ഇത്തവണ ഒരു മുന്‍കൂര്‍ ജാമ്യം തരമാക്കുകയാണ്. ഇതല്ലാതെ മറ്റുവഴിയില്ല. നാട്ടിലെമ്പാടും എല്ലാം ശരിയാക്കുന്നവര്‍ ഉറഞ്ഞുതുള്ളുമ്പോള്‍ മുന്‍കൂര്‍ ജാമ്യം എടുക്കാതെ രക്ഷയില്ലല്ലോ. ഏതായാലും അമ്മാതിരി ഏര്പ്പാടുകളില്പെട്ടതുകൊണ്ടൊന്നുമല്ല. അത്യാവശ്യം ദൈവത്തെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. മേപ്പടിയാനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നു തന്നെ മറുപടി. അനുഭവിച്ചിട്ടുണ്ടോ എന്നാണെങ്കില്‍ എത്രയോ തവണയെന്ന് ഉറച്ചുപറയാന്‍ സാധിക്കും. ആകയാല്‍ ദൈവം ഇല്ലെന്ന ചിന്തയുള്ളവര്‍(യുക്തിചിന്തയെന്നു കരുതുന്നവര്‍) ഇനിയുള്ള പരാമര്‍ശങ്ങളിലെ മനുഷ്യര്‍ക്ക് അവരുടെ കഴിവുകൊണ്ട് കിട്ടിയത് എന്ന് ആശ്വസിക്കുക. വെറുതെ ദൈവത്തിനെ ഭള്ളു പറയണ്ട.
ദൈവം എങ്ങനെയിരിക്കും എന്നാണ് ചോദ്യമെങ്കില്‍ നമുക്ക് മാളുവിനോടു ചോദിക്കാം. ഈ വിസ്മയ ലോകത്ത് തന്നെ തനിച്ചാക്കി സ്വന്തം സുഖം തേടിപ്പോയ അച്ഛനമ്മമാരുടെ ആരോരുമില്ലാതായ പെണ്‍കുട്ടിയാണ് മാളു. അവളുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ പേര് ഷക്കീലയെന്ന്. അച്ഛന് ഷെയ്ക്കാമോള് എന്നു വിളിച്ചു. അമ്മ അത് മാളുവെന്നാക്കി. ഏഴാം വയസ്സില്‍ സംഭവിച്ചതെല്ലാം അവള് ഓര്‍ക്കുന്നുണ്ട്. കണ്ണീരോര്‍മകളില്‍ ആരും ഇഷ്ടപ്പെടാത്ത എന്തൊക്കെയോ ഉണ്ട്. അസാദ്ധ്യമെന്ന വാക്ക് എന്റെ നിഘണ്ടുവിലില്ലെന്ന് ഒരു മഹാന് പറഞ്ഞതായി നാം പലപ്പോഴും ഓര്‍ത്തെടുക്കാറുണ്ട്. എന്നാല്‍ ഇതാ നമ്മുടെ കണ്മുമ്പില് അസാധ്യ വ്യക്തിത്വമായി ഒരു പെണ്‍കുട്ടി.
അവളെക്കുറിച്ച് മലയാള മനോരമയുടെ ഞായറാഴ്ച (മാര്‍ച്ച് 05) യില്‍ മനോഹരമായ ഒരു ഫീച്ചര്‍. തലക്കെട്ട് ഇങ്ങനെ: ഒരു ജീവിതം ഒരുപാട് വേഷം. പരിശ്രമത്തിന്റെ കഠിനപാതകളിലൂടെ സമര്‍പ്പിതമനസ്കയായി അവള് യാത്ര ചെയ്യുകയാണ്. മുമ്പില്‍ വലിയ ലക്ഷ്യമുണ്ട്; സിവില്‍ സര്‍വീസ്. ഇച്ഛാശക്തിയുടെ ബലത്തില്‍ ഇതുവരെ വിചാരിച്ചതൊക്കെയും മാളുവിന് സ്വായത്തമായിട്ടുണ്ട്. അതിനാല്‍ ഐഎഎസ് എന്ന കടമ്പയും കടന്നുകൂടുമെന്ന് അവള് പ്രതീക്ഷിക്കുന്നു.
അനാഥത്വത്തിന്റെ നിലയില്ലാക്കയത്തിലേക്ക് താഴ്ന്നുപോകുമ്പോള്‍ ആരാണവള്‍ക്ക് ഒരു കൈ നല്‍കിയത്? ആത്മഹത്യയ്ക്കും അന്ധകാരത്തിനുമിടയിലൂടെ ഊളിയിടുമ്പോള്‍ ളോഹയിട്ട രൂപം എങ്ങനെയാണ് അവളെ സാന്ത്വനിപ്പിച്ചത്? അതൊക്കെ ദൈവത്തിന്റെ അദൃശ്യ സാന്നിധ്യമായിരുന്നില്ലേ എന്നവള്‍ ചോദിക്കുന്നു. ഇരിട്ടിയില്‍ അത്തരമൊരു രൂപം നിസ്സഹായയെ പീഡനത്തിന്റെ പെരുവഴിയിലേക്ക് വലിച്ചെറിഞ്ഞ വലിയ വാര്‍ത്തയില്‍ നാം നടുങ്ങുമ്പോള്‍ മാളു നിശ്ചയദാര്‍ഢ്യത്തിന്റെ പിന്‍ബലത്തില്‍ നമുക്കു മുമ്പില്‍ വിസ്മയമാവുകയാണ്. ജീവിതത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ ചെറിയൊരു വീഴ്ച പറ്റുമ്പോള്‍ ആത്മഹത്യയില്‍ അഭയം തേടുന്നവര്‍ അറിയണം ഈ ഇരുപതുകാരി നടന്നുതീര്‍ത്ത കനല്‍പ്പാതകള്‍.
ആത്മഹത്യയുടെ കുറുക്കുവഴിയില്‍ ഒരിക്കല്‍ മാളുവും എത്തിയതാണ്. പിന്നീടെന്തുണ്ടായെന്ന് പിങ്കി ബേബി പറഞ്ഞുതരും. ഇതാ: ആലുവാപ്പുഴയില്‍ ജീവിതം ഒടുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കാലം അവളെ മരണത്തിനു വിട്ടുകൊടുക്കാന്‍ തയാറായില്ല. ജീവിതത്തില്‍ ആകസ്മികതകള്‍ അത്ഭുതങ്ങള്‍ കാട്ടുമെന്നു മാളു തിരിച്ചറിഞ്ഞത് അവിടെവെച്ചാണ്. മരണത്തിന്റെ കയങ്ങളിലേക്ക് നടന്നടുത്ത മാളുവിന്റെ മുന്നില്‍ ദൈവം മനുഷ്യനായി അവതരിച്ചു. അപരിചിതനായി അടുത്തെത്തിയ ആള് ജീവിതത്തിന്റെ മഹനീയതയെക്കുറിച്ച് സംസാരിച്ചു പരിചിതനായി.
മരണത്തില്‍ നിന്ന് ജീവിതത്തിലേക്കു നടക്കാന്‍ പറഞ്ഞു കൊടുത്ത ആളുടെ മുന്നില്‍ താന്‍ നടന്നു തീര്‍ത്ത ദുരിതങ്ങളുടെ ഭാണ്ഡം അവള് തുറന്നു. ഡോ. അബ്ദുള്‍കലാം പറഞ്ഞ പോലെ സ്വപ്നം കാണാനാണ് അദ്ദേഹം ഉപദേശിച്ചത്. മരിക്കാന്‍ തീരുമാനിച്ചവള്ക്കെന്ത് സ്വപ്നം എന്നു തിരിച്ചുചോദിച്ചവളോട് സിവില്‍ സര്‍വീസ് എന്ന വലിയ സ്വപ്നം കാണാന്‍ പറഞ്ഞതും അതേ മനുഷ്യന്. ജീവിതത്തില്‍ സ്വപ്നത്തിന്റെ മരം നട്ട് അപരിചിതനായിത്തന്നെ അദ്ദേഹം കടന്നുപോയി. ആ സ്വപ്നത്തിന്റെ വെള്ളിത്തേരിലേക്കുള്ള കഠിന പ്രയത്നങ്ങളില്‍ അവള് സ്വായത്തമാക്കിയത് പലതുമാണ്. വീട്ടുവേലക്കാരി, ഹോട്ടല്‍ ജോലിക്കാരി, ഓട്ടോറിക്ഷ ഡ്രൈവര്‍, കണ്ടെയ്നര്‍ ഡ്രൈവര്‍, ഡ്രൈവിംഗ് പരിശീലക, ഇന്‍ഷ്വറന്‍സ് അഡൈ്വസര്‍, കബഡി താരം, നീന്തല്‍ താരം… ജീവിതം അവള്‍ക്കുമുന്നില്‍ എല്ലാ വാതിലുകളും തുറന്നിട്ടിരിക്കുകയാണ്.
അപരിചിതന് പറഞ്ഞുകൊടുത്ത സ്വപ്നത്തിലേക്കുള്ള വഴിയില്‍ അവള്‍ക്ക് വെളിച്ചവുമായി പിന്നീട് വന്നത് ഫാ. ജോസ് താന്നേപ്പിള്ളി. വീണ്ടും ദൈവം മറ്റൊരു രൂപത്തില്‍ തന്നെ സാന്ത്വനിപ്പിക്കാനെത്തിയതാണെന്ന് മാളു ഉറച്ചു വിശ്വസിക്കുന്നു. ഫാദറിന്റെ സഹായത്തോടെ അത്താണിയിലെ ഹോസ്റ്റലില്‍ അവള്‍ക്ക് താമസിക്കാനായി.
വീണ്ടും ഫീച്ചറിലേക്ക്: നാലു പെണ്‍കുട്ടികള്‍ താമസിക്കുന്ന മുറിയിലേക്ക് മാളുവിന്റെ വിലാസം മാറി. മുറിയടച്ചിരുന്നു പഠിക്കാനോ, കോച്ചിംഗ് ക്ലാസുകള്ക്കുപോകാനോ തനിക്കു കഴിയില്ലെന്നു മാളുവിനറിയാം. ജോലിക്കിടെ പഠനത്തിനായി തന്റേതായ വഴികള്‍ കണ്ടെത്താന്‍ മാളു ശ്രമിച്ചു. ലോറി ഡ്രൈവര്‍മാരോടു ചോദിച്ചും സംസാരിച്ചും വിവിധ സംസ്ഥാനങ്ങളിലെ ഭാഷകള്‍ പഠിച്ചു. മലയാളം ഉള്‍പ്പെടെ ഏഴു ഭാഷകള്‍ എഴുതാനും വായിക്കാനും സംസാരിക്കാനും മാളുവിന് ഇപ്പോള്‍ കഴിയും.
വരുന്ന ജൂണ്മാസത്തില് എം.കോമിനു ചേരും. ഹോസ്റ്റലിലേക്കു മാറിയപ്പോള്‍ സമയം കിട്ടുന്നതിനാല്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായി പുസ്തകങ്ങള്‍ വാങ്ങി പഠനം തുടങ്ങി. നമുക്ക് നിശ്ചയമായും പ്രതീക്ഷിക്കാം. കണ്ണീരിന്റെ നനവിന് പ്രായോഗിക പരിഹാരം തേടുന്ന ഒരു സിവില്‍ സര്‍വീസുകാരി നമുക്കിടയിലേക്ക് ഇരു കൈകള്‍ നീട്ടിവരും. താന്‍പാതി ദൈവം പാതി എന്നത് വെറുമൊരു പ്രയോഗമല്ല. ബംഗളുരു നിന്ന് ടി സി പോലും വാങ്ങാതെ പോരാന്‍ വിധിക്കപ്പെട്ട പെണ്‍കുട്ടി ഇന്ന് ഇവിടെവരെ എത്തിയെങ്കില്‍ ശേഷിച്ചതൊക്കെ നിഷ്പ്രയാസം വന്നുചേരും.
ഈ ഫീച്ചര്‍ എല്ലാ അമ്മപെങ്ങന്മാരും മനസ്സിരുത്തി വായിക്കണമെന്നാണ് കാലികവട്ടത്തിന് പറയാനുള്ളത്. കാരണം മാളുവിന്റെ ജീവിതത്തില്‍ അദൃശ്യ സാന്നിദ്ധ്യമായി ദൈവത്തിന്റെ കണ്ണോട്ടമുണ്ട്. ഒരു തവണ അവളെ ഓര്‍ത്താല്‍ പോലും അറിയാത്തൊരു കരുത്ത് നിങ്ങളിലേക്ക് പടര്‍ന്നു കയറും. ഇവളെ കാണാന്‍, ആ കാലിലൊന്ന് തൊട്ടുവന്ദിക്കാന്‍ നിങ്ങള്‍ കൊതിച്ചുപോകും. കാലികവട്ടത്തിന്റെ പിറക്കാതെപോയ പെങ്ങള്‍ക്ക് ആയിരം കൂപ്പുകൈ. അവളെ പൊതുസമൂഹത്തിന്റെ വെളിച്ചത്തിലേക്കു കൊണ്ടുവന്ന മനോരമയ്ക്കും. ഈ വിഷയം പശ്ചാത്തലമാക്കി വനിതാദിനത്തില്‍ അവര്‍ മുഖപ്രസംഗവും എഴുതി.
**** **** ****
ജീവിതത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത മനുഷ്യന്. സൗദിയില്‍ തൂക്കുകയറിന്റെ വരവില്‍ പകച്ചു നില്ക്കുന്ന അയാളുടെ പേര്, ജാതി, മതം ഒന്നും നിശ്ചയമില്ല. ചോരപ്പണം കൊടുത്താല്‍ രക്ഷപ്പെടാമെങ്കിലും ഒരാഴ്ചത്തെ റേഷന്‍ ഒന്നിച്ചുവാങ്ങാന്‍ പോലും ഗതിയില്ലാത്ത കുടുംബം 13 ലക്ഷം റിയാല്‍ എങ്ങനെ നല്കാന്. തെലങ്കാനയിലെ നിസാമബാദ് സ്വദേശിയായ ലിംബാദ്രി വധശിക്ഷയുടെ പാദപതനവും കാത്ത് നില്‍ക്കുമ്പോഴാണ് അലിഖുറയ്യ എന്ന കനിവിന്റെ കരമുള്ള സൗദി വ്യാപാരി ആ തുക നല്കാന് തയാറായത്. അതായത് തനിക്ക് ഒരു ഗുണവും ഇല്ലെന്ന് അറിയാവുന്ന കാര്യത്തിന് രണ്ടേകാല്‍ കോടി രൂപ നല്‍കുക ! പ്രതീക്ഷയറ്റ കുടുംബത്തിലേക്ക് എങ്ങനെ വന്നു ദൈവദൂതനായി അലിഖുറയ്യ. ആവോ? ദൈവത്തിന്റെ രീതികളും ഇടപെടലും സങ്കല്പ്പിക്കാന് പോലും പറ്റാത്തതത്രെ. ജയില്‍ മോചിതനായ ലിംബാദ്രിയെ കാത്ത് പൂത്തിരി കത്തിച്ചൊരു കുടുംബം നില്ക്കുന്നു. അയാളുടെ മകളുടെ വിവാഹവും ഉടനെ നടക്കാനിരിക്കുകയാണ്.
