മറുവശത്തേക്ക് തിരിയാം. കല്‍ക്കട്ടയില്‍ വെല്ലസ്ലിയായിരുന്നു ഗവര്‍ണര്‍ ജനറല്‍. പ്രസംഗവശാല്‍ അദ്ദേഹവും ഈസ്റ്റിന്ത്യാ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡും തമ്മില്‍ സാരമായ അഭിപ്രായ വ്യത്യാസമുണ്ടായി. അതൊരു പൊട്ടിത്തെറിയുടെ വക്കുവരെ എത്തി.
ബോര്‍ഡംഗങ്ങള്‍ യോഗം ചേര്‍ന്ന് വെല്ലസ്ലിയെ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചു. അതുപ്രകാരം കല്‍പ്പന പുറപ്പെടുവിച്ചു. വെല്ലസ്ലിയുടെ അന്നത്തെ നില എന്തായിരുന്നെന്നോ? ഭാരതത്തില്‍ ഏതാണ്ടൊരു മുടിചൂടാമന്നനായി കഴിഞ്ഞിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ചൊല്‍പ്പടിയില്‍ അതി ഭീമമായ സൈന്യമുണ്ടായിരുന്നു.
ചതുരംഗക്കാരന്റെ വിരലിളക്കത്താല്‍ നീങ്ങുന്ന കരുക്കള്‍പോലെ അനുസരിക്കുന്ന രാജാക്കന്മാര്‍ വശത്തുണ്ടായിരുന്നു. തന്നെ അയച്ച കേന്ദ്രമാകട്ടെ പന്തീരായിരത്തില്‍പരം കി.മീറ്റര്‍ അകലെയായിരുന്നു. താനും അതും തമ്മില്‍ അഗാധങ്ങളായ വന്‍കടലുകളുടെ വിടവുണ്ടായിരുന്നു. ആവിയന്ത്രം കണ്ടുപിടിച്ചിട്ടില്ലാത്ത ആ കാലഘട്ടത്തില്‍ സ്വന്തം നാട്ടുകാര്‍ക്ക് ഇവിടെ വന്നെത്താന്‍ ആറേഴുമാസം വേണ്ടിവരുമായിരുന്നു.
ഏതുസമയത്തും കാറ്റില്‍പെട്ടു മുങ്ങിപ്പോകാവുന്ന പാമരം ഘടിപ്പിച്ച മരക്കപ്പലുകളിലായിരുന്നു യാത്ര. സൂയസ്‌തോടു വെട്ടിക്കഴിഞ്ഞിരുന്നില്ല. എന്നിട്ടും ഗവര്‍ണര്‍ ജനറല്‍ ‘വെല്ലസ്ലി സ്വരൂപം’ സ്ഥാപിക്കാന്‍ മുതിര്‍ന്നില്ല. അന്നത്തെ ഇന്ത്യന്‍ അന്തരീക്ഷത്തില്‍ അദ്ദേഹം അങ്ങനെ ചെയ്തിരുന്നെങ്കില്‍ ആരും അതിശയിക്കില്ലായിരുന്നു.
നിശ്ചയമായും ഒത്താശയ്‌ക്ക് ആളെയും ഇഷ്ടപോലെ കിട്ടിയേനെ. പക്ഷെ വെല്ലസ്ലി സമഷ്ടി ധര്‍മത്തിന്റെ ഉപാസകനായിരുന്നു. അദ്ദേഹത്തിനുള്ളില്‍ സംഘബോധം ഓളം വെട്ടിയിരുന്നു അതുകൊണ്ട് അദ്ദേഹം എല്ലാ വിഷമവും കടിച്ചിറക്കി അത്യുന്നതമായ സ്ഥാനം രാജിവച്ച് നേരെ നാട്ടിലേക്ക് തിരിച്ചു…
ആലോചിച്ചുനോക്കുക. നമ്മെക്കുറിച്ച് നാം സാഭിമാനം പറഞ്ഞുപോന്ന ധാര്‍മികഗുണങ്ങള്‍ തന്നെയല്ലെ വെല്ലസ്ലിയുടെ പെരുമാറ്റത്തില്‍ നമുക്ക് കാണാന്‍ കഴിയുക? അതും സമഷ്ടിധര്‍മ്മത്തിന്റെ പശ്ചാത്തലത്തില്‍. വെല്ലസ്ലിയുടെ പെരുമാറ്റം കറയില്ലാത്ത അപരിഗ്രഹമല്ലാതെ മറ്റെന്താണ്? തന്റേതല്ലാത്തത് മോഹിക്കരുത്, അതാണല്ലോ അപരിഗ്രഹം. വെല്ലസ്ലി ചെയ്തതു ഇതുതന്നെയല്ലെ? അദ്ദേഹം കമ്പനിക്കുവേണ്ടത്ര ഉണ്ടാക്കിക്കൊടുത്തുവെങ്കിലും കമ്പനിയുടേതു മോഹിച്ചില്ല.
പരീക്ഷണഘട്ടം വന്നപ്പോള്‍പോലും സ്ഥാനമോഹാദി ദുര്‍ബലതകള്‍ക്ക് വശംവദനായി കമ്പനിയുടേതു സ്വന്തമാക്കിയില്ല. ഈ അപരിഗ്രഹം ഹോള്‍കര്‍ സിന്ധ്യാദികള്‍ക്കു അവകാശപ്പെടാന്‍ കഴിയുമോ?
കക്കാതിരിക്കാന്‍ അഥവാ അസ്‌തേയം ആണ് മറ്റൊരു ധാര്‍മ്മിക ഗുണം. ഇംഗ്ലീഷു കമ്പനിക്കാര്‍ ഇവിടെ രാജ്യം പിടിച്ചടക്കിക്കൊണ്ടിരുന്ന കാലത്ത് അവരുടെ സ്വന്തം നാട്ടില്‍ മോഷണമോ തടവോ ഇല്ലായിരുന്നു എന്നു വിചാരിക്കരുത്. അവിടെയും അതു നടപ്പുണ്ടായിരുന്നു. എന്നാല്‍ അവസരം കിട്ടിയാലും ആ ദുര്‍ഗുണം ഇവിടെ കമ്പനിയുടെ ആഭ്യന്തരകാര്യത്തില്‍ കടത്തിവിടരുത് എന്ന് അവരുടെ സംഘബോധം അവരെ ഉദ്‌ബോധിപ്പിച്ചു. അവര്‍ കമ്പനിക്കുവേണ്ടി കമ്പനിക്കു പുറത്തുള്ളവരോട് കളവുകാണിച്ചു. എന്നാല്‍ കമ്പനിക്കുള്ളില്‍ കളവുകാണിച്ചില്ല. ഇത് അസ്‌തേയമല്ലാതെ മറ്റെന്താണ്?
മാനാപമാനങ്ങളില്‍ ഇളകായ്‌ക എന്നതാണ് മറ്റൊരു ഗുണം. വൈയ്യക്തിക ജീവിതത്തില്‍ ഒരുപക്ഷെ വെല്ലസ്ലിയും മാനാപമാനങ്ങളുടെ നേര്‍ക്ക് തീക്ഷ്ണമായി പ്രതികരിച്ചേക്കാം. പക്ഷെ സമഷ്ടി ധര്‍മത്തിന്റെ ഉപാസകനായിരുന്ന അദ്ദേഹം സമാജത്തിന്റെ നേര്‍ക്ക് എങ്ങനെ പ്രതികരിച്ചു? കണ്‍മുന്നിലെ ലക്ഷ്യം മങ്ങിപ്പോകാന്‍ അനുവദിക്കാതെ മാനമായും മൗനമായും രാജിക്കത്ത് എഴുതിക്കൊടുത്തില്ലേ? യമനിയമങ്ങളുടെ ധര്‍മവൃത്തത്തില്‍ ഇതുംപെടുകയില്ലേ? സമഷ്ടിധര്‍മ പ്രചോദിതമായ ഇത്തരം പെരുമാറ്റവും പ്രതികരണവും കാരണം അവര്‍ സമഷ്ടിപരമായി വികസിച്ചു, അഭിവൃദ്ധിപ്പെട്ടു.
നമ്മുടെ വീക്ഷണമാകട്ടെ നേര്‍വിപരീതമായിരുന്നു. അതു തികച്ചും വൈയ്യക്തികമായിരുന്നു. പൊതുമുതല്‍ വെട്ടിക്കുന്നതും സര്‍ക്കാരിനെ പറ്റിക്കുന്നതും നമ്മള്‍ മോഷണത്തില്‍ പെടുത്തിയില്ല. വ്യക്തി എന്ന നിലയില്‍ അന്യന്റേത് അപഹരിക്കുന്നതുമാത്രം മോഷണമായി കരുതി. അതേ കഥ തന്നെ മറ്റു ഗുണങ്ങളുടേയും. തുറന്നുപറഞ്ഞാല്‍ നാം ഇക്കാലത്തുകണ്ട സത്യം, അസ്‌തേയം, അപരിഗ്രഹം, മാനാപമാനതുല്യത്വം, യമനിയമങ്ങള്‍ ഇത്യാദികളുടെ കേന്ദ്രബിന്ദു സ്വന്തം ഉപ്പൂറ്റിയും ജീവിതവൃത്തത്തിന്റെ വ്യാസം സ്വന്തം കാലടിയുമായിരുന്നു.
അങ്ങനെ നിന്നേടത്തു കറങ്ങി വരച്ച കൊച്ചുവട്ടമായിരുന്നു നമ്മുടെ ജീവിതത്തിന്റെ മൊത്തം നക്ഷത്രഫലം. അപൂര്‍ണവും വികലവുമായ ഈ അളവുകോല്‍വച്ചാണ് നാം ജയാപജയ ഹേതുക്കളെ അളന്നത്. തെറ്റു തത്വത്തിന്റേതായിരുന്നില്ല, അളവുകോലിന്റേതായിരുന്നു.
ധര്‍മം ഭൗതികവും ആത്മീയവുമായ മേല്‍ഗതി ഉറപ്പ് നല്‍കുന്ന ഒന്നാണ്. അതില്‍ ഭൗതികമായ പുരോഗതി ഭൗതികമായ വ്യവഹാരത്തിന്റെ അടിസ്ഥാനത്തിലെ നേടാന്‍ കഴിയൂ.
ഭൗതികമായ നിലവാരത്തില്‍ സമാജത്തിന് അവഗണിക്കാന്‍ വയ്യാത്ത പ്രാധാന്യമുണ്ട്. സമൂഹജീവിയായ മനുഷ്യന് സാമൂഹികമായി പെരുമാറുമ്പോള്‍ മാത്രമേ ശാശ്വതവും സന്തുലിതവുമായ ഭൗതികപുരോഗതി നേടാന്‍ കഴിയൂ. ഈ കടുത്ത സത്യം മനസ്സിലാക്കി നാം നമ്മുടെ പകല്‍ക്കിനാവില്‍ നിന്നു സ്വയം മോചനം നേടേണ്ടതുണ്ട്.
















