രാജി പ്രഖ്യാപിച്ച സുധീരനോട് ടി.എന്‍. പ്രതാപനടക്കമുള്ളവര്‍ സംഭാഷണത്തില്‍ – വി.വി. അനൂപ്
ഒരു അന്തിക്കാടന്‍ ഉടായിപ്പ് പോലെ കിനാശ്ശേരിയിലെ മദ്യവിരുദ്ധപോരാളി കെപിസിസി പ്രസിഡന്റിന്റെ കുപ്പായം ഊരുന്നു. മാധ്യമപ്രവര്‍ത്തകരെ വിളിക്കുന്നു. ക്യാമറകളുടെ കണ്‍മുന്നില്‍ രാജി ഒപ്പിടുന്ന ആദ്യത്തെ ആദര്‍ശധീരന്റെ പരിവേഷം തേടുന്നു. അപ്രതീക്ഷിതം എന്ന് മറ്റുള്ളവര്‍ വിചാരിക്കുന്ന ഈ സംഭവവികാസത്തിന് സാക്ഷ്യം വഹിക്കാന്‍ സുധീരന്‍ കൈപിടിച്ച് ഡിസിസി പ്രസിഡന്റ് കസേരയിലിരുന്ന ഖദര്‍ധാരികള്‍ ചുറ്റും വട്ടമിടുന്നു. പിന്നെ ശ്രീനിവാസന്റെ പടത്തില്‍ കാണുംപോലെ അയ്യോ വിഎം പോകല്ലേ എന്ന് കോറസ് പാടുന്നു.
സുധീരന്‍ കട്ടയും പടവും മടക്കുന്നതിന് അനാരോഗ്യമാണ് കാരണമെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. മദ്യരഹിത കിനാശ്ശേരി എന്ന സ്വപ്‌നം പോലെയായിരുന്നു സുധീരന്റെ ഗ്രൂപ്പ് രഹിത കോണ്‍ഗ്രസ് എന്ന ആഹ്വാനം. ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസ് ഉണ്ടാക്കാന്‍ ഉട്ടോപ്യന്‍ ഹൈക്കമാന്റ് കേരളത്തിലേക്ക് തൊടുത്തുവിട്ട അന്തിക്കാട്ടുകാരന്‍ ഗ്രൂപ്പില്ലാത്തവരുടെ ഗ്രൂപ്പുണ്ടാക്കിയാണ് കോണ്‍ഗ്രസിനെ കേരളത്തില്‍ നിവര്‍ന്ന് നില്‍ക്കാന്‍ ത്രാണിയില്ലാത്തവരുടെ കൂട്ടമാക്കിയത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരുന്നതോടെ സുധീരനെ പിടിച്ച് മെത്തയിലിരുത്തിയ ഹൈക്കമാന്‍ഡന്മാര്‍ മൊത്തത്തില്‍ രാഹുല്‍ഗാന്ധിക്കൊപ്പം ബ്രിട്ടനില്‍ ടൂര്‍ പോകാനാണ് സാധ്യത. ദീനക്കിടക്കയില്‍ എഴുന്നേല്‍ക്കാത്ത കോണ്‍ഗ്രസ് ഹൈക്കമാന്റിനോടാണ് അനാരോഗ്യം എന്ന നോട്ടീസും കാട്ടി സുധീരന്‍ രാജിസന്നദ്ധത പ്രകടിപ്പിക്കുന്നത്.
വല്ലാത്തൊരു വരവായിരുന്നു അത്. മൂന്നു കൊല്ലം മുമ്പാണത്. ഉമ്മന്‍ചാണ്ടി മുട്ടിപ്പായി കരഞ്ഞിട്ടും മുഷ്ടി ചുരുട്ടി പ്രതിഷേധിച്ചിട്ടും ആ വരവ് തടയാന്‍ കഴിഞ്ഞില്ലെന്നോര്‍ക്കണം. സ്ഥാനമേറ്റെടുക്കുമ്പോള്‍ അത് കാണാന്‍ കഴിയാതെ ഓഫീസുമുറിക്കുള്ളില്‍ തിരക്കഭിനയിച്ച് അസംതൃപ്തി കാട്ടുകയും ചെയ്തു കുഞ്ഞൂഞ്ഞ്. ഫലത്തില്‍ ഒരുവിധം അടങ്ങിക്കിടന്ന ഗ്രൂപ്പ് പോരിന് അന്നാണ് കൂടുതല്‍ ആവേശമുണ്ടായത്. അനധികൃതഖനനങ്ങള്‍ക്കെതിരെയും സംസ്ഥാനത്തുടനീളം നടന്നിട്ടുള്ള പാരിസ്ഥിതിക ധ്വംസനങ്ങള്‍ക്കെതിരെയും മദ്യം വിറ്റ് സമ്പന്നരാകാനുള്ള സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെയുമൊക്കെ വലിയവായില്‍ പ്രസംഗിച്ച് കയ്യടി കുറേ നേടിയിട്ടുണ്ട് ഇദ്ദേഹം. അതും പോരാഞ്ഞ് സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാര്‍ ചെയ്യുന്നതൊന്നും ചൊവ്വല്ലെന്നും സംസ്ഥാന മന്ത്രിസഭയിലെ പലരും പരമ വേസ്റ്റാണെന്നും തട്ടിവിട്ട് വാര്‍ത്തകളില്‍ നിറയുകയും ചെയ്തു സുധീരന്‍. ഭരിക്കുന്ന സര്‍ക്കാരിന് നിത്യം തലവേദന ഉണ്ടാക്കുന്ന ഒരാളെ പാര്‍ട്ടി പ്രസിഡന്റാക്കുക എന്ന അപൂര്‍വവും കൗതുകകരവുമായ എന്ന കൃത്യത്തിനാണ് അന്ന് ഹൈക്കമാന്റ് കാര്‍മ്മികത്വം വഹിച്ചത്.
മദ്യവിരുദ്ധസമരം നടത്തുന്ന ഒരു ദേശത്തിന്റെ കഥയിലെ കുഞ്ഞമ്പു കരിക്കില്‍ ചാരായം ചേര്‍ത്ത് അടിക്കുന്നതുപോലൊരു ഹാങ് ഓവറിലാണ് സുധീരഭരണത്തില്‍ മൂന്ന് വര്‍ഷം പിന്നിട്ട കോണ്‍ഗ്രസ്. അഴിമതിയും കോഴയും അടുക്കളയിലും അരങ്ങത്തുമൊക്കെ പൂണ്ടുവിളയാടിയിട്ടും അനക്കമില്ലാതിരുന്ന സുധീരന്‍, കെ.ബാബുവിന്റെയും അടൂര്‍പ്രകാശിന്റെയുമൊക്കെ തെരഞ്ഞെടുപ്പ് വേദികളില്‍ വോട്ട് തേടി നടക്കുന്നതും കേരളം കണ്ടു.
അധികാരം പോയി. പ്രതിപക്ഷം എന്ന നിലയില്‍പോലും ഊര്‍ധ്വന്‍ വലിക്കുകയാണ് പാര്‍ട്ടി. ആരും തിരിഞ്ഞുനോക്കാനില്ലാത്ത കാലത്ത് വാര്‍ത്തകളില്‍ നിറയാനുള്ള പതിവ് ഉടായിപ്പുകളുടെ കൂട്ടത്തില്‍ ഒന്നുകൂടി. അതിനുമപ്പുറം ഒരു കോണ്‍ഗ്രസ് നേതാവിന്റെ പ്രതിബദ്ധതയെ വിലയിരുത്തുന്നവര്‍ പരമശുദ്ധന്മാരാണ്. ജനങ്ങളോട് എന്തെങ്കിലും പ്രതിബദ്ധതയുള്ള ഒരാള്‍ക്ക് പറ്റുന്ന ഇടമല്ല ആ പാര്‍ട്ടിയെന്നറിയാന്‍ അത്ര വലിയ ചരിത്രബോധമൊന്നും വേണ്ട.
















