റിയാദ്: സൗദി സുരക്ഷാ ഭടന്റെ വെടിയേറ്റ് ഇന്ത്യാക്കാരൻ ഗുരുതരാവസ്ഥയിൽ. വെടിയേറ്റയാൾ അവാമിയിലുള്ള ഒരു അറബി വീട്ടിലെ ഡ്രൈവറാണെന്നാണ് വിവരം. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.
ചോരയൊലിക്കുന്ന നിലയിൽ തറയിൽ കിടക്കുന്ന ഇയാളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവം ദൗർഭാഗ്യകരമാണെന്നും വെടിയേറ്റ ഇന്ത്യാക്കാരന് വേണ്ട സഹായം ചെയ്യുമെന്നും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
സൗദി അറേബ്യൻ നഗരമായ അവാമിയയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. എന്നാൽ വെടിവയ്‌പിന് പിന്നിലുള്ള കാരണം വ്യക്തമല്ല. ഇന്ത്യൻ ഡ്രൈവർമാർക്ക് നേരെ ഒരാഴ്‌ച്ചക്കിടെ സൗദിയിൽ നടക്കുന്ന മൂന്നാമത്തെ വെടിവയ്‌പാണിത്.
കഴിഞ്ഞ ദിവസം നടന്ന പോലീസ് വെടിവയ്‌പ്പിൽ ഏതാണ്ട് മുപ്പതോളം പേർക്ക് പരിക്കേറ്റതായി ദൃക്‌സാക്ഷികൾ വ്യക്തമാക്കുന്നുണ്ട്. സൗദി സുരക്ഷാ സേന ജനങ്ങൾക്കിടയിലേക്ക് ഒരു കാരണവുമില്ലാതെ വെടിവയ്‌ക്കുകയായിരുന്നുവെന്നും ഇക്കൂട്ടർ പറയുന്നു. എന്നാൽ വെടിവയ്‌പിൽ ഏതൊക്കെ രാജ്യക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്ന കാര്യം വ്യക്തമല്ല.
















