കാസര്‍കോട്: ജില്ലയില്‍ ആരംഭിച്ച റീസര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍. ഹൊസ്ദുര്‍ഗ് താലൂക്കിലെ ഉദുമ, പളളിക്കര, പളളിക്കര-2, കീക്കാന്‍, ചിത്താരി, അജാനൂര്‍, ഹൊസ്ദുര്‍ഗ്, ചെയരുവത്തൂര്, പിലിക്കോട്, മാണിയാട്ട് എന്നീ 10 വില്ലേജുകളില്‍ ആരംഭിച്ച റീസര്‍വ്വെ പ്രവര്‍ത്തനമാണ് അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്. 10 വില്ലേജുകളിലെ റീസര്‍വ്വെ പൂര്‍ത്തിയായാലുടന്‍ മറ്റ് വില്ലേജുകളിലും റീസര്‍വ്വെ പ്രവര്‍ത്തനം ആരംഭിക്കും.
എല്ലാ കൈവശക്കാരും അവരവരുടെ കൈവശ ഭൂമിയുടെ അതിരുകള്‍ തെളിച്ചുവെക്കണം. കൈവശഭൂമിയുടെ പ്രമാണങ്ങള്‍, തിരിച്ചറിയല്‍ നമ്പറുകള്‍ (മൊബൈല്‍, ആധാര്‍, പാസ്പോര്‍ട്ട്, ലാന്റ് ഫോണ്‍, ഇലക്ഷന് ഐഡി മുതലായവ) ബന്ധപ്പെട്ട സര്‍വെയര്‍മാര്‍ക്ക് അടിയന്തിരമായി നല്‍കണം. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ ഓരോരുത്തര്‍ക്കും സര്‍വ്വെ അതിരടയാള നിയമത്തിലെ 9(2) പ്രസിദ്ധീകരണ സമയത്ത് വില്ലേജ് ഓഫീസുകളിലേക്കോ മറ്റ് ഓഫീസുകളിലേക്കോ വന്ന് കാത്ത് നില്‍ക്കേണ്ടിവരില്ല. തിരിച്ചറിയല്‍ നമ്പര്‍ നല്കി ഓണ്‍ലൈന്‍ ആയി തന്നെ അയാള്‍ക്ക് ഭൂമിയെ സംബന്ധിച്ച വിവരങ്ങള്‍ വീട്ടില്‍ നിന്നോ ഓഫീസില്‍ നിന്നോ ലഭിക്കും.
ഇങ്ങനെ ചെയ്താല്‍ കൈവശത്തിന്റെ തണ്ടപ്പേരും സര്‍വ്വെ നമ്പറും സബ് ഡിവിഷന് നമ്പറും വിസ്തീര്‍ണ്ണവും ലഭിക്കും. ആവശ്യമായ ഫീസ് അടച്ചാല്‍ ബന്ധപ്പെട്ട രേഖകള്‍ ഓണ്‍ലൈനായി ലഭിക്കും. സര്‍ക്കാര്‍ ഭൂമിയുടെ അളവുകള്‍ കൃത്യമായി നിലനിര്‍ത്തുന്നതിനാല്‍ കയ്യേറ്റങ്ങള്‍ കണ്ടെത്താനും റീസര്‍വ്വെയിലൂടെ സാധിക്കുമെന്ന് സര്‍വ്വെ കോര്‍ഡിനേറ്റര്‍ പി മധുലിമായെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: