അടൂര്‍: കലാകാരന്മാരുടെ സംഭാവനകള്‍ കാലാതിവര്ത്തികളാണെന്ന് സംവിധായകന് ഷാജി എന്‍. കരുണ്‍ പറഞ്ഞു. ഒന്നാമത് അടൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപന സമ്മേളനം അടൂര്‍ ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടൂര്‍ ഗോപാലകൃഷ്ണനെയും അടൂര്‍ ഭാസിയേയും പോലെ മഹാന്മാരായ അനേകം ചലച്ചിത്രകാരന്മാരെയും മറ്റ് കലാകാരന്മാരെയും സൃഷ്ടിച്ച അടൂരില്‍ ആരംഭിച്ച ചലച്ചിത്രോത്സവം വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ചിറ്റയം ഗോപകുമാര്‍ എംഎല്‍എ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സംവിധായകന് ജയരാജ് പുരസ്കാരദാനം നിര്‍വഹിച്ചു. സംവിധായകന് പ്രകാശ് ബാരേ, ഛായാഗ്രാഹകന്‍ എം.ജെ. രാധാകൃഷ്ണന്, സംവിധായകന് ഡോ.ബിജു, നോവലിസ്റ്റ് ബെന്യാമിന്, ചലച്ചിത്രോത്സവ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ബി.സുരേഷ് ബാബു, ഫിലിം സൊസൈറ്റി പ്രസിഡന്റ് അഭിലാഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഹ്രസ്വചിത്ര വിഭാഗത്തില്‍ സാം സംവിധാനം ചെയ്ത പാച്ചു എന്ന ഹ്രസ്വചിത്രത്തിന് ഒന്നാം സ്ഥാനവും, ശരത് സംവിധാനം ചൂണ്ടയ്ക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. തിരക്കഥ വിഭാഗത്തില്‍ ഹ്യൂജ് എന്ന ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥാകൃത്ത് വിവേക് ജോസഫ് അവാര്‍ഡിന് അര്‍ഹനായി. വിശുദ്ധ ആംബ്രോസ് എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകന് ഗിരീഷിനെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം സജിന്‍ ആര്. പിള്ളയ്ക്ക് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: