സെല്ലുലോയ്ഡിനപ്പുറം സിനിമാനൊമ്പരങ്ങള് തീര്ത്തവരുടേയും കൂടി വര്‍ഷമാണ് കഴിഞ്ഞുപോയത്.വിധി മനപ്പൂര്‍വം ഒരുക്കിവെച്ച കെണി പോലെ ഒന്നിനു പിറകെ ഒന്നെന്ന മാതിരി സിനിമാലോകത്തെ വിവിധ മേഖലകളില്പെട്ടവരുടെ വേര്‍പാടുണ്ടായി. സിനിമയില്‍ വേദനകാട്ടി പ്രേക്ഷകരെ കരയിപ്പിച്ചവര്‍ തന്നെ സ്വന്തം മരണത്തിലൂടെ അവരെ ഞെട്ടിപ്പിക്കുക കൂടി ചെയ്തു.
സിനിമയില്‍ കാലുറപ്പിച്ചു നില്ക്കാന് തുടങ്ങുന്നതിനിടയിലാണ് സംവിധായകന് ദീപന്റെ കാല്‍ച്ചുവട്ടിലെ മണ്ണ് വിധി മരണത്തിന്റെ രൂപത്തില്‍ ഇളക്കിക്കൊണ്ടുപോയത്. ഏഴു സിനിമകള്‍ക്കു സ്വന്തം പേരെന്ന മേല്‍വിലാസം ചാര്‍ത്തിയ ദീപന് പുതിയ ചിത്രത്തിന്റെ പണിപ്പുരയിലായിരിക്കവെയാണ് റീ ടേക്കുകളില്ലാത്ത മരണത്തിലേക്കു വഴുതിയത്.
സിനിമാതൊട്ടില് ജനിച്ചുവീണെന്നു പറയാവുന്ന അടുപ്പമാണ് ദീപന് സിനിമയോടും സിനിമാക്കാരോടും ഉണ്ടായിരുന്നത്.
മലയാള സിനിമയിലെ വല്ല്യേച്ചിയായ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയുടെ മകന് അങ്ങനെ ആയിരിക്കാനേ തരമുള്ളൂ.അമ്മയുടെ സ്വപ്നംകൂടി വളമിട്ടു വളര്‍ന്നതാണ് ദീപനെന്ന സിനിമാക്കാരന്. സായി കുമാറിനെ നായകനാക്കി ചെയ്ത ദ കിംഗ് മേക്കര്‍ ലീഡര്‍ എന്നരാഷ്ട്രീയ സിനിമയായിരുന്നു ദീപന്റെ ആദ്യ സംരംഭം.രണ്ടാമത്തെ ചിത്രം പുതിയ മുഖമായിരുന്നു. ഡോള്‍ഫിന്‍ ബാര്‍ അവസാന ചിത്രവും.മിക്കവാറും ഒരേ മുഖമുള്ള മലയാള സിനിമയില്‍ പുതിയ മുഖം തുടക്കക്കാരനെന്ന നിലയില്‍ ദീപന് പുതിയ മുഖം തന്നെ നല്‍കിയിരുന്നു.പൃഥ്വിരാജ് നായകനായ സിനിമ ഹിറ്റായിരുന്നു.
ശാന്തനും പാവവുമായ ഒരു കോളേജ് വിദ്യാര്‍ഥി വിവിധ പ്രകോപനങ്ങളാല്‍ വേട്ടയാടപ്പെട്ട് പിടിച്ചു നില്‍ക്കാനായി ശത്രുക്കളുമായി ഏറ്റു മുട്ടുന്നതായിരുന്നു പ്രമേയം. ആക്ഷനു പ്രാധാന്യം നല്കിയ ചിത്രം പരക്കെ ചര്ച്ചചെയ്യുംവിധമുള്ള ചേരുവകള്‍ ഉണ്ടായിരുന്നു. പൃഥ്വി തന്നെ നായകനായ ഹീറോ ഉള്‍പ്പടെ ഏഴു സിനിമകള്‍. ജയറാമിനെ നായകനാക്കി സത്യ എന്ന സിനിമയ്ക്കുള്ള ഒരുക്കത്തിലായിരുന്നു.
ഷാജി കൈലാസിന്റെ സഹായിയായാണ് ദീപന് സിനിമയില്‍ സജീവമാകുന്നത്. ഷാജിയുടെ ആറാം തമ്പുരാന്,എഫ്.ഐ.ആര്,വല്യേട്ടന്,നരസിംഹം തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ചു. ഷാജിച്ചിത്രങ്ങളിലെ ആക്ഷനുകളുടെ ചടുലതയും ത്രില്ലും ദീപന് ചിത്രങ്ങള്‍ക്കുമുണ്ടായിരുന്നു. മരണശേഷവും ഓര്‍മകളെ സജീവമാക്കി തങ്ങളുടെ സിനിമകള്‍ ഉണ്ടാവും എന്നത് സിനിമാക്കാര്ക്കുമാത്രം കിട്ടുന്ന ഭാഗ്യമാണ്. ഇനി ദീപനു പകരം നമുക്കൊപ്പം ഉണ്ടാകുന്നത് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: