കൊച്ചി: പുതുമകള്‍ ഏറെ അവകാശപ്പെടുമ്പോഴും സുരക്ഷയുടെ കാര്യത്തില്‍ കൊച്ചി മെട്രോ പിന്നിലാണെന്ന് സോഷ്യല്‍ മീഡിയ. പ്ലാറ്റ്‌ഫോമിലേക്ക് ആളുകള്‍ വീഴാതിരിക്കാനുള്ള പ്ലാറ്റ് ഫോം സ്‌ക്രീന്‍ ഡോറുകള്‍ ഇല്ലെന്നതാണ് പോരായ്‌മയായി പലരും ചൂണ്ടിക്കാട്ടുന്നത്.
1972 മുതല്‍ തന്നെ മറ്റു പല രാജ്യങ്ങളിലെ മെട്രോയിലുമുള്ള സംവിധാനം ഇപ്പോഴും ഇവിടെ എത്താത്തതിലുള്ള അതൃപ്തികൂടി പങ്കുവെച്ചാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെതിരെ സോഷ്യല്‍ മീഡിയ പൊങ്കാലയിടുന്നത്.
മെട്രോ പാളത്തില്‍ ആളുകള്‍ വീഴാത്ത പ്ലാറ്റ് ഫോം സ്‌ക്രീനുകള്‍ ദുബായ് മെട്രോ രീതിയില്‍ വേണമെന്നാണ് ആവശ്യം. ഗ്ലാസുകൊണ്ടു നിര്‍മ്മിച്ച പ്ലാറ്റ് ഫോം സ്‌ക്രീന്‍ ഗാര്‍ഡുണ്ടെങ്കില്‍, ആരും പാളത്തിലേക്ക് വീഴില്ല. ട്രെയിന്‍ നിര്‍ത്തുമ്പോള്‍ മാത്രം തുറക്കുന്നതാണ് ഇത്തരം പ്ലാറ്റ് ഫോം സ്‌ക്രീനുകള്‍. അതുകൊണ്ടുതന്നെ യാത്രക്കാര്‍ 100 ശതമാനവും സുരക്ഷിതരായിരിക്കും.
മെട്രോ ട്രെയിന്‍ ഓടുന്നതിന് പാളത്തിലൂടെയാണ് വൈദ്യുതി നല്‍കുന്നത്.
അതുകൊണ്ടു തന്നെ സാധാരണ ട്രെയിന്‍ പാളം മുറിച്ചു കടക്കുന്നതുപോലെ മെട്രോ ട്രെയിന്‍ പാളം മുറിച്ചുകടക്കാനാവില്ല. അഥവാ ആരെങ്കിലും അറിയാതെ പാളത്തില്‍ വീണാല്‍, എമര്‍ജന്‍സി ട്രിപ്പ് സിസ്റ്റം (ഇടിഎസ്) വഴി വൈദ്യുതി പ്രവാഹം നിര്‍ത്തിയശേഷമേ രക്ഷപ്പെടുത്താനാവൂ.
പ്ലാറ്റ് ഫോം സ്‌ക്രീന്‍ ഡോര്‍ സ്ഥാപിക്കാനുള്ള ടെന്‍ഡര്‍ പരാജയമായെന്നും ആ പുതിയ സാങ്കേതിക വിദ്യ താമസിയാതെ ഒരുക്കുമെന്നും വിമര്‍ശനുള്ള കമന്റായി കെഎംആര്‍എല്‍ കുറിച്ചു.
