**** **** ****
സോഷ്യല്‍ മീഡിയ എന്തൊക്കെ ഗുണങ്ങള്‍ കൊണ്ടുവരുന്നുണ്ടോ അത്രയും ദുശ്ശീലങ്ങളും ഉണ്ടാവുന്നുണ്ട്. എ.കെ. ആന്റണി അടുത്തിടെ കോഴിക്കോട്ടെ കോണ്‍ഗ്രസ് കുടുംബസംഗമത്തില്‍ സോഷ്യല്‍ മീഡിയയെ കണക്കിന് പ്രഹരിച്ചു. സോഷ്യല്‍ മീഡിയ നമ്മുടെ ഒരു ലോകം തന്നെയാണ്. അവിടെ ദൈവവുമുണ്ട്, ചെകുത്താനുമുണ്ട്. കൂട്ടുകൂടാന്‍ എളുപ്പം ചെകുത്താനുമായാണ്. നിസ്സഹായരാവുമ്പോഴേ ദൈവത്തിനടുത്തേക്ക് പോകാന്‍ തോന്നൂ. എന്തായാലും ഇനിയുള്ള കാലം ഇതില്‍ നിന്ന് മുക്തനാവാമെന്ന് കരുതേണ്ട. സൂക്ഷിച്ചില്ലെങ്കില്‍ നരകപ്രാപ്തി ഉറപ്പ്.
ഈ മീഡിയയുടെ തനതു ഗുണം അറിഞ്ഞതുകൊണ്ടോ എന്തോ, ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ശക്തമായ ഒരഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ പോലെ ബൈബിളും നോക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. സോഷ്യല്‍ മീഡിയയെ അടച്ചാക്ഷേപിക്കാതെ അതിന്റെ ഗുണാത്മകമായ വശം കണക്കിലെടുത്ത് ആധ്യാത്മികതയില്‍ സമര്‍പ്പണബുദ്ധ്യാ മുഴുകാനാണ് പാപ്പ ആഹ്വാനം ചെയ്തിരിക്കുന്നത്. അതില്‍ നിന്ന് മൂന്നു വരികണ്ടാലും.: മൊബൈലില്‍ മെസ്സേജ് വായിക്കുമ്പോലെ ബൈബിളില്‍ ദൈവത്തിന്റെ സന്ദേശവും വായിക്കണം. പ്രത്യക്ഷത്തില്‍ വിരോധാത്മകമായി തോന്നുന്നതാണ് ഈ താരതമ്യം. ബൈബിള്‍ വായന അനുദിന പ്രലോഭനങ്ങളെ ചെറുത്തു നില്ക്കാന് സഹായിക്കും. ഇവിടെ ബൈബിള്‍ എന്നത് ഒരു മതത്തിന്റെ ഗ്രന്ഥമായി മാത്രം കാണണ്ട. മാനവരാശിക്ക് വെളിച്ചം നല്കുന്ന ഏതു ഗ്രന്ഥവുമാകാം. സ്വയം പ്രകാശിക്കും വരെ അതങ്ങനെ തുടരുക.
കാര്‍ട്ടൂണീയം
എന്തോ ഒന്നിന് എന്തോ കൂട്ട് എന്നൊരു ചൊല്ലില്ലേ? അത് യാഥാര്‍ഥ്യമാകുന്നതായി നമ്മുടെ ഗോപീകൃഷണന് നിരൂപിക്കുന്നു. മേപ്പടി നിരൂപിക്കലിന്റെ വരപ്രസാദത്തിലേക്ക് മാര്‍ച്ച് 07 ന്റെ മാതൃഭൂമി മിഴി തുറന്നിരിക്കുന്നു. രാജാവിനായി പ്രത്യേകം ഏര്‍പ്പാടാക്കിയ മന്ത്രി അകത്തേക്കുവരാന്‍ സമ്മതം ചോദിച്ചുകൊണ്ട് വാതിലില്‍ മുട്ടുന്ന ആ മുട്ടു നോക്കിന്. പുലിയിറങ്ങിയ നാട്ടില്‍ നിന്നുള്ള ആ വരവും രാജാവിന്റെ ഇരിപ്പും ബഹുത് ഖുശി ഹെ, ഹൊ, ഹൈ. നമിച്ചു അണ്ണാ എന്നു പറയിന്‍. രാജാവും മന്ത്രിയും പരമയോഗ്യ പദത്തിലിരുന്ന് ഭരിക്കുന്നതിന്റെ നാള്‍വഴിയിലേക്ക് അടുത്തയാഴ്ച ആയുസ്സുണ്ടെങ്കില്‍ പോകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: