1867ല്‍ അയര്‍ലണ്ടില്‍ ജനിച്ച മാര്‍ഗരറ്റ് എലിസബത്ത് നോബിള്‍, ഭഗിനി നിവേദിതയായി പരിവര്ത്തനംല ചെയ്യപ്പെട്ട ഉദാത്തമായ ജീവിതകഥ അനാവരണം ചെയ്യുകയാണ് ഭഗിനി നിവേദിത: സമര്‍പ്പണവും സാക്ഷാത്കാരവും എന്ന പുസ്തകത്തിലൂടെ രാജീവ് ഇരിങ്ങാലക്കുട. മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി, ഭാരതത്തിന്റെ ഈ ദത്തുപുത്രിയെ വിശേഷിപ്പിച്ചിരിക്കുന്നത് സുകൃതഫലം എന്നാണ്. പുസ്തകത്തിന്റെ ആത്മസത്ത ആ വിശേഷണം ഉള്‍ക്കൊള്ളുന്ന അവതാരികയില്‍ തന്നെ ഉള്ളടങ്ങിയിരിക്കുന്നു.
ഇംഗ്ലണ്ടില്‍വച്ചു കേള്‍ക്കാനിടയായ സ്വാമി വിവേകാനന്ദന്റെ ഒരു പ്രഭാഷണമാണ് മാര്‍ഗരറ്റിനെ ഭാരതീയ ചിന്തകളോട് അടുപ്പിച്ചത്. സ്വാമിജിയിലൂടെ ബേലൂര്‍ മഠത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ശാരദാദേവിയെക്കുറിച്ചുമെല്ലാം തുടര്‍ന്ന് അവര്‍ മനസ്സിലാക്കി. 1898 ല്‍ വിവേകാനന്ദസ്വാമിയില്‍ നിന്നുതന്നെ ബ്രഹ്മചര്യ ദീക്ഷ സ്വീകരിച്ച് മാര്‍ഗരറ്റ് നിവേദിതയായി.
സമര്‍പ്പണമനോഭാവത്തോടെ ഭാരതീയമായ സംസ്കാരവും സാമൂഹികക്രമങ്ങളും ആത്മീയ നിഷ്ഠകളും ജീവിതചര്യകളും അവര്‍ സാത്മീകരിച്ചു. ബംഗാളിഭാഷ പഠിച്ചെടുത്തു. പലമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരുമായി ആത്മബന്ധം സ്ഥാപിച്ചു.
പ്രഭാഷണകലയിലും ലേഖനങ്ങളെഴുതുന്നതിലും പ്രാഗത്ഭ്യം നേടി. ജനമധ്യത്തിലിറങ്ങി പ്രവര്‍ത്തിച്ചു. ബാലികമാരേയും വിവാഹിതകളേയും വിധവകളേയും സംഘടിപ്പിച്ച് അവര്‍ക്ക് വിദ്യാഭ്യാസവും ജീവിതാവബോധവും നല്കി. ലക്ഷ്യാധിഷ്ഠിതവും ദര്ശനദീപ്തവുമായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍. സഹാനുഭൂതിയും സ്നേഹവും സഹനവും കര്‍മ്മശേഷിയും ധീരതയും ത്യാഗബുദ്ധിയും ജ്ഞാനതൃഷ്ണയും ഭക്തിയും അവരില്‍ നിറഞ്ഞുനിന്നു. അതിനാലാണ് ഭഗിനി നിവേദിത രബീന്ദ്രനാഥ ടഗോറിനാല് ലോകമാത എന്നു വിളിക്കപ്പെട്ടത്.
പ്ലേഗുബാധിതര്ക്കിടയിലും ക്ഷാമം ബാധിച്ചവര്ക്കിടയിലും അവര്‍ അഹോരാത്രം പ്രവര്‍ത്തിച്ചു. ഹിന്ദുക്കള്‍ക്കിടയില്‍ രാഷ്ട്രീയാവബോധം ഉണര്‍ത്തുന്നതില്‍ നിവേദിതയ്ക്ക് വലിയ പങ്ക് നിര്‍വഹിക്കാനാകും എന്ന് സ്വാമി വിവേകാനന്ദന് ഒരിക്കല്‍ പറയുകയുണ്ടായി.
നിവേദിതയെപ്പോലെ ഒരു സിംഹികയെയാണ് ഭാരതത്തിന് ആവശ്യം എന്നും സ്വാമിജി തിരിച്ചറിഞ്ഞിരുന്നു. ഭാരതസ്വാതന്ത്ര്യസമര രംഗത്തും ആത്മമുദ്ര പതിപ്പിക്കാന്‍ നിവേദിതക്ക് സാധിച്ചു. ഒരേ സമയം സമരരംഗത്തെ മിതവാദികളുമായും തീവ്രവാദികളുമായും വ്യക്തിബന്ധം പുലര്‍ത്താനായത് അവരുടെ മേധാശക്തിയുടേയും വ്യക്തി വൈശിഷ്ട്യത്തിന്റേയും ദൃഷ്ടാന്തമാണ്. യുവ ഭാരതത്തെ ആവേശഭരിതമാക്കിയ വിപ്ലവചിന്താ ഗതിയുടെ നായകന് അരബിന്ദോഘോഷ് നിവേദിതയെ ‘അഗ്നിശിഖ’ എന്നാണ് വിശേഷിപ്പിച്ചത്. സ്വദേശി പ്രസ്ഥാനത്തിന്റെ പ്രചാരണത്തിനും പത്രമാധ്യമങ്ങളിലൂടെ പൊതുജനാവബോധം സൃഷ്ടിക്കുന്നതിലും അവര്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ചു.
ആത്മീയത, വിദ്യാഭ്യാസം, ശാസ്ത്രം, സാഹിത്യം, ശില്പകല, ചിത്രമെഴുത്ത്, സ്വാതന്ത്ര്യസമരം, എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ പ്രഗത്ഭരായ ഒട്ടേറെ വ്യക്തികളുടെ സ്നേഹാദരങ്ങള്‍ക്ക് പാത്രീഭൂതയാകുവാനും നിവേദിതയ്ക്ക് സാധിച്ചു. വിവേകാനന്ദസാഹിത്യം വായിച്ചാണ് ഞാന്‍ ഭാരതത്തെ സ്നേഹിക്കുവാന്‍ തുടങ്ങിയത്. വിവേകാനന്ദനെ അടുത്തറിഞ്ഞതോ ഭഗിനി നിവേദിതയുടെ സാഹിത്യത്തില്‍ നിന്നും എന്നു പറഞ്ഞത് നേതാജി സുഭാഷ്ചന്ദ്രബോസാണ്. ഭാരതീയാരുടെ കവിതകള്‍ തമിഴകത്തെ ഒന്നാകെ ആഹ്ലാദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. സുബ്രഹ്മണ്യഭാരതി തന്റെ ജ്ഞാനഗുരുവായി ആരാധിച്ചത് നിവേദിതയെയാണ്. ജഗദീശ് ചന്ദ്രബോസിന്റെ ശാസ്ത്രസംബന്ധിയായ എഴുത്തിലും പ്രവര്‍ത്തനങ്ങളിലും ആവശ്യമായ സഹായങ്ങളും ഭഗിനി നിവേദിത ചെയ്തുപോന്നു. തന്റെ ലാബോറട്ടറിയില്‍ നിര്‍മ്മിച്ച വിളക്കിലേക്ക് എണ്ണപകരുന്ന സ്ത്രീരൂപത്തിന് നിവേദിതയുടെ മുഖഛായയായിരുന്നു ബോസ് നല്‍കിയിരുന്നത്.
അഗാധമായ പാണ്ഡിത്യവും ചിന്താശീലവും കര്‍മ്മപരതയും ഭാരതത്തോടുള്ള സമര്‍പ്പണവും നിവേദിതയെ ഉല്കൃഷ്ടവനിതയാക്കിത്തീര്ത്തു. അവരുമായി പരിചയപ്പെട്ടതില്‍പ്പിന്നെ അവരെക്കുറിച്ചുള്ള സ്മരണയും അവരോടുള്ള അഗാധഭക്തിയും എത്രയോ പ്രാവശ്യമാണ് എനിക്ക് എന്തെന്നില്ലാത്ത ശക്തി പ്രദാനം ചെയ്തിട്ടുള്ളത് എന്ന് തുറന്നുപറഞ്ഞത് രബീന്ദ്രനാഥ ടഗോറാണ്. ആ ശക്തിസ്രോതസ്സിന്റെ;ഭഗിനി നിവേദിതയുടെ; ഉരുവപ്പെടലിന്റെ നാള്‍വഴികളാണ് ഭഗിനി നിവേദിത; സമര്‍പ്പണവും സാക്ഷാത്കാരവും എന്ന ഗ്രന്ഥത്തില്‍ രാജീവ് ഇരിങ്ങാലക്കുട കുറിച്ചിട്ടിരിക്കുന്നത്. തെളിവാര്‍ന്ന ഭാഷയും ചിട്ടയായ ആഖ്യാനരീതിയും കൃതിയെ ഉജ്ജ്വലമാക്കുന്നു. ഇച്ഛാശക്തിയും ആത്മസമര്‍പ്പണവും എങ്ങനെയാണ് വ്യക്തിസത്തയെ പ്രകാശമാനമാക്കുന്നതെന്നാണ് ഈ കൃതി വെളിപ്പെടുത്തുന്നത്.
ബുദ്ധ ബുക്സ്, അങ്കമാലി-വില-75 രൂപ
പ്രതികരിക്കാൻ ഇവിടെ എഴുതുക: