ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ട്രോമ കെയര്‍ സംവിധാനം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ മാതൃകയിലാകും ഇത്. ആദ്യഘട്ടത്തില്‍ എം.ജി. റോഡുകള്‍ കേന്ദ്രീകരിച്ച് ഇതിനുള്ള യൂണിറ്റുകള്‍ തുടങ്ങും. റോഡു സുരക്ഷാപദ്ധതിയില്‍ ഇതുമായി ബന്ധപ്പെട്ട് അനുവദിച്ച തുകയും ചേര്‍ത്ത് വിശദമായ പദ്ധതി തയ്യാറാക്കുമെന്നും നഴ്‌സുമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പൂര്‍വവിദ്യാര്‍ഥി നല്‍കിയ അഞ്ചുലക്ഷം രൂപയുപയോഗിച്ച് വാങ്ങിയ സ്ട്രച്ചറുകളും വീല്‍ചെയറുകളും സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
1961നു ശേഷം നമ്മുടെ സ്റ്റാഫ്പാറ്റേണില്‍ മാറ്റമുണ്ടായിട്ടില്ല. ആരോഗ്യമേഖലയുടെ സമഗ്രമാറ്റത്തിനായുള്ള ആര്‍ദ്രം പദ്ധതിയുടെ ഗുണഫലം രണ്ടുവര്‍ഷത്തിനകം കണ്ടുതുടങ്ങും. ആശുപത്രികളുടെ നവീകരണത്തിന് ജനങ്ങളുടെ ഭാഗത്തു നിന്നും മികച്ച സഹകരണം ഉണ്ടാകേണ്ടതുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ വികസനത്തിനായി പ്രത്യേക ദൗത്യം തന്നെയുണ്ടാകണമെന്ന് ടീച്ചര്‍ നിര്‍ദേശിച്ചു.
ശുചിത്വം പരിപാലിക്കുന്നതില്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കാതിരുന്ന സ്ഥലങ്ങളിലാണ് പകര്‍ച്ചപ്പനിയുള്‍പ്പടെയുള്ളവ പടര്‍ന്നുപിടിച്ചതെന്ന് കാണാന്‍ കഴിയും. പല തദ്ദേശസ്ഥാപനങ്ങളുടെയും ശ്രദ്ധക്കുറവാണ് പലയിടത്തും ഡങ്കിയുള്‍പ്പടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ക്ക് കാരണമായത്. പനിയുടെ എണ്ണം കുറഞ്ഞുവരികയാണെന്നും ഭീതി വേണ്ടെങ്കിലും ശ്രദ്ധവേണമെന്ന് അവര്‍ മുന്നറിയിപ്പു നല്‍കി.
















