തൃശൂര്‍: എല്ലാ മതങ്ങളും സത്യത്തിലേക്കുള്ള വഴിയാണെന്ന് ശ്രീരാമകൃഷ്ണ ശാരദ മിഷന്‍ ആഗോള ഉപാധ്യക്ഷ അജയ പ്രാണ മാതാജി പറഞ്ഞു. ശാരദാമഠങ്ങളുടെയും രാമകൃഷ്ണ ശാരദാമിഷന്റെയും ആഗോള ഉപാധ്യക്ഷയായി സ്ഥാനമേറ്റശേഷം പുറനാട്ടുകര ശ്രീശാരദാമഠത്തില്‍ നടന്ന അനുമോദന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മാതാജി.
ഹിന്ദുമതം ലോകത്തെ ഏറ്റവും പഴയ മതമാണ്. ലോകത്ത് എവിടെയും ഹിന്ദുമതത്തിന് സ്ഥാനമുണ്ട്. ഭാഷകള്‍ക്ക് അതീതമായി എല്ലാവരും ഹിന്ദുമതത്തെ ബഹുമാനിക്കുന്നുണ്ടെും മാതാജി പറഞ്ഞു. സ്വാമിജി പ്രവ്രാജിക തപപ്രാണമാതാജി ആമുഖ പ്രഭാഷണം നടത്തി. മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, ഡോ. ലക്ഷ്മികുമാരി, ഡോ.വി. രാമന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
കൊല്‍ക്കത്തയില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സ്ഥാനാരോഹണം. ആദ്യമായാണ് ഒരു മലയാളി വനിത ആഗോള ഉപാധ്യക്ഷയാകുന്നത്. സ്ഥാനമേറ്റ ശേഷം ശനിയാഴ്ച പുറനാട്ടുകര ശ്രീശാരദാമഠത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. വിശ്വാസികളും അന്തേവാസികളും ശാരദ ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ഥിനികളും പുഷ്പവൃഷ്ടിയും ഹാരാര്‍പ്പണവും നടത്തിയാണു വരവേറ്റത്. കൊല്‍ക്കത്തയില്‍ ബുധനാഴ്ചയായിരുന്നു സ്ഥാനാരോഹണം.
സ്വാതന്ത്ര്യസമര സേനാനിയായ കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ ജ്യേഷ്ഠ സഹോദരന്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മകളാണ് അജയ പ്രാണ മാതാജി. പത്തുദിവസം പുറനാട്ടുകര ശ്രീശാരദാ മഠത്തില്‍ താമസിക്കുന്ന മാതാജി പിന്നീട് തിരുവനന്തപുരം മഠത്തിലേക്ക് പോകും.
















