിഷ് നേവല്‍ ശില്‍പ്പി ഫില്‍ മോറിസണ്‍ പ്രത്യേകം ഡിസൈന്‍ ചെയ്ത ബോട്ടാണ് ക്രിസ് ഉപയോഗിച്ചത്. ബോട്ട് നിര്‍മാണത്തിനു മാത്രം ആറുമാസമെടുത്തു. ഇരുപത് അടി നീളമുള്ള ബോട്ടാണിത്. ജിപിഎസ്സ, റേഡിയോ, സാറ്റലൈറ്റ് ഫോണ്‍ സംവിധാനങ്ങളും സോളാര്‍ പാനലും സജ്ജമാക്കിയിരുന്നു.
കടല്‍ക്ഷോഭം, സ്രാവുകളുടെ ആക്രമണം എന്നിവയെ എല്ലാം അതിജീവിച്ചാണ് ക്രിസ് പസഫിക്കിലൂടെ തുഴഞ്ഞ് ലക്ഷ്യത്തിലേക്കു നീങ്ങിയത്. ഒരു ദിവസം ശരാശരി അമ്പതു കിലോമീറ്റര്‍ ക്രിസ് തുഴഞ്ഞു നീങ്ങി. അവസാന ദിവസം എഴുപതു കിലോമീറ്റര്‍ തുഴഞ്ഞാണ് ആന്റിഗ്വയുടെ തീരത്തേക്ക് എത്തിയത്. ബോട്ടില്‍ നിന്നു കൊണ്ട് മാത്രമാണ് 93 ദിവസവും ക്രിസ് തുഴഞ്ഞത്.
കടലിന്റെ വെല്ലുവിളികളെ എങ്ങിനെ അതിജീവിച്ചു എന്നു ചോദിച്ചപ്പോള്‍, എല്ലാം തരണം ചെയ്യാന്‍ കഴിഞ്ഞതുല്‍ സന്തോഷമുണ്ടെന്നായിരുന്നു മറുപടി. എന്നാല്‍ പുറം കടലിലെ ഏകാന്തമായ നിമിഷങ്ങളെ തുഴഞ്ഞു മറി കടക്കാനായിരുന്നു ഏറ്റവും വിഷമിച്ചതെന്നും ക്രിസ് കൂട്ടിച്ചേര്‍ത്തു.















