കാസര്‍കോട്: ചെമ്പരിക്ക ഖാസി വധത്തില്‍ മുസ്ലിംലീഗ് നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുവെന്ന് ഭാരതീയ ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ജിജി ജോസഫ് പറഞ്ഞു. ന്യൂനപക്ഷ മോര്‍ച്ച പാസ് ആവോ സാത് ചലേ എന്ന മുദ്യാവാക്യമുയര്‍ത്തി നടത്തുന്ന സംസ്ഥാന തല യാത്രയുടെ ഭാഗമായി ചെമ്പരിക്കയില്‍ സംഘടിപ്പിച്ച പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാറില്‍ ലീഗ് ഭാഗമായിരുന്നിട്ടു കൂടി കേസ് അന്വേഷണത്തില്‍ സമ്മര്‍ദം ചെലുത്തി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിച്ചില്ല. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പ്രാദേശികമായ ചെറു സമരങ്ങള്‍ പലരും സംഘടിപ്പിക്കുക മാത്രമാണ് ചെയ്തത്. സത്യം പുറത്ത് വരരുതെന്ന് പലര്‍ക്കും ആഗ്രഹമുള്ളത് പോലെയാണ് ചിലരുടെ പ്രവര്‍ത്തനങ്ങള്‍. മരണത്തിന് പിന്നിലെ ദുരൂഹത നീക്കി പ്രതികളെ നിയമത്തിവ് മുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡണ്ട് ജിജി ജോസഫിന്റെ നേതൃത്വത്തില്‍ ന്യൂനപക്ഷ മോര്‍ച്ച നേതാക്കള്‍ ചെമ്പരിക്ക ഖാസിയുടെ സഹോദരന് ഉബൈദ് മൗലവിയെ കണ്ട് ചര്‍ച്ച നടത്തി. തുടര്‍ന്ന് അവര്‍ കുടുംബാംഗങ്ങളുടെ കൂടെ ഖാസിയുടെ മൃതദേഹം കാണപ്പെട്ട പാറക്കെട്ട് സന്ദര്‍ശിച്ചു. ചെമ്പരിക്കയില്‍ നടന്ന യോഗത്തില്‍ ന്യുനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.വി.മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.സുലൈമാന്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് അംഗം മണികണ്ഠന്, ന്യുനപക്ഷമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി.സെബാസ്റ്റ്യ ന്, വൈസ് പ്രസിഡണ്ട് പി.വി.ജോര്‍ജ്ജ്, സെക്രട്ടറി അഡ്വ.ഡാനിപോള്‍, നിര്‍വ്വാഹക സമിതിയംഗങ്ങളായ വി.ഡെന്നി ജോസ്, ടി.കെ.ഫിലിപ്പ്, ജില്ലാ സെക്രട്ടറി ജിബോയി, ജോയിന്റ് സെക്രട്ടറി തസ്ലിം എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സമിതിയംഗം കെ.പി.മുനീര്‍ സ്വാഗതവും, ജില്ലാ ജനറല്‍ സെക്രട്ടറി പി.ജോയി അഗസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: