ന്യൂദല്‍ഹി: നിറങ്ങളുടെ ആഘോഷമായ ഹോളിയില്‍ നിറഞ്ഞ് രാജ്യം. വടക്കേന്ത്യയിലെ നഗര-ഗ്രാമങ്ങളില്‍ ജനങ്ങള്‍ ഹോളിയാഘോഷങ്ങളില്‍ മുഴുകി. നിറങ്ങളുടേയും സന്തോഷത്തിന്റെയും ഭക്ഷണവൈവിധ്യങ്ങളുടേയും നിറവില്‍ നടന്ന ആഘോഷങ്ങള്‍ വസന്തത്തിന്റെ വരവറിയിച്ചു.
ദല്‍ഹിയില്‍ വിവിധ കേന്ദ്രമന്ത്രിമാര്‍ ഹോളിയാഘോഷിച്ചു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ എന്നിവരെല്ലാം വസതികളില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ഹോളിയാഘോഷങ്ങളില്‍ മുഴുകി. തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ ബിജെപി ഓഫീസുകളില്‍ പ്രവര്‍ത്തകരും നേതാക്കളും ഹോളിയാഘോഷിച്ചു. ഛത്തീസ്ഗട്ടിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ സിആര്‍പിഎഫ് ഭടന്മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്രആഭ്യന്തരമന്ത്രിയും സഹമന്ത്രിമാരും ആഘോഷങ്ങള്‍ ഉപേക്ഷിച്ചിരുന്നു.
എല്ലാ ഇന്ത്യാക്കാര്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ഹോളിയാശംസകള്‍ നേര്‍ന്നു. ‘നിറങ്ങളുടെ ഉത്സവമായ ഹോളിയുടെ പവിത്ര വേളയില്‍ ഹൃദയം നിറഞ്ഞ ആശംസകള്‍. ഈ ഉത്സവം എല്ലായിടത്തും സന്തോഷവും സൗഹാര്‍ദ്ദവും പരത്തട്ടെ’ പ്രധാനമന്ത്രി പറഞ്ഞു. ശ്രീകൃഷ്ണ ജന്മസ്ഥാനമായ മഥുരയിലും വൃന്ദാവനിലും വലിയ ഹോളിആഘോഷങ്ങള്‍ നടന്നു. ദല്‍ഹിയില്‍ ഇന്ത്യാ ഗേറ്റിലും മറ്റു പ്രധാന സ്ഥലങ്ങളിലും ആഘോഷപരിപാടികള്‍ നടന്നു. വിവിധ ക്ഷേത്രങ്ങളിലും ഹോളിയോടനുബന്ധിച്ച് പ്രത്യേക പൂജകള്‍ നടന്നു.
















